sankar-edakurussi
ഇമെയില്‍ സേവനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായിട്ടാണ് ഗൂഗിളിന്റെ ജിമെയില്‍ രംഗത്തെത്തിയത്. അതുവരെ ഇമെയിലുകള്‍ക്ക് നാല് മുതല്‍ 10 വരെ എം.ബി സ്ഥലമായിരുന്നു ഇമെയില്‍ സേവന ദാതാക്കളായ ഹോട്ട്‌മെയില്‍, യാഹൂ, റീഡിഫ് തുടങ്ങിയവര്‍ സൗജ്യമായി അനുവദിച്ചിരുന്നത്. കൂടുതല്‍ സ്ഥലം ആവശ്യമുള്ളവര്‍ പണം നല്‍കണമായിരുന്നു.
മേല്‍പ്പറഞ്ഞ കമ്പനികളെല്ലാം അധിക സംഭരണശേഷിക്ക് പണം ആവശ്യപ്പെട്ടിരുന്ന സമയത്താണ് ഒരു ജി.ബി. സംഭരണശേഷി സൗജന്യമായി നല്‍കിക്കൊണ്ട് ജിമെയില്‍ എത്തുന്നത്. ഇമെയില്‍ രംഗത്തെ അടിമുടി മാറ്റിമറിച്ച ഒന്നായിരുന്നു ജിമെയിലിന്റെ അവതാരം.
2004 ഏപ്രില്‍ ഒന്നിനാണ് ജിമെയിലിന്റെ ബീറ്റാവകഭേദം പൊതുജനങ്ങള്‍ക്ക് ലഭ്യമായത്. ഉയര്‍ന്ന സംഭരണശേഷിയും, ഉപഭോക്തൃസൗഹൃദ സങ്കേതങ്ങളും ജിമെയിലിനെ വേഗം ജനപ്രിയമാക്കി. ജിമെയിലിനോട് പിടിച്ചു നില്‍ക്കാന്‍ സൗജന്യസ്ഥലം കൂടുതല്‍ അനുവദിച്ചേ തീരൂ എന്ന നിലയ്‌ക്കെത്തി മറ്റ് ഇമെയില്‍ സേവനദാതാക്കള്‍. അങ്ങനെ മറ്റ് ഇമെയില്‍ സര്‍വീസുകളും സ്റ്റോറേജ് പരിധി ഉയര്‍ത്തി.
ജിമെയില്‍ ഇപ്പോള്‍ 7514 എം.ബി (ഏഴ് ജിബിക്കു മുകളില്‍) സംഭരണസ്ഥലം സൗജന്യമായി നല്‍കുന്നു. സാധാരണ ഗതിയില്‍ ഈ സ്ഥലം ധാരാളമാണ്. ഫോട്ടോകളും വീഡിയോ ക്ലിപ്പിങുകളുമടങ്ങിയ മള്‍ട്ടിമീഡിയ സന്ദേശങ്ങള്‍ ഏറിയതോടെ, ജിമെയിലിന്റെ സ്ഥലം പോലും തികയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ പലരും. ഒരു മെയിലും കളയാതെ അഥവാ ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കുന്നവര്‍ പ്രത്യേകിച്ചും.
ജിമെയിലിലെ സ്ഥലം നിറഞ്ഞു കഴിഞ്ഞാല്‍ 'You have run out of space for your Gmail account' എന്നൊരു സന്ദേശം ലഭിക്കും. അതു കഴിഞ്ഞാല്‍ തുടര്‍ന്ന് ആ ജിമെയില്‍ അക്കൗണ്ടില്‍ നിന്ന് മെയിലുകള്‍ അയക്കുകയോ സ്വീകരിക്കുകയോ ചെയ്യുക സാധ്യമാകില്ല. അനാവശ്യമായ മെയിലുകള്‍ കളയുകയുകയാണ് ഇതിനുള്ള പരിഹാരം. അല്ലെങ്കില്‍ കൂടുതല്‍ സ്ഥലം പണം കൊടുത്തുവാങ്ങുക.
ജിമെയില്‍ ഇന്‍ബോക്‌സിലെ വലിയ മെയിലുകള്‍ തിരഞ്ഞുപിടിച്ചു കളയുക എന്നത് ഏറെ സമയം പിടിക്കുന്ന കാര്യമാണ്. findbigmail.com എന്ന വെബ്‌സൈറ്റ് നിങ്ങളുടെ ജിമെയില്‍ ഇന്‍ബോക്‌സില്‍ മുഴുവന്‍ തിരഞ്ഞ് വലിയ മെയിലുകള്‍, കുറച്ചുകൂടി വലിയവ, ഏറ്റവും വലിയവ എന്നിങ്ങനെ മെയിലുകളെ തരംതിരിച്ച് അനാവശ്യമായ ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കും. ഇങ്ങനെ മെയിലുകളെ വലിപ്പത്തിനനുസരിച്ച തരംതിരിച്ച ശേഷം വെവ്വേറെ ഫോള്‍ഡറുകളിലാക്കി സൂക്ഷിക്കാം. അതിനാല്‍ വലിപ്പംകൂടിയ മെയിലുകള്‍ പ്രത്യേകം തുറന്നുനോക്കി അനാവശ്യമായവയെ ഒഴിവാക്കാന്‍ എളുപ്പമാണ്.
ഇതിനായി findbigmail.com തുറന്ന ശേഷം നിങ്ങളുടെ ജിമെയില്‍ ഐ.ഡി. നല്‍കണം. തുടര്‍ന്ന് ജിമെയിലില്‍ ലോഗിന്‍ ചെയ്യാനും സേവനം തുടരാനുള്ള അനുവാദവും ചോദിക്കും. അതിന് ശേഷമാണ് തിരച്ചില്‍ തുടങ്ങുക. ഇന്‍ബോക്‌സിലുള്ള മെയിലുകളുടെ വലിപ്പവും എണ്ണത്തിനും അനുസരിച്ച് തിരയലിന്റെ സമയം കൂടും ചെയ്യും. ഇങ്ങനെ സെര്‍ച്ചിങ് കഴിഞ്ഞാല്‍ വലിയ മെയിലുകളുടെ എണ്ണത്തെപ്പറ്റിയുള്ള വിവരം ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് മെയില്‍ അയച്ചതായുള്ള വിവരം നല്‍കും.
തുടര്‍ന്ന് മെയില്‍ അക്കൗണ്ട് തുറന്നുനോക്കിയാല്‍ ഇടതുവശത്തായി നാലുഫോള്‍ഡറുകള്‍ ഉണ്ടായതായി കാണാം. മെയിലുകളുടെ വലിപ്പത്തിനനുസരിച്ച് തരംതിരിച്ചതാണവ. ശേഷം ഫോള്‍ഡറുകള്‍ തുറന്ന് അനാവശ്യമായവ കളയാവുന്നതാണ്. ജിമെയിലിന്റെ സൗജന്യ സ്റ്റോറേജ് പരിധി കഴിഞ്ഞവര്‍ക്കു മാത്രമല്ല അല്ലാതെതന്നെ മെയില്‍ അക്കൗണ്ട് ശുദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്.
No comments:
Post a Comment
എഴുതുക എനിക്കായി....