അശാസ്ത്രീയമായി മരുന്ന് സൂക്ഷിക്കുമ്പോള്‍

രോഗത്തിന്മരുന്നുകഴിച്ചതുകൊണ്ടുമാത്രമായില്ല; കഴിക്കുന്ന രീതിയും മറ്റുനിര്‍ദേശങ്ങള്‍ പാലിക്കലും ഫലപ്രാപ്തിയെ സ്വാധീനിക്കും. മരുന്നുകളിലടങ്ങിയിരിക്കുന്നത് രാസപദാര്‍ഥങ്ങളും സംയുക്തങ്ങളുമാണ്. അവ ചൂട്, ഈര്‍പ്പം, സൂര്യപ്രകാശം, പൊടി തുടങ്ങി നിരവധി ബാഹ്യശക്തികളുമായി പ്രതിപ്രവര്‍ത്തിക്കും. ഇത് അവയുടെ ഗുണനിലവാരം കുറയാന്‍ മാത്രമല്ല, ചില സന്ദര്‍ഭങ്ങളില്‍ പ്രതികൂലഫലം ഉണ്ടാകാനും കാരണമാകും. ഉദാഹരണത്തിന് വിഷാദരോഗികള്‍ക്ക് നല്‍കുന്ന ലെക്‌സാപ്രോ നിര്‍ദേശിക്കപ്പെട്ട രീതിയില്‍ സൂക്ഷിച്ചല്ല രോഗിക്ക് നല്‍കുന്നെങ്കില്‍ ഉദ്ദേശിച്ച ഗുണം ചെയ്യില്ല. മാത്രമല്ല, മറ്റു മരുന്നുകള്‍ കഴിക്കാന്‍ മടികാണിക്കുന്ന അവസ്ഥവരെ രോഗിക്ക് ഉണ്ടായേക്കാം. ഇതേത്തുടര്‍ന്ന് രോഗം വഷളാവുകയും ആത്മഹത്യാ പ്രവണതയിലേക്ക് നയിക്കുകയും ചെയേ്തക്കാം.
പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്

പുതുച്ചേരിയിലെ ജിപ്‌മെറി (Jwaharlal Institute of Postgraduate Medical Education and Research)ല്‍ നടത്തിയ ഒരു പഠനത്തില്‍ സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിച്ച ഇന്‍സുലിന്‍ ഉപയോഗിച്ച രോഗികള്‍ക്ക് പ്രമേഹനിയന്ത്രണം ഫലവത്തായില്ലെന്ന തെളിഞ്ഞു. അതുപോലെ ഡല്‍ഹി ഫാര്‍മസ്യൂട്ടിക്കല്‍ ട്രസ്റ്റ് നടത്തിയ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പഠനത്തില്‍ ഇന്ത്യയില്‍ മരുന്നുകളുടെ പ്രയോഗക്ഷമത, സൂക്ഷിക്കുന്ന രീതിയുടെ അപര്യാപ്തത കൊണ്ടുമാത്രം നാലുശതമാനം കുറവാണെന്ന് കണ്ടെത്തി. മരുന്നു സൂക്ഷിക്കുന്ന കാര്യത്തില്‍ കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങളുണ്ടാകണമെന്ന് സയന്റിഫിക് കമ്മിറ്റിയുടെ ശുപാര്‍ശ വന്നത് ഈ സാഹചര്യത്തിലാണ്.

മിക്ക മരുന്നുകളും സൂക്ഷിക്കേണ്ട താപനില 25 ഡിഗ്രി സെല്‍ഷ്യസ്സോ അതിനു താഴെയോ ആണെന്നും എന്നാല്‍ ഇവ സൂക്ഷിക്കുന്ന സ്ഥലങ്ങളില്‍ ഇതിനുള്ള സംവിധാനമില്ലാത്തത് മരുന്നുകളുടെ ഗുണനിലവാരത്തെ ബാധിക്കുന്നുണ്ടെന്നും ബ്രിട്ടനില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. സെഫലക്‌സിന്‍, ആമ്പിസില്ലിന്‍, എറിത്രോമൈസിന്‍ തുടങ്ങിയ മരുന്നുകളുടെ ക്ഷമത ചൂടുകൂടുമ്പോള്‍ കുറയും. ഉയര്‍ന്ന താപനിലയില്‍ സൂക്ഷിച്ചാല്‍ ആസ്​പിരിന്റ രാസഘടനയില്‍ മാറ്റം വരുമെന്നതും തെളിയിക്കപ്പെട്ട വസ്തുതയാണ്.

പാലിക്കപ്പെടാത്ത നിര്‍ദേശങ്ങള്‍

മരുന്നുസൂക്ഷിക്കുന്നത് സംബന്ധിച്ച് വില്പനക്കാര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്ന് 2007ല്‍ സെന്‍ട്രല്‍ ഡ്രഗ് റഗുലേറ്റര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 2004 ജൂണില്‍ കേരള ഹൈക്കോടതിയും സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ക്ക് ഇക്കാര്യത്തില്‍ ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. മൊത്ത-ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍ മരുന്നുസൂക്ഷിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് നടപ്പാക്കണമെന്നായിരുന്നു ജസ്റ്റിസ് രാമചന്ദ്രന്‍ നായരുടെ നിര്‍ദേശം. കട്ടിയുള്ള മര അലമാരയില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കാതെയുള്ള സംവിധാനമാണ് മരുന്നുകടകളില്‍ വേണ്ടതെന്ന് കേസില്‍ അസിസ്റ്റന്റ് ഡ്രഗ് കണ്‍ട്രോളര്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

അശ്രദ്ധയും അറിവില്ലായ്മയും

മരുന്നു വില്പനശാലകളിലും വീടുകളിലും നമ്മള്‍ മരുന്നുകള്‍ സൂക്ഷിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്. കൂള്‍, കോള്‍ഡ് തുടങ്ങി മരുന്നിന്റെ കവറില്‍ എഴുതിയത് എത്ര താപനില ഉദ്ദേശിച്ചാണെന്ന് സാധാരണക്കാര്‍ക്ക് അറിയില്ല. എട്ടു ഡിഗ്രി സെല്‍ഷ്യസില്‍ അധികരിക്കാത്ത താപനിലയാണ് കോള്‍ഡ് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇന്ത്യന്‍ ഫാര്‍മകോപ്പിയ വിശദീകരിക്കുന്നു. രണ്ടു ഡിഗ്രി മുതല്‍ എട്ടുവരെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഭൂരിപക്ഷം മരുന്നുകളിലും കാണുന്ന കൂള്‍ എന്ന വാക്ക് ഉദ്ദേശിക്കുന്നതാകട്ടെ എട്ടുമുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയും. വാം 30 മുതല്‍ 40 വരെയുള്ള താപനിലയാണ്. 40ന് മുകളിലുള്ളത് അമിതഊഷ്മാവായി കണക്കാക്കുന്നു.

എന്നാല്‍, അന്തരീക്ഷ താപനില വേനലില്‍ ശരാശരി 35 ഡിഗ്രി സെല്‍ഷ്യസോ അതിനുമുകളിലോ വരുന്ന കേരളത്തില്‍ മരുന്നുകള്‍ക്ക് ഉദ്ദേശിച്ച ഗുണം ലഭിക്കുന്നുണ്ടോ എന്ന് ഗൗരവമായ പഠനം നടത്തേണ്ട വിഷയമാണ്. ചില്ല് അലമാരകളില്‍ മിക്കപ്പോഴും നേരിട്ട് സൂര്യപ്രകാശം പതിക്കത്തക്കരീതിയിലാണ് രാജ്യത്തെ മിക്ക ഫാര്‍മസികളുടെയും അവസ്ഥ. ഒന്നോ രണ്ടോ റഫ്രിജറേറ്ററുകളില്‍ കോള്‍ഡ് ഇനത്തില്‍പെട്ട മരുന്ന് സൂക്ഷിക്കുന്നതൊഴിച്ചാല്‍ മറ്റെല്ലാം അനുവദനീയമായതിലും ഉയര്‍ന്ന താപനിലയിലാണ് സൂക്ഷിക്കുന്നത്.

വീടുകളിലും സ്ഥിതി വ്യത്യസ്തമല്ല. മിക്കയാളുകളും വീട്ടില്‍ ഫ്രിഡ്ജിനുമുകളില്‍ സ്റ്റെബിലൈസറിനടുത്ത് മരുന്ന് വെക്കുന്നതായി കാണാറുണ്ട്. സ്റ്റെബിലൈസര്‍ പുറത്തുവിടുന്ന ചൂടില്‍ മരുന്നിന്റെ ഗുണനിലവാരം കുറയുമെന്ന് ആരും ഓര്‍ക്കാറില്ല. മറ്റൊന്ന് ഒരിക്കല്‍ അടപ്പ് തുറന്ന സിറപ്പുകളും മറ്റും ഏറെക്കാലം കഴിഞ്ഞ്, കൂടിയതും കുറഞ്ഞതുമായ താപനിലയില്‍ സൂക്ഷിച്ചതിനുശേഷം ഉപയോഗിക്കുന്ന ശീലവും സാധാരണയായി കണ്ടുവരുന്നുണ്ട്. മരുന്നുകൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടില്ലെന്നതാണ് ഇതിന്റെ അനന്തരഫലം.

ഫാക്ടറികളില്‍ നിന്ന് മൊത്തവ്യാപാരശാലകളിലേക്കും അവിടെനിന്ന് ചില്ലറ വില്പനശാലകളിലേക്കും മരുന്ന് കൊണ്ടുവരുന്നതും അശാസ്ത്രീയമാണ്. ഉയര്‍ന്ന താപനിലയില്‍ സാധാരണചരക്ക് കൊണ്ടുവരുന്ന അതേരീതിയിലാണ് ഫാക്ടറികളില്‍ നിന്ന് ലോറികളില്‍ ഇവ കിലോമീറ്ററുകള്‍ക്കിപ്പുറത്തുള്ള മൊത്തവ്യാപാരശാലകളിലെത്തിക്കുന്നത്. അവിടെ നിന്ന് ബസ്സിന്റെ പുറത്ത് വെയിലേല്‍ക്കുന്നവിധം മണിക്കൂറുകള്‍ സഞ്ചരിച്ചാണ് ഗ്രാമങ്ങളിലെ മരുന്നുകടകളില്‍ ഇവയെത്തുന്നത്. എന്നാല്‍, രോഗിയുടെ കൈയിലെത്തുന്ന മരുന്നിന് ഉദ്ദേശിച്ച ഗുണനിലവാരമുണ്ടോ എന്ന് പരിശോധിക്കാനുള്ള മികവുറ്റ സംവിധാനം നിലവില്‍ ഇല്ലെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.

No comments:

Post a Comment

എഴുതുക എനിക്കായി....