ഗൂഗിള്‍ റ്റീവീ വരുന്നു, ഇനി കമ്പ്യൂട്ടറും ടെലിവിഷനും ഒന്നാകും
ടെലിവിഷന്റെയും കമ്പ്യൂട്ടറിന്റെയും ധര്‍മങ്ങള്‍ ഒന്നിച്ചു ചെയ്യുന്ന ഗൂഗിള്‍ ടെലിവിഷന്‍ വരുന്നു. 2011ല്‍ ഗൂഗിള്‍ റ്റീവീ യാഥാര്‍ഥ്യമാകുമെന്ന വസ്തുത ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എറിക് ഷ്മിഡ്റ്റ് ആണ് അറിയിച്ചത്. ബെര്‍ലിനില്‍ നടക്കുന്ന ഐ.എഫ്.എ. കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ വച്ച് ഇന്നലെയാണ് ഇദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. ആപ്പിള്‍ റ്റീവീക്കെതിരെയുള്ള കമ്പോളമത്സരത്തിന്റെ കൂടി ഭാഗമായാണ് ഗൂഗിള്‍ റ്റീവി തിരക്കിട്ട് പുറത്തിറങ്ങുന്നതെന്ന് വിപണിവിദഗ്ദ്ധര് കരുതുന്നു.
ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സംവിധാനമുപയോഗിച്ച് പ്രവര്‍ത്തനക്ഷമമാകുന്ന ടെലിവിഷന്‍ സെറ്റ് ആവശ്യസമയങ്ങളില്‍ കമ്പ്യൂട്ടറായി പ്രവര്‍ത്തനം മാറ്റാനും കഴിവുള്ളതാണ്. ചാനലുകള്‍ മാറുകയും, വെബ്സൈറ്റുകള്‍ പരതുകയും മറ്റ് വെബ് ആവശ്യങ്ങള്‍ നിറവേറ്റുകയും മാറിമാറി ചെയ്യാന്‍ നിമിഷാര്‍ദ്ധം പോലുമാവശ്യമില്ലാത്ത വിധത്തിലായിരിക്കും ടെലിവിഷന്റെ ഘടനയും സംവിധാനവും.ഗൂഗിള്‍ ക്രോം വെബ് ബ്രൗസറുപയോഗിച്ചായിരിക്കും എല്ലാ പ്രവര്‍ത്തനങ്ങളും. ആപ്പിളിന്റെ ടെലിവിഷന്‍ ഈ മാസം ഒന്നിന് പുറത്തിറങ്ങിയിരുന്നു. ഇപ്പോള്‍ വിദേശരാജ്യങ്ങളില്‍ പുറത്തിറങ്ങുന്ന ഡി.വി.ഡി.കളേക്കാള്‍ കുറഞ്ഞ നിരക്കില്‍, അതിന്റെ പതിന്മടങ്ങ് ദൃശ്യഭംഗിയില്‍ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും കാണാനും ആപ്പിള്‍ അവസരമൊരുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആപ്പിള്‍ ടെലിവിഷനു പുറമേ ഗൂഗിള്‍ റ്റീവി കൂടി വരുന്നതോടെ ഡി.വി.ഡി. പ്ലെയറുകളുടെ യുഗത്തിന് അന്ത്യമാകുമെന്നാണ് കരുതപ്പെടുന്നത്.
No comments:
Post a Comment
എഴുതുക എനിക്കായി....