ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് ഇന്ന് 15 തികയുന്നു.

മൈക്രോസോഫ്ടിന്റെ വെബ്ബ് ബ്രൗസറായ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് ഇന്ന് 15 തികയുന്നു. ജനപ്രീതി കുറഞ്ഞെങ്കിലും, ചില പതിപ്പുകള്‍ സുരക്ഷയുടെയും മറ്റും പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നെങ്കിലും, ഇന്നും ഏറ്റവുമധികം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ബ്രൗസര്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ തന്നെയാണ്.

1995 ആഗസ്ത് 16 നാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 1 രംഗത്തെത്തിയത്. സ്‌പൈഗ്ലാസ് ഇന്‍കോര്‍പ്പറേറ്റഡ് എന്ന കമ്പനിയില്‍ നിന്ന് മൈക്രോസോഫ്ട് സ്വന്തമാക്കിയ 'മൊസൈക്' (Mosaic) എന്ന ബ്രൗസര്‍ അടിസ്ഥാനമാക്കിയാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് മൈക്രോസോഫ്ട് രൂപംനല്‍കിയത്.

മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം കൂട്ടിക്കെട്ടിയതോടെ, ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പ്രചാരം ലോകമെങ്ങും വര്‍ധിച്ചു. അന്ന് പ്രബലമായി രംഗത്തുണ്ടായിരുന്ന 'നെറ്റ്‌സ്‌കേപ്പ് നാവിഗേറ്റര്‍' അസ്തമിക്കാന്‍ തുടങ്ങുന്നത് അതോടെയാണ്.

ഒരവസരത്തില്‍ നെറ്റില്‍ കുത്തക തന്നെ ആയിരുന്ന ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് തിരിച്ചടി നേരിടാനാരംഭിക്കുന്നത് 2004 ല്‍ ഓപ്പണ്‍സോഴ്‌സ് ബ്രൗസറായ ഫയര്‍ഫോക്‌സ് രംഗത്തെത്തിയപ്പോഴാണ്. മാത്രമല്ല, പുതിയ കാലത്തിന്റെ ചുവരെഴുത്തു വായിക്കാനോ സ്വന്തം ബ്രൗസറിനെ അതിനനുസരിച്ച് പരിഷ്‌ക്കരിക്കാനോ മൈക്രോസോഫ്ട് ഇടയ്ക്ക് കുറച്ചുകാലം അത്ര കാര്യമായി ശ്രമിച്ചുമില്ല. അതും തിരിച്ചടിക്ക് കാരണമായി.

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 6 ആയപ്പോഴേക്കും, അതിലെ സുരക്ഷാപിഴവുകള്‍ മൈക്രോസോഫ്ടിന് വന്‍ തലവേദനയായി. ആ പതിപ്പ് കാര്യമായി പരിഷ്‌ക്കരിക്കുകയും പോരായ്മകള്‍ പരിഹരിക്കുകയും ചെയ്താണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 7 രംഗത്തെത്തിയത്.

'നെറ്റ് ആപ്ലിക്കേഷന്‍സി'ന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ബ്രൗസര്‍ മാര്‍ക്കറ്റില്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പങ്ക് (എക്‌സ്‌പ്ലോററിന്റെ എല്ലാ പതിപ്പുകളും കൂടി) 60.74 ശതമാനമാണ്, ഫയര്‍ഫോക്‌സിന്റേത് 23.75 ശതമാനവും. ക്രോം, സഫാരി, ഒപ്പെര തുടങ്ങിയ ബ്രൗസറുകളുടെ വിപണിവിഹിതം ഇതിന് പിന്നിലേ വരൂ. ചെറിയ തോതില്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ വിപണി വിഹിതം കഴിഞ്ഞ മാസങ്ങളില്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ചരിത്രത്തില്‍ പുതിയ അധ്യായം രചിക്കാനൊരുങ്ങുകയാണ് മൈക്രോസോഫ്ട് ഇപ്പോള്‍ - ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 9 പുറത്തിറക്കുക വഴി. ആ പതിപ്പിന്റെ ആദ്യ പബ്ലിക് ബീറ്റ വകഭേദം സപ്തംബര്‍ 15 ന് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ചടങ്ങില്‍ പുറത്തിറക്കും.

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 9 നേരിടാന്‍ പോകുന്ന ഒരു വെല്ലുവിളി, അത് വിന്‍ഡോസ് എക്‌സ് പിയില്‍ പ്രവര്‍ത്തിക്കില്ല എന്നതാണ്. വിന്‍ഡോസ് കമ്പ്യൂട്ടറുകളില്‍ 68 ശതമാനവും ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് എക്‌സ് പിയിലാണ് എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

No comments:

Post a Comment

എഴുതുക എനിക്കായി....