നമസ്കാര വിധി

sankar-edakkurussi
ഹൈന്ദവാചാരപരമായി നമസ്കാരങ്ങൾ നാല് വിധമുണ്ട്.സൂര്യനമസ്കാരം,സാഷ്ടാംഗ നമസ്കാരം,ദണ്ഡ നമസ്കാരം,പാദ നമസ്കാരം എന്നിങ്ങനെ.
സൂര്യനമസ്കാരം

*സൂര്യനമസ്കാരം *
ഒരു പൂജാംഗമെന്ന നിലയിലും കർമ്മകാണ്ഡമെന്ന നിലയിലും, യോഗാഭ്യാസത്തിലെ ഒരു ഭാഗമെന്ന നിലയിലും അനുഷ്ഠിക്കാറുണ്ട്.

സാഷ്ടാംഗ നമസ്കാരം
സാഷ്ടാംഗ നമസ്കാരം എന്നത് നമ്മുടെ ശരീരത്തിന്റെ എട്ടംഗങ്ങൾ നിലത്ത് സ്പർശിച്ചുകൊണ്ട്(നെറ്റി,മൂക്ക്,നെഞ്ച്,വയറ്,ലിംഗം,കാൽമുട്ട്,കൈപ്പത്തി,കാൽവിരൽ) ചെയ്യുന്ന നമസ്കാരമാകുന്നു.

ദണ്ഡ നമസ്കാരം
ദണ്ഡ നമസ്കാരം കൈ ശിരസിനുമുകളിൽ കൂപ്പിക്കൊണ്ട് ദണ്ഡകൃതിയിൽ(വടി പോലെ) കിടക്കുന്നതാകുന്നു.

പാദ നമസ്കാരം
ക്ഷേത്രദർശന സമയത്തോ പൂജാവേളകളിലോ മുട്ടുകുത്തി (വജ്രാസനം) ഇരുന്നുകൊണ്ട് നെറ്റി തറയിൽ മുട്ടിച്ച് തൊഴുന്നതാണ് പാദനമസ്കാരം.

ആശ്രയം, ശരണം, രക്ഷ, അഭയം, ത്രാഹി എന്നീ പദങ്ങളാണ് നമസ്കാരത്തിനൊപ്പം ഉപയോഗിക്കുക. പൂർണ്ണ സമർപ്പണമാണ് നമസ്കാരം എന്നാണ് വിശ്വാസം.

ഹൈന്ദവവിശ്വാസപ്രകാരം സ്ത്രീകൾക്ക് സാഷ്ടാംഗമോ, ദണ്ഡമോ, സൂര്യമോ ചെയ്യാൻ പാടുള്ളതല്ല. ഇതിനുള്ള കാരണം സ്ത്രീയുടെ ശരീരഘടന സാഷ്ടാംഗനമസ്കാരത്തെ അനുവദിക്കുന്നില്ല. (ലിംഗഭാഗം ഇല്ലാത്തതിനാൽ ഏഴു അംഗങ്ങളേ തറയിൽ സ്പർശിക്കൂ. മാത്രമല്ല, സ്തനങ്ങൾ ഭൂമിയിൽ അമരാനും പാടുള്ളതല്ല.) സാഷ്ടാംഗം പാടില്ലെങ്കിൽ ദണ്ഡവും അനുവദനീയമല്ല. വൈദികാചാരമാകയാൽ സൂര്യ നമസ്കാവും പാടില്ല. പാദ നമസ്കാരം മാത്രമേ സ്ത്രീകൾ ആചരിക്കാവു.


കുനിഞ്ഞ് നമസ്കരിക്കുമ്പോൾ വാസ്തവത്തിൽ പിന്നാമ്പുറമാണ് പുറമേ കാട്ടുന്നത്. മുമ്പോട്ട്കുനിയുന്നത് ഭാരം വർദ്ധിക്കുമ്പോഴാകുന്നു. അഹന്തയുടെ ഭാരം വർദ്ധിച്ച നാം ആ ഭാരത്താൽ തല ഉയർത്തിപ്പിടിച്ചിരിക്കുന്നത്കൊണ്ട് ഒരിക്കൽ ഒടിഞ്ഞുവീഴാനിടയാകും. എന്നാൽ കുനിഞ്ഞുനിൽക്കുന്ന ഒന്ന് ഭാരത്തെ അതിജീവിക്കുന്നു. അഹങ്കാരത്താൽ നേടുന്ന ഉയർച്ചയും ഇതുതന്നെ. താഴ്മ ഉണ്ടാകുന്നത് നാം എന്തെങ്കിലും സമർപ്പിക്കുമ്പോഴാണ്. സമർപ്പണത്താൽ നാം ഭാരത്തിൽ നിന്നും മുക്തമാകും.

ഇന്ദ്രിയങ്ങൾ നിറഞ്ഞ മുൻ വശം അഹന്തതയുടെ സ്ഥാനമാണ്. ഇതിനെ താഴേക്ക് കൊണ്ടുവരുമ്പോൾ,അതായത് മുന്നോട്ട് കുനിയുമ്പോൾ നാം അസത്യത്തിൽ നിന്നും പിൻ വാങ്ങുകയാണ് എന്നതിനെ സൂചിപ്പിക്കുന്നു. കൂടാതെ, ശിരസ്സ് ആകാശതത്വത്തിലും പാദം ഭൂമിയിലും ആകയാൽ ശിരസ്സ് ഭൂമിയെ സ്പർശിക്കവെ ആകാശവും ഭൂമിയും തമ്മിലുള്ള അകലം ശൂന്യമായി ഭവിക്കയാൽ ശിരസ്സിനുള്ളിലെ മനോബുദ്ധികളിൽ രജോഗുണ തമോഗുണ വൃത്തികളും ശൂന്യമാകുന്നു. അതായത് ഭൂമിയുടെ ആകർഷണബലത്താൽ ദുഷ്ടഗുണങ്ങൾ താഴെക്ക് ഒഴുകിപ്പോയി സാത്വികഗുണങ്ങൾ ലഭിക്കും എന്നാണു സങ്കൽപ്പം.

സ്ത്രീകൾ സാഷ്ടാംഗനമസ്കാരം ചെയ്യരുതെന്നാണു ശാസ്ത്രവിധി. പുരുഷന്മാർ പോലും ശരിയായ വിധത്തിലല്ല സാഷ്ടാംഗ നമസ്കാരം ചെയ്യുന്നതെന്നു ശ്രദ്ധിച്ചാൽ മനസ്സിലാകും. എങ്ങനെയാണു സാഷ്ടാംഗം നമസ്കരിക്കേണ്ടത്?

ഉരസാ ശിരസാ വാചാ
മനസാഞ്ജലിനാ ദൃശാ
ജാനുഭ്യാം ചൈവ പാദാഭ്യാം
പ്രണാമോ അഷ്ടാംഗ ഈരിതഃ

എന്നാണു പ്രമാണശ്ലോകം

മാറിടം, നെറ്റി, വാക്ക്, മനസ്സ്, കൂപ്പിയ കൈ, കണ്ണ്, കാൽമുട്ടുകൾ, കാലടികൾ ഇവയാണു സാഷ്ടാംഗ നമസ്കാരത്തിന് ഉപയോഗിക്കുന്ന എട്ട് അംഗങ്ങൾ. നമസ്കരിച്ചു കിടക്കുമ്പോൾ രണ്ടു കാലിന്റെയും പെരുവിരലുകൾ രണ്ടു കാൽമുട്ടുകൾ, മാറ്, നെറ്റി എന്നീ നാലു സ്ഥലങ്ങൾ മാത്രമേ നിലത്തു മുട്ടാവൂ. കൈകൾ നിലത്തു കുത്താതെ ഈ വിധം നമസ്കരിക്കാൻ കഴിയില്ലെങ്കിലും അങ്ങനെ കമിഴ്ന്നു കിടന്നുകൊണ്ട് കൈകളെടുത്തു തലയ്ക്കു മീതെ നീട്ടി തൊടുമ്പോഴാണു നമസ്കാരമാകുന്നത്. അങ്ങനെ നിലത്തു മുട്ടിയിരിക്കുന്ന നാലവയവങ്ങളും അഞ്ജലിയും കൂടി ചേർത്ത് അഞ്ചംഗങ്ങൾ. ശേഷം വരുന്ന മൂന്ന് അംഗങ്ങൾ വാക്കും കണ്ണും മനസ്സുമാകുന്നു. അതിൽ വാക്കു കൊണ്ടു മന്ത്രം ചൊല്ലുകയും കണ്ണു കൊണ്ടു ദേവനെ നോക്കുകയും മനസ്സു കൊണ്ടു ധ്യാനിക്കുകയും വേണം.

ഇത്തരത്തിൽ കമിഴ്ന്നു കിടന്നു ചെയ്യുന്നതു കൊണ്ടു മാറിടത്തിന്റെ അസ്വാധീനം കാരണം സ്ത്രീകൾക്കു ബുദ്ധിമുട്ട് ഉണ്ടാകും എന്നതിനാലാണു സ്ത്രീകൾ സാഷ്ടാംഗനമസ്കാരം ചെയ്യരുതെന്നു വിധിച്ചിട്ടുള്ളതെന്നായിരുന്നു കരുതിവന്നിരുന്നത്. എന്നാൽ ആധുനിക വൈദ്യശാസ്ത്രം ഈ നിർദേശത്തെ തള്ളിക്കളയുന്നില്ല. ഗർഭപാത്രത്തിനു സാഷ്ടാംഗ നമസ്കാരം ഗുണകരമല്ലെന്നാണ് അവരുടെ വാദം. ഗർഭപാത്രത്തിനു സ്ഥാനഭ്രംശം സംഭവിക്കുന്നതു മൂലം അതു കീഴ്പ്പോട്ട് തള്ളിവരുന്ന അപകടകരമായ അവസ്ഥ പല സ്ത്രീകളിലും കണ്ടുവരുന്നതായി റപ്പോർട്ടുണ്ട്. എന്നാൽ സ്ത്രീകൾക്കു കുനിഞ്ഞിരുന്നു നമസ്കരിക്കാവുന്നതാണെന്നാണ് ആയുർവേദം വിധിച്ചിട്ടുള്ളത്. ഇതു ഗർഭപാത്ര സുസ്ഥിരതയ്ക്കും ആരോഗ്യത്തിനും ഗുണകരമാകുകയും ചെയ്യും.

No comments:

Post a Comment

എഴുതുക എനിക്കായി....