ത്രിമധുരം,തീർത്ഥജലം,കലശം,അഷ്ടബന്ധം

sankar-edakkurussi
ത്രിമധുരം

ക്ഷേത്രങ്ങളിൽ ദേവന്‌ നിവേദ്യമായി അർപ്പിക്കുന്ന ഒന്നാണ് ത്രിമധുരം. മൂന്ന് മധുര വസ്തുക്കൾ ചേർത്തുണ്ടാക്കുന്ന നൈവേദ്യമാണ് ഈ പേരിൽ അറിയപ്പെടുന്നത്. നെയ്യ്, പഞ്ചസാര, തേൻ എന്നിവ ചേർത്തും പഴം, കല്ക്കണ്ടം, തേൻ എന്നിവ ചേർത്തും ത്രിമധുരം ഉണ്ടാക്കാറുണ്ട്. കദളിപ്പഴമാണ് സാധാരണയായി ഉപയോഗിക്കുന്നത്. കദളിപ്പഴത്തിനു പകരം മറ്റു പഴങ്ങളും ഇന്ന് ഉപയോഗിക്കാറുണ്ട്. ശ്രീകൃഷ്ണക്ഷേത്രങ്ങളിലെ പ്രധാന നിവേദ്യങ്ങളിലൊന്നാണ് ത്രിമധുരം. ദുർഗാപൂജാവേളയിലും ത്രിമധുരം നിവേദിക്കാറുണ്ട്. ത്രിപുരഭൈരവി ഹോമങ്ങളിൽ നേദിക്കന്നതിനുമാണ് ഉപയോഗിക്കുന്നത്. പഞ്ചസാരയ്ക്കു പകരം ശർക്കര ചേർത്തും ത്രിമധുരം തയ്യാറാക്കിവരുന്നു. അർത്ഥശാസ്ത്രം (കൗടില്യൻ), തന്ത്രസമുച്ചയം എന്നിവയിൽ ത്രിമധുരത്തെക്കുറിച്ച് പരാമർശങ്ങളുണ്ട്.

തീർത്ഥജലം

ശുദ്ധമായതും ശുദ്ധീകരിക്കുവാൻ കഴിവുള്ളതുമായ ജലം എന്ന മാനം കല്പിച്ച് പൂജാസ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും നൽകാറുള്ള ജലമാണ് തീർത്ഥജലം. ഈശ്വരന്റെ സൃഷ്ടിയുടെ ഏറ്റവും അടുത്ത് ബന്ധപ്പെട്ടുനിൽക്കുന്നതാണ് ജലം. ദിവ്യമായ തീർത്ഥജലം തളിക്കൽ ശിരസ്സും ദേഹവും ഏറ്റുവാങ്ങുകയും കയ്യിൽ ആദരവോടെ സ്വീകരിച്ച് കുടിക്കുകയും ചെയ്യുന്നത് പുണ്യകർമ്മമായി ക്ഷേത്ര വിശ്വാസികൾ കരുതുന്നു. തീർത്ഥജലം കുടിക്കുമ്പോൾ അവനവനിലെ പരമാത്മ ചൈതന്യം ഉണരുമ്പോൾ ഉണ്ടാകുന്ന അനുഭൂദി ഭക്തന് അനുഭവപ്പെടുമെന്നാണ് ക്ഷേത്രസങ്കൽപ്പം. തീർത്ഥജലത്തിന് ഋഷിമാർ പറയുന്ന പേര് ആപസ്തത്വം എന്നാണ്. അഗ്നിഹോത്രം നിത്യം നടത്തുന്ന-ധ്യാനവും മനനവും നിദിധ്യാസനവും പരിശീലിക്കുന്ന ബ്രാഹ്മണന് മാത്രമേ ആപസ്തത്വം സൃഷ്ടിക്കാൻ അർഹതയുള്ളു എന്ന് യജുർവേദം പറയുന്നു.’ആപോഹിഷ്ടാദി’ എന്ന ഋക് ഉപദേശരൂപത്തിൽ സ്വീകരിച്ച ബ്രാഹ്മണൻ ജലത്തെ അനുഷ്ടാനപൂർവ്വം ജപിച്ച് തീർത്ഥമാക്കിയതിനു ശേഷം ഭക്തന് നൽകണം.എങ്കിൽ ഭക്തൻ തന്റെ മനോമാലിന്യങ്ങളെ അകറ്റാൻ ശക്തിനേടി ക്രമേണ ബ്രഹ്മജ്ഞാനധികാരിയായി തീരുകയും ചെയ്യുമെന്നാണ് തീർത്ഥജലതത്വം.

കലശം

ക്ഷേത്രത്തിലെ ബിംബത്തിൽ ദേവ/ദേവീസാന്നിധ്യം ഉണ്ടാക്കുന്നതിനും, ക്ഷേത്രത്തിനും ബിംബത്തിനും വന്നുചേരാവുന്ന അശുദ്ധികൾ ഇല്ലായ്മ ചെയ്തു ചൈതന്യം വർധിപ്പിക്കുന്നതിനും വേണ്ടി നടത്തുന്ന കർമം. കുടങ്ങളിൽ സംഭരിച്ച ജലത്തെ മന്ത്രപൂർവകമായ കർമങ്ങളോടെ ബിംബത്തിൽ അഭിഷേകം ചെയ്യുന്നു. ഇതിനെയാണ് കലശം എന്ന് പറയുന്നത്.

അഷ്ടബന്ധം

ക്ഷേത്രങ്ങളിലെ വിഗ്രഹവും പീഠവും ഉറപ്പിക്കുന്നതിനു ഉപയോഗിക്കുന്ന അതിശക്തമായ ഒരുതരം പശയാണ് അഷ്ടബന്ധം. വളരെ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ അഷ്ടബന്ധം കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉപയോഗിച്ചിരുന്നു. അഷ്ടബന്ധം നിർമിക്കുവാൻ പ്രത്യേക വൈധക്ത്യം നേടിയവരാണ് നേതൃത്വം നൽകി വരുന്നത് . ഓരോ പന്ത്രണ്ടു വർഷം കഴിയുമ്പോഴും പുതിയ അഷ്ടബന്ധം ഉപയോഗിച്ച് വിഗ്രഹങ്ങൾ വീണ്ടും ക്ഷേത്രങ്ങളിൽ ഉറപ്പിക്കാറുണ്ട് . അഷ്ടബന്ധം എന്നത് ഒരു സംസ്കൃത പദമാകുന്നു. അഷ്ടം എന്ന വാക്കിന്റെ അർത്ഥം എട്ട് എന്നും , ബന്ധം എന്ന വാക്കിന് ബന്ധിപ്പിക്കുക അർത്ഥവും ചേരുമ്പോൾ അഷ്ടബന്ധം എന്നാൽ എട്ടു വസ്തുകൾ ചേർത്ത് ബന്ധിപ്പിക്കുന്നത് എന്ന അർഥം വരുന്നു. വ്രതാനുഷ്ഠാനങ്ങളോടെ നിലവിളക്കിനു മുന്നിൽ വച്ചാണ് കൂട്ടുതയ്യാറാക്കുന്നത്. അഷ്ടബന്ധം നിർമിക്കുവാൻ നാല്പത്തൊന്നു ദിവസത്തെ നിർമാണ പ്രവർത്തന രീതിയാണ്‌ ഉള്ളത്. ഏഴു അസംസ്കൃത വസ്തുക്കളായ ശംഖ്, ചെഞ്ചല്യം, കോലരക്ക്, കടുക്ക, നെല്ലിയ്ക്ക, മണൽ(ഭാരത പുഴയിൽ നിന്നും ശേഖരിച്ചത് ), കോഴിപ്പരൽ തുടങ്ങിയവ ചേർത്ത് മിശ്രിതം നിർമിക്കുന്നു. മിശ്രിതം നിർമിക്കുവാൻ നാലോ അഞ്ചോ പേരുടെ മനുഷ്യപ്രയത്നം ആവശ്യമായി വരുന്നു. മരം കൊണ്ട് നിർമിച്ച ചുറ്റിക കൊണ്ട് നന്നായി ഇടിച്ചു പൌഡർ രീതിയിലുള്ള ഒരു മിശ്രിതം ലഭിക്കുന്നു. ചുറ്റികക്ക് ഏകദേശം 8 -10 കിലോഗ്രാം ഭാരം ഉണ്ടാകും . ഇങ്ങനെ ലഭിച്ച പൌഡർ രീതിയിലുള്ള മിശ്രിതത്തിൽ അല്പം ഓയിൽ ചേർക്കുമ്പോൾ കുഴമ്പ് രൂപത്തിലുള്ള ഒരു മിശ്രിതം ലഭിക്കുകയും അതിൽ 41മത്തെ ദിവസം പഞ്ഞി കൂടി ചേരുമ്പോൾ അഷ്ടബന്ധം തയ്യാറാകുന്നു.

No comments:

Post a Comment

എഴുതുക എനിക്കായി....