COMPUTER NEW UPDATES(sankar)


ക്ലൗഡ് കംപ്യൂട്ടിംഗ്: പൊതു ഇടങ്ങളെ പേടിക്കണോ ?



വ്യക്തിപരമായ വിവരങ്ങള്‍ പോലും സൈബര്‍സ്‌പേസിലെ പൊതു ഇടത്തിലേക്ക് പറിച്ചു നട്ട് ക്ലൗഡ് കംപ്യൂട്ടിംഗ് സംസ്‌കാരത്തിന് അടിത്തറയിട്ടത് സൗഹൃദക്കൂട്ടായ്മാ സൈറ്റുകളും (സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളും) ഗൂഗിള്‍ സൗജന്യസേവനങ്ങളുമൊക്കെയാണ്. പിന്നീട് സ്വകാര്യമേഖലയിലും ഭരണ നിര്‍വ്വഹണ രംഗത്തു പോലും ലോകവ്യാപകമായി ക്ലൗഡ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ വിവരസാങ്കേതികമേഖല വന്‍ വിപ്ലവത്തിന് വേദിയായി.

എന്നാല്‍ ചൈനയില്‍ നിന്നുണ്ടായ കേന്ദ്രീകൃത സൈബര്‍ ആക്രമണങ്ങളോടെ ഗൂഗിള്‍ ചൈനവിട്ടതും രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍ വളര്‍ന്നു വരുന്ന സൈബര്‍ ആക്രമണങ്ങളും ക്ലൗഡ് കംപ്യൂട്ടിംഗില്‍ സുരക്ഷയെക്കുറിച്ചുള്ള വിവാദത്തിന് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്. ചൈന ഭീഷണിയുടെ വെളിച്ചത്തില്‍ ക്ലൗഡ് കംപ്യൂട്ടിംഗ് നേരിടുന്ന വെല്ലുവിളിയെക്കുറിച്ച് ഗൂഗിളിന്റെ ചീഫ് ലീഗല്‍ ഓഫീസര്‍ ഡേവിഡ് ഡ്രമ്മണ്ട് തന്റെ ബ്ലോഗില്‍ ആശങ്കകള്‍ പങ്കുവെച്ചു. പല സന്ദര്‍ഭങ്ങളിലായി സിസ്‌കോ പോലുള്ള കംപ്യൂട്ടര്‍ സാങ്കേതിക രംഗത്തെ വന്‍ കമ്പനികള്‍ വരെ ഇതിനെതിരെ രംഗത്തുവന്നിരുന്നു.

സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രോഗ്രാമുകളും വിവരങ്ങള്‍ സൂക്ഷിക്കാന്‍ ഹാര്‍ഡ് ഡിസ്‌കുകളുമുള്ള കംപ്യൂട്ടര്‍ എന്ന പഴയ സങ്കല്‍പ്പത്തിനു പകരം റേഡിയോയും ടെലിവിഷനും പോലെ മറ്റൊരു കേന്ദ്രം നല്‍കുന്ന സേവനങ്ങള്‍ സ്വീകരിക്കാനുള്ള ഒരു ഉപകരണം മാത്രമായി കമ്പ്യൂട്ടറുകളെ കണക്കാക്കപ്പെടുന്ന സംവിധാനമെന്നാണ് ക്ലൗഡ് കംപ്യൂട്ടിഗിനെ വിശേഷിപ്പിക്കുന്നത്. ഹാര്‍ഡ്‌വേറിനുള്ള പ്രാധാന്യം നഷ്ടപ്പെടുകയും പകരം സോഫ്റ്റ്‌വേറിന് മുഖ്യ പ്രാധാന്യം കൈവരുകയും ചെയ്യുന്ന പുത്തന്‍ വിപ്ലവമെന്നാണ് ഇതിനെ ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ സാമ്പത്തിക വിദഗ്ദ്ധനായ ഡേല്‍ ജോഗെന്‍സണ്‍ നിര്‍വചിച്ചത്.

ഒരു വെബ് ബ്രൗസറോ സമാനമായ ആപ്ലിക്കേഷനോ അതു പ്രവര്‍ത്തിക്കാനാവശ്യമായ സംവിധാനങ്ങളോ ഉണ്ടെങ്കില്‍ നിശ്ചിത വാടകക്ക് സോഫ്റ്റ്‌വേര്‍, ഡാറ്റാ ശേഖരണം തുടങ്ങിയവയെല്ലാം ഇത്തരം സേവനങ്ങള്‍ ലഭ്യമാക്കും. വാണിജ്യാടിസ്ഥാനത്തിലുള്ള ക്ലൗഡ് കംപ്യൂട്ടിഗിനൊപ്പം തന്നെ ഗൂഗിളിന്റെ ഡോക്യുമെന്റ്‌സ്, മാപ്‌സ്, പിക്കാസ മുതല്‍ ഇ മെയില്‍ വരെയുള്ള സൗജന്യസേവനങ്ങള്‍ എന്നിവയടങ്ങിയ ജനകീയ ക്ലൗഡ് കംപ്യൂട്ടിംഗിനും പുതിയ കാലത്ത് പ്രാധാന്യമുണ്ട്.

2006 ല്‍ ആമസോണ്‍ ആരംഭിച്ച എലാസ്റ്റിക് കംപ്യൂട്ടര്‍ ക്ലൗഡ് (ഇ സി2) ആണ് വാണിജ്യാടിസ്ഥാനത്തില്‍ ക്ലൗഡ് കംപ്യൂട്ടിംഗില്‍ വിപ്ലവം സൃഷ്ടിച്ചത്. മണിക്കൂറിന് പത്ത് സെന്റ് എന്ന തോതില്‍ അവരുടെ നെറ്റ്വര്‍ക്കില്‍ നിന്നും ആര്‍ക്കും സേവനങ്ങള്‍ കടമെടുക്കാം. അതായത് ഇന്റര്‍നെറ്റ് വഴി സാങ്കല്പിക കംപ്യൂട്ടര്‍ (വെര്‍ച്വല്‍ കംപ്യൂട്ടര്‍) വാടകക്കെടുക്കുന്ന രീതി.

അധികനാള്‍ കഴിയുന്നതിനു മുമ്പേ തന്നെ ഇസി2 സേവനത്തെ ഹാക്കര്‍മാര്‍ തകരാറിലാക്കിയതോടെ ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചാവിഷയമായി. പിന്നാലെ സാന്‍ഡിയാഗോയിലേയും കാലിഫോര്‍ണിയയിലേയും ഗവേഷകര്‍ ഇതേ സിസ്റ്റത്തില്‍ കടന്നുകയറി കുറഞ്ഞ പണം നല്‍കി കൂടുതല്‍ സമയം വിനിയോഗിക്കാമെന്ന് കാണിച്ചുകൊടുക്കുകയും ചെയ്തു. തുടക്കത്തിലേ കല്ലുകടിയായ ഇത്തരം സംഭവങ്ങളാണ് ക്ലൗഡ് കംപ്യൂട്ടിംഗിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ആദ്യം കടന്നുവരുന്ന ഉദാഹരണങ്ങള്‍.

ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള നിരവധി വന്‍ കമ്പനികള്‍ ആമസോണിനെ ഇപ്പോഴും ആശ്രയിച്ചുവരുന്നു. ഇസി2 മുതല്‍ ഗൂഗിളിന്റെ വരാനിരിക്കുന്ന ക്ലൗഡ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റമായ ക്രോം വരെ ക്ലൗഡ് കംപ്യൂട്ടിംഗ് ശൃംഗലയില്‍ അതിന്റേതായ സ്ഥാനം ഉറപ്പിക്കുകയുംചെയ്തു.

വന്‍ കമ്പനികള്‍ക്ക് തങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സോഫ്റ്റ്‌വേറുകളും മറ്റും സ്വന്തമായി പണം കൊടുത്തുവാങ്ങാതെ ഇന്റര്‍നെറ്റിലൂടെ വാടകക്കോ അല്ലാതെയോ ഉപയോഗിക്കാമെന്നതും കുറഞ്ഞ ചെലവില്‍ ലോകത്തെല്ലായിടത്തുനിന്നും ഈ സേവനം സ്വീകരിക്കാമെന്നതും മള്‍ട്ടിനാഷണലുകളടക്കമുള്ള കമ്പനികളെ ക്ലൗഡ് കംപ്യൂട്ടിംഗിനെ സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. ഇങ്ങനെയാണ് ക്ലൗഡ് കംപ്യൂട്ടിംഗിന് പുതിയ കാലത്തിന്റെ ഉല്പന്നമെന്ന വിശേഷണം ലഭിച്ചത്. ഇവിടെ ഡാറ്റകള്‍ സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും പലപ്പോഴും അജ്ഞാതമായ സ്ഥലത്തുള്ള ഏതെങ്കിലും സെര്‍വറുകളിലായിരിക്കും. സ്വന്തമായ സെര്‍വര്‍ കംപ്യൂട്ടറില്‍ നിന്നും ഡാറ്റ വാടകക്കെടുത്ത മറ്റൊരു സ്ഥലത്ത് സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലുമാണ് വിശ്വാസ്യതയുടെ പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെടുന്നത്.

ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയുള്ള ക്ലൗഡ് കംപ്യൂട്ടിംഗ് വാണിജ്യ തലത്തില്‍ ഉപയോഗിക്കുമ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങളായി ചൂണ്ടിക്കാണിക്കുന്നത് മറ്റൊരാള്‍ക്ക് ഹാക്കര്‍മാരുടെ സഹായത്തോടെ തങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താമെന്നതും, കമ്പനികളുടെ വിവര ശേഖരണത്തെ തന്നെ തകര്‍ത്തുകളയാമെന്നതും, സാങ്കേതിക കാരണങ്ങളാല്‍ ഡാറ്റ നശിച്ചുപോകുമെന്നതും ഡാറ്റ എത്രകാലം സൂക്ഷിക്കാമെന്നതുമൊക്കെയാണ്.

ഇന്ത്യയിലെ അശോക് ലൈലന്റ്, ഭാരതി, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുക്കി, ഇന്‍ഫോസിസ് തുടങ്ങിയ വന്‍കമ്പനികളും സ്വകാര്യ ക്ലൗഡ് നെറ്റ്വര്‍ക്കുകളെ ഉപയോഗിക്കുന്നുണ്ട്. മുഖ്യമായും സാമ്പത്തിക സ്ഥാപനങ്ങള്‍, എയര്‍ലൈന്‍ കമ്പനികള്‍, ഐടി കമ്പനികള്‍ തുടങ്ങിയവയാണ് ഈ സേവനം ഉപയോഗിക്കുന്നത്.

പലയിടത്തായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു കേന്ദ്രത്തില്‍ നിന്നും സേവനങ്ങള്‍ സ്വീകരിക്കാമെന്നതും പണം ലാഭിക്കാമെന്നതിനൊപ്പം സാങ്കേതിക പ്രശ്‌നങ്ങളുടെ തലവേദനയും നേരിടേണ്ട എന്നതും ക്ലൗഡ് കംപ്യൂട്ടിംഗിന്റെ പ്രസക്തി വര്‍ധിപ്പിച്ചു. ലോകത്തേറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് സുരക്ഷാ ഭീഷണി നേരിടുന്ന രാജ്യമായ അമേരിക്കയാണ് ക്ലൗഡ് കംപ്യൂട്ടിംഗ് പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. സ്വകാര്യക്ലൗഡുകളും സോഷ്യല്‍ നെറ്റ്വര്‍ക്കുകളും പാശ്ചാത്യ രാജ്യങ്ങളില്‍ ഭരണ നിര്‍വ്വഹണ മേഖലയില്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

ചൈന ഗൂഗിളിനു നേരെ ആക്രമണം നടത്തിയ സംഭവത്തോടെ അമേരിക്കന്‍ സര്‍ക്കാരിന്റെ സുരക്ഷാ ഏജന്‍സിയുമായി സഹകരിച്ച് ഗൂഗിള്‍ തങ്ങള്‍ക്കു നേരെയുള്ള കടന്നു കയറ്റങ്ങള്‍ അന്വേഷിക്കാനും തടയാനുമുള്ള ദീര്‍ഘകാല കരാര്‍ ഒപ്പുവെച്ചു. ഈ കരാര്‍ പ്രകാരം ഗൂഗിള്‍ സേവനങ്ങള്‍ സുരക്ഷാ ഏജന്‍സിക്ക് പരിശോധനാ വിധേയമാക്കാം. തങ്ങളുടെ പ്രൈവസി പോളിസിക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും വ്യക്തികളുടെ അക്കൗണ്ടുകളില്‍ കടന്നു കയറില്ലെന്നും ഗൂഗിള്‍ ഉറപ്പുനല്‍കിയിരുന്നു.

എന്നാല്‍ ഈ ഉറപ്പിനെ എത്രത്തോളം വിശ്വസിക്കാമെന്നതാണ് സൈബര്‍ ലോകത്ത് ചര്‍ച്ചാ വിധേയമായിരിക്കുന്നത്. സൈബര്‍ ആക്രമണങ്ങള്‍ നിത്യസംഭവമാകുകയും ഗൂഗിള്‍ പോലെ രാജ്യത്തെ ഒന്നാംകിട സേവനദാതാക്കള്‍ പോലും ആക്രമണത്തിനിരയാകുകയും ചെയ്യുമ്പോള്‍ പൊതുഇടങ്ങളില്‍ കൈകാര്യം ഡാറ്റയുടെ സുരക്ഷ എത്രത്തോളമാണ് എന്നതാണ് ചിന്തിക്കേണ്ട വസ്തുത.

വിവിധ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഉപോല്പന്നമായി നാറ്റോയുടേയും അമേരിക്കന്‍ സര്‍ക്കാരിന്റെയും നെറ്റ്വര്‍ക്കുകളില്‍ സൂക്ഷിച്ച വിവരങ്ങള്‍ പലതവണ തകര്‍ക്കപ്പെട്ടതാണ്. തന്റെ ഓഫിസുമായി ബന്ധപ്പെട്ട കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കില്‍ ചൈന ആക്രമണം നടത്താന്‍ ശ്രമിച്ചതായും അത് പരാജയപ്പെടുത്തിയെന്നും മുന്‍ ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞവര്‍ഷം ചിലര്‍ ട്വിറ്റര്‍ ഉദ്യോഗസ്ഥന്റെ ഗൂഗിള്‍ അക്കൗണ്ട് ഹാക്കുചെയ്ത് ഗൂഗിള്‍ ഡോക്യുമെന്റ്‌സില്‍ അദ്ദേഹം സൂക്ഷിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ സംഭവം ക്ലൗഡ് നെറ്റുവര്‍ക്കുകളില്‍ സൂക്ഷിക്കുന്ന സ്വകാര്യ ഡാറ്റയുടെ സുരക്ഷക്കുനേരെയുയര്‍ന്ന വെല്ലുവിളിയാണ്. മൈക്രോസോഫ്റ്റിന്റെ ഒരു സഹോദര സ്ഥാപനത്തിന്റെ ക്ലൗഡ് നെറ്റ്വര്‍ക്കില്‍ സൂക്ഷിച്ചിരുന്ന ടി മൊബൈല്‍ എന്ന കമ്പനിയുടെ ഡാറ്റ സെര്‍വര്‍ തകരാറിലൂടെ നഷ്ടപ്പെട്ടത് സാങ്കേതിക കാരണങ്ങളാല്‍ ഡാറ്റ നഷ്ടപ്പെടുന്നതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നീണ്ട പരിശ്രമത്തിനൊടുവില്‍ നഷ്ടപ്പെട്ടതിന്റെ ചെറിയൊരു ശതമാനം മാത്രമേ കണ്ടെടുക്കാന്‍ കഴിഞ്ഞുള്ളൂ.

ഇന്റര്‍നെറ്റില്‍ നിന്നും സ്വതന്ത്രമായ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിച്ചു ക്ലൗഡിനെ ആശ്രയിക്കുക എന്നതാണ് സുരക്ഷാ വിഷയങ്ങള്‍ക്ക് പരിഹാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ പൊതുവേ ചിലവേറിയ ഡാറ്റാലൈനുകള്‍ സ്ഥാപിക്കണമെന്നതും ഇന്റര്‍നെറ്റുവഴി ലഭിക്കുന്ന സേവനം പോലെ വ്യാപകമായി അത് ഉപയോഗിക്കാനാകില്ല എന്നതും സ്വതന്ത്ര നെറ്റ്‌വര്‍ക്ക് എന്ന സങ്കല്പത്തിന് തിരിച്ചടിയായി. പാസ് വേഡുകളുപയോഗിച്ചും ഡാറ്റ സ്വകാര്യമാക്കിവെക്കാവുന്ന വിവിധ എന്‍ക്രിപ്റ്റിംഗ് രീതികളുപയോഗിച്ചും ഇന്റര്‍നെറ്റില്‍ ശേഖരിക്കുന്ന വിവരങ്ങളെ കൈകാര്യം ചെയ്യുകയാണ് ഇപ്പോള്‍ പൊതുവേ ചെയ്തുവരുന്നത്. എന്നാല്‍ ഹാക്കിംഗ് വന്‍ പ്രസ്ഥാനമായി വളര്‍ന്ന പുതിയ കാലത്ത് അതുകൊണ്ടും വലിയ പ്രയോജനമില്ലെന്നാണ് വിദഗ്ദ്ധാഭിപ്രായം

ഓരോരുത്തരും ഉപയോഗിക്കുന്നതനുസരിച്ചാണ് അവരവരുടെ ക്ലൗഡ് സേവനങ്ങളുടെ സുരക്ഷ നിലനില്‍ക്കുന്നത് എന്നാണ് ഗൂഗിള്‍ ആപ്ലിക്കേഷന്‍സ് സെക്യൂരിറ്റി ഡയറക്ടര്‍ ഇറാന്‍ ഫിഗന്‍ബാം ഇതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ പറഞ്ഞത്. എന്നാല്‍ ക്ലൗഡ് കംപ്യൂട്ടിംഗിന്റെ കാലത്ത് സുരക്ഷ ഒരു പേടി സ്വപ്നമാണെന്നും പരമ്പരാഗത മാര്‍ഗ്ങ്ങളിലൂടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെന്നും അമേരിക്കയിലെ നെറ്റ്വര്‍ക്കിംഗ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി വിദഗ്ദ്ധരായ സിസ്‌കോ ചെയര്‍മാന്‍ ജോണ്‍ ചേംബേഴ്‌സിന്റെ പ്രസ്താവന ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ആമസോണിന്റെ സ്വകാര്യ ക്ലൗഡ് സംവിധാനം, ഐ ബി എം ന്റെ പുതിയ സുരക്ഷാ സംവിധാനം തുടങ്ങിയ ആശയങ്ങളും ക്ലൗഡ് കംപ്യൂട്ടിംഗുമായി ബന്ധപ്പെട്ട് ചര്‍ച്ചാവിഷയമായിട്ടുണ്ട്.

സാങ്കേതികത്തകരാറും കടന്നുകയറ്റങ്ങളും ശക്തമാകുമ്പോഴും സാങ്കേതിക മേഖലയില്‍ ക്ലൗഡ് കംപ്യൂട്ടിങ്ങിന്റെ സുരക്ഷയെപറ്റി രണ്ടഭിപ്രായമാണ്. സാങ്കേതികമായ ന്യായവാദങ്ങള്‍ നിരത്തി ക്ലൗഡ് കംപ്യൂട്ടിങിനെ ന്യായീകരിക്കുമ്പോഴും എല്ലാവരും ഒരേ സ്വരത്തില്‍ വിവരങ്ങളുടെ സുരക്ഷയെപറ്റി ആശങ്ക കൈമാറുന്നുമുണ്ട്. സുരക്ഷാപ്രശ്‌നങ്ങളൊഴിച്ചു നിര്‍ത്തിയാല്‍ ക്ലൗഡ് കംപ്യൂട്ടിംഗ് കാലത്തിനനുയോജിച്ച സാങ്കേതിക വിദ്യ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ സുരക്ഷ ഭരണരംഗത്തുമാത്രമല്ല വ്യാവസായിക രംഗത്തും സുപ്രധാന വിഷയമാണുതാനും.
COURTESY; Mathrubhoomy Daily

No comments:

Post a Comment

എഴുതുക എനിക്കായി....