ഇന്‍റര്‍നെറ്റ്, മൊബൈല്‍ഫോണ്‍ ദുരുപയോഗം

sankar-edakurussi
തിരുവനന്തപുരം: ഇന്‍റര്‍നെറ്റ്, മൊബൈല്‍ഫോണ്‍ ദുരുപയോഗം സംബന്ധിച്ച് സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ പോലീസിന് ലഭിച്ച പരാതികള്‍ നാല്‍പ്പതിനായിരത്തോളം. ഇവയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പരാതികള്‍ അഞ്ചുശതമാനത്തില്‍ താഴെ മാത്രം. എന്നാല്‍ 'ഹൈടെക് പരാതികളില്‍' രാഷ്ട്രീയം കലര്‍ന്നാല്‍ പെറ്റിക്കേസുകള്‍ പോലും ഊരാക്കുടുക്കായി മാറുന്നു.

സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെക്കുറിച്ചുള്ള പരാമര്‍ശമടങ്ങിയ സന്ദേശം തമാശയ്ക്ക് ഫോര്‍വേഡ് ചെയ്ത കുറ്റിപ്പുറം സ്വദേശി മൊയ്തുവിനുനേരെ സൈബര്‍ പോലീസ് സന്നാഹങ്ങളൊരുക്കുകയാണെങ്കിലും പതിനായിരക്കണക്കിന് മറ്റു പരാതികള്‍ എങ്ങുമെത്താതെ പോവുകയാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നുഴഞ്ഞുകയറ്റം നടത്തിയപ്പോഴും തങ്ങളുടെ വെബ്‌സൈറ്റുകള്‍ വികൃതമാക്കപ്പെട്ടതായി സര്‍ക്കാര്‍ സെക്രട്ടറിമാര്‍ പരാതി നല്‍കിയപ്പോഴും കാണിക്കാത്ത ഊര്‍ജസ്വലത, പാര്‍ട്ടി സെക്രട്ടറി നല്‍കിയ പരാതിഅന്വേഷിക്കാന്‍ സൈബര്‍ പോലീസ് കാണിച്ചുവെന്ന് ആരോപണമുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് പിണറായി വിജയന്റെ വീടിനെക്കുറിച്ച് വന്ന തെറ്റായ ഇ-മെയില്‍ സന്ദേശത്തിന് പിന്നിലുള്ളവരെ കണ്ടെത്താനും പോലീസ് ജാഗരൂകരായിരുന്നു. കേസ് ചെറുതാണെങ്കിലും 2009 മുതല്‍ നടപ്പിലാക്കുന്ന ഇന്ത്യന്‍ ഐ.ടി.(ഭേദഗതി) നിയമത്തെക്കുറിച്ച് ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ കൂടിയാണ് അന്ന് ഇ-മെയില്‍ സന്ദേശത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ തങ്ങള്‍ കര്‍ശന നിലപാടെടുത്തതെന്നായിരുന്നു സൈബര്‍ പോലീസിന്റെ വിശദീകരണം.

സൈബര്‍പരാതികളെക്കുറിച്ച് അന്വേഷിക്കാന്‍ 2006-ലാണ് സംസ്ഥാന പോലീസ് ഹൈടെക് സെല്‍ തുടങ്ങിയത്. 2008-ല്‍ ജില്ലകള്‍ അടിസ്ഥാനമാക്കി അന്വേഷണ സംവിധാനം തുടങ്ങി. 2009 ജൂലായില്‍ തിരുവനന്തപുരത്ത് സൈബര്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതിനുപുറമെ പോലീസ് സ്റ്റേഷനുകളില്‍ സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് സൈബര്‍ കേസുകള്‍ അന്വേഷിക്കാമെന്ന നിര്‍ദേശവും നല്‍കി. ഈ സംവിധാനങ്ങളിലെല്ലാം കൂടി 2009 വരെ 36000 പരാതികള്‍ ലഭിച്ചു. ഈ വര്‍ഷം ഇതുവരെ അത് 40000 കടന്നു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സൈബര്‍ സെല്ലില്‍ മാത്രം പ്രതിദിനം മുപ്പതോളം പരാതികള്‍ ലഭിക്കുന്നുണ്ട്. ഇവയില്‍ പകുതിയോളം മൊബൈല്‍ ഫോണ്‍ സംബന്ധമായ കേസുകളാണ്. മിക്കവയും ജില്ലാതലത്തില്‍ ഒത്തുതീര്‍പ്പാക്കുകയോ പ്രതികളെ താക്കീത് നല്‍കി ഫയല്‍ അവസാനിപ്പിക്കുകയോ ആണ് പതിവ്. മൊബൈല്‍ ഫോണ്‍ സംബന്ധമായ പരാതികള്‍ കഴിഞ്ഞാല്‍ ഓര്‍ക്കുട്ട്, ഫേസ്ബുക്ക്, ഐ.ഡി.മാറ്റല്‍, ഓണ്‍ലൈന്‍ തൊഴില്‍, ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പുകള്‍, വിവാഹപ്പരസ്യ തട്ടിപ്പുകള്‍, ഇ-മെയില്‍ നുഴഞ്ഞുകയറ്റം എന്നിങ്ങനെയുള്ള പരാതികളാണ് പോലീസിന് ഏറെയും ലഭിക്കുന്നത്.

നാലായിരത്തോളം പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും 26 കേസുകള്‍ മാത്രമാണ് ഈവര്‍ഷം സൈബര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പിണറായി വിജയനുമായി ബന്ധപ്പെട്ട രണ്ടു കേസുകള്‍, ശശി തരൂര്‍ എം.പിയ്ക്ക് നേരെയുണ്ടായ വധഭീഷണി, സംസ്ഥാനത്തെ പ്രധാന നഗരങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണി, നായര്‍ സമുദായത്തെ അധിക്ഷേപിച്ചുവെന്നു കാണിച്ച് എന്‍.എസ്.എസ്. നല്‍കിയ പരാതി എന്നിവയാണ് ഇതില്‍ പ്രമാദമായ കേസുകള്‍. ഇവ വിചാരണയുടെ വിവിധ ഘട്ടങ്ങളിലാണ്. നാളിതുവരെ ഒരൊറ്റ സൈബര്‍ കേസ്സില്‍ മാത്രമേ പ്രതിക്ക് ശിക്ഷ വിധിച്ചിട്ടുള്ളൂ. 2006-ല്‍ പെരുമ്പാവൂരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസ്സില്‍സഹപ്രവര്‍ത്തകനെതിരെ ഇന്‍റര്‍നെറ്റിലൂടെ അശ്ലീല പ്രചാരണം നടത്തിയ പാസ്റ്ററാണ് സൈബര്‍ കേസ്സില്‍ ശിക്ഷിക്കപ്പെട്ടയാള്‍
 

.Courtesy:  mathrubhoomi&net

No comments:

Post a Comment

എഴുതുക എനിക്കായി....