LAUNCH SOLAR TOOTH BRUSH

സോളാര്‍ ടൂത്ത്ബ്രഷുകള്‍ വരുന്നു

ഇനി പല്ലുതേക്കാം സോളാര്‍ബ്രഷ് കൊണ്ട്, അതും പേസ്റ്റില്ലാതെ! സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ ഉപകരണങ്ങള്‍ ഇപ്പോള്‍ തന്നെ രംഗത്തുണ്ട്. സോളാര്‍ ടോര്‍ച്ച്, സോളാര്‍ റാന്തല്‍, സോളാര്‍ വാച്ചുകള്‍, സോളാര്‍ കാല്‍ക്കുലേറ്ററുകള്‍ അങ്ങനെ പലതും. ആ ഗണത്തിലേക്കാണ് സോളാര്‍ ബ്രഷുകളുടെയും വരവ്. 

സോളാര്‍ബ്രഷിന്റെ എടുത്തു പറയേണ്ട പ്രത്യേകത അതുപയോഗിച്ച് പല്ല് വൃത്തിയാക്കാന്‍ ടൂത്ത്‌പേസ്റ്റ് ആവശ്യമില്ല എന്നതു തന്നെയാണ്. ജപ്പാനിലെ സാസ്‌കാത്‌ചെവാന്‍ സര്‍വകലാശാലയിലെ ഡോ. കുനിയോ കൊമിയാമ ആണ് സോളാര്‍ ബ്രഷിന് രൂപംനല്‍കിയത്. ഇപ്പൊഴും പരീക്ഷണഘട്ടത്തിലുള്ള ഈ ടൂത്ത്ബ്രഷ് സാധാരണ ബ്രഷുകളേക്കാള്‍ പതിന്മടങ്ങ് പ്രവര്‍ത്തനക്ഷമമാണെന്ന്, ഇതിന്റെ നിര്‍മ്മാതാക്കളായ ഷികെന്‍ കമ്പനി അവകാശപ്പെടുന്നു. 

ഡോ. കൊമിയാമ 15 വര്‍ഷം മുമ്പു തന്നെ ഇത്തരത്തിലൊരെണ്ണം നിര്‍മിച്ചിരുന്നു. അതെപ്പറ്റി 'ക്ലിനിക്കല്‍ പെരിയോഡന്റോളജി' മാഗസിനില്‍ പ്രതിപാദിച്ചിട്ടുമുണ്ട്. ബ്രഷിന്റെ കഴുത്തില്‍ സ്ഥാപിച്ചിട്ടുള്ള ടൈറ്റാനിയം ഡയോക്‌സൈഡ് ട്യൂബാണ് ഇതിന്റെ മുഖ്യഭാഗം. ഈ ഭാഗത്തു പ്രകാശം പതിക്കുമ്പോള്‍ ടൈറ്റാനിയം ഡയോക്‌സൈഡ് ഇലക്ടോണുകള്‍ പുറംതള്ളുന്നു. ആ ഇലക്ടോണുകള്‍ ബ്രഷിന്റെ നാരുകളുടെ ഉപരിതലത്തിലേക്കു എത്തുന്നു.
ഇലക്ട്രോണുകള്‍ ഉമിനീരിലെ ആസിഡുമായി പ്രവര്‍ത്തിച്ച് അഴുക്കിനെയും ബാക്ടീരയങ്ങളെയും നീക്കുന്നു. അതുകൊണ്ടാണ് പ്രത്യേകിച്ച് ടൂത്ത്‌പേസ്റ്റിന്റെ ആവശ്യം ഇല്ലാത്തത്. സോളാര്‍ബ്രഷിന്റെ ഒരു പ്രധാന ന്യൂനത അതുപയോഗിച്ച് ഇരുട്ടത്ത് പല്ലുതേക്കാനാകില്ല എന്നതാണ്. എന്നാല്‍, ഒരു സാധാരണ സോളാര്‍ കാല്‍ക്കുലേറ്റര്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ വെളിച്ചം ലഭ്യമാണെങ്കില്‍, ബ്രഷ് പ്രവര്‍ത്തിപ്പിക്കാനാകും.

സാധാരണ ബ്രഷുകള്‍ ഒന്നോ രണ്ടോ മാസം ഉപയോഗിച്ചുകഴിയുമ്പോള്‍ മാറ്റേണ്ടി വരാറുണ്ട്. എന്നാല്‍, സോളാര്‍ ബ്രഷുകള്‍ വര്‍ഷങ്ങള്‍ നിലനില്‍ക്കുമത്രേ. ബ്രഷിന്റെ പിടി നില നിര്‍ത്തി, നാരുകളുള്ള ഭാഗം മാത്രം മാറ്റിയാല്‍ മതിയാകും.

തന്റെ ആദ്യ മോഡലില്‍ നിന്നും വ്യത്യസ്തമായി ഇരട്ടി പ്രവര്‍ത്തനക്ഷമതയോടെ Soladey-J3X എന്ന പേരിലാണ് ഡോ. കൊമിയാമ പുതിയ ബ്രഷിന് രൂപംനല്‍കിയിരിക്കുന്നത്. ഡോ. കോമിയാമയും കൂട്ടരും 120 കൗമാരപ്രായക്കാരില്‍ ഇതിന്റെ അവസാനഘട്ട പരീക്ഷണങ്ങളിലാണ്. ഈ പരീക്ഷണം വിജയിച്ചാലോ....പല്ലുതേപ്പിന്റെ രീതി തന്നെ മാറ്റിമറിക്കപ്പെട്ടേക്കാം. ടൂത്ത്‌പേസ്റ്റ് കമ്പനികള്‍ വേറെ വഴി നോക്കേണ്ടിയും വരും! 

No comments:

Post a Comment

എഴുതുക എനിക്കായി....