വര്‍ധിച്ച വിശപ്പ്,അമിത ദാഹം

sankar-edakurussi

ലോകത്ത് ജനസംഖ്യകൊണ്ട് രണ്ടാംസ്ഥാനത്താണെങ്കിലും പ്രമേഹബാധിതരുടെ സംഖ്യയില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. 2030 ആകുമ്പോഴേക്കും 80 ലക്ഷം പ്രമേഹരോഗികള്‍ രാജ്യത്തുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. ലോകത്ത് ഒരോ 10 സെക്കന്‍ഡിലും പ്രമേഹംമൂലം ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നുണ്ട്. 30 സെക്കന്‍ഡില്‍ ഒരു രോഗിയുടെ കാല്‍ മുറിച്ചുമാറ്റപ്പെടുന്നു. ഇതില്‍ 85 ശതമാനവും മതിയായ ചികിത്സയും ശ്രദ്ധയുമുണ്ടെങ്കില്‍ ഒഴിവാക്കാനാവുന്നതേയുള്ളൂ.കാരണം 
ശരീരത്തിലെ ഇന്‍സുലിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നതാണ് പ്രമേഹത്തിന് കാരണം. ശരീരത്തില്‍ സംഭരിക്കുന്ന ഊര്‍ജം വിനിയോഗിക്കാന്‍ ആവശ്യമുള്ള ഹോര്‍മോണാണ് ഇന്‍സുലിന്‍. ടൈപ്പ് വണ്‍, ടൈപ്പ് ടു എന്നിങ്ങനെ പ്രമേഹത്തെ തരംതിരിക്കാം. ശരീരം തീരെ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതെയിരിക്കുമ്പോഴോ, ആവശ്യത്തിന് ഉത്പാദിപ്പിക്കാതിരിക്കുമ്പോഴോ ഉണ്ടാകുന്ന രോഗാവസ്ഥയാണ് ആദ്യത്തേത്. ഇന്‍സുലിന്‍ ഉത്പാദനം ഉണ്ടെങ്കിലും ശരീരത്തിന് അത് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയാണ് ടൈപ്പ് ടു പ്രമേഹം. ഇതില്‍ ടൈപ്പ് വണ്‍ മൂന്‍കൂട്ടിക്കണ്ട് തടയുക അസാധ്യമാണ്.

കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ ടൈപ്പ് രണ്ട് പ്രധാനമായും ജീവിതശൈലീരോഗമാണ്. വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണശൈലി തുടങ്ങിയവയാണ് രണ്ടാമത്തെ ഇനം പ്രമേഹത്തിന് കാരണമാകുന്നത്. പാരമ്പര്യവും ഒരുഘടകമാണ്. ലോക ശരാശരിയെടുത്താല്‍ പ്രമേഹം മധ്യവയസ്സില്‍ പിടിപെടുന്നതായാണ് കണ്ടുവരുന്നതെങ്കിലും ഇന്ത്യയില്‍ യുവാക്കളില്‍ നല്ലൊരു ശതമാനത്തിന് രോഗബാധ കണ്ടുവരുന്നു.

ലക്ഷണങ്ങള്‍

കേരളത്തില്‍ത്തന്നെ പലയിടത്തായി നടത്തിയ പ്രമേഹനിര്‍ണയ ക്യാമ്പുകളില്‍ വ്യക്തമായ ഒരു കാര്യം, രോഗമുള്ളതായി കണ്ടെത്തിയവരില്‍ 10 ശതമാനത്തില്‍ താഴെപേര്‍ മാത്രമേ ഇക്കാര്യം തിരിച്ചറിഞ്ഞവരായിട്ടുള്ളൂ എന്നതാണ്. താഴെപ്പറയുന്ന ലക്ഷണങ്ങളില്‍ ഒന്നിലധികം കാണുന്ന പക്ഷം രക്തപരിശോധന നടത്തേണ്ടത് ആവശ്യമാണ്.

' ഇടയ്ക്കിടെ മൂത്രമൊഴിക്കുക
' അമിത ദാഹം
' വര്‍ധിച്ച വിശപ്പ്
' ഭാരക്കുറവ്
' ക്ഷീണം
' ഉന്മേഷക്കുറവും ഏകാഗ്രതക്കുറവും
' കാഴ്ച മങ്ങല്‍
' ഛര്‍ദ്ദിയും വയറുവേദനയും

കുട്ടികളില്‍

ഏതു പ്രായത്തിലുള്ള കുട്ടികള്‍ക്കും പ്രമേഹം പിടിപെടാം. പ്രധാനമായും ടൈപ്പ് വണ്‍ പ്രമേഹമാണ് കുട്ടികളെ ബാധിക്കുക. രോഗത്തെക്കുറിച്ച് അറിവില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് ഇത് തിരിച്ചറിയാന്‍ കഴിയണമെന്നില്ല. രക്ഷിതാക്കളുടെ ജാഗ്രതയാണ് പ്രധാനം. നേരത്തേ കണ്ടെത്തിയില്ലെങ്കില്‍ തലച്ചോറിനെ ഗുരുതരമായി ബാധിച്ചേക്കും.വ്യായാമക്കുറവും അമിതഭക്ഷണവും കുട്ടികളില്‍ ടൈപ്പ് ടു പ്രമേഹത്തിനും കാരണമാകുന്നുണ്ട്. ടെലിവിഷന്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവയുടെ മുന്നില്‍ ചടഞ്ഞിരിക്കുന്നതും പാക്കറ്റ് ഭക്ഷണങ്ങള്‍, കോള ഇവ ശീലമാക്കുന്നതും കുട്ടികളില്‍ പ്രമേഹം വരുത്തുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. 

പ്രമേഹം വരുത്തുന്ന മറ്റുരോഗാവസ്ഥകള്‍

പ്രമേഹം ഗുരുതരമാകുമ്പോള്‍ കാഴ്ചശക്തിയെ ബാധിക്കും. ഡയബെറ്റിക് റെറ്റിനോപ്പതി എന്നാണ് ഇത് അറിയപ്പെടുന്നത്. റെറ്റിനയിലെ ചെറിയ രക്തക്കുഴലുകള്‍ തകരാറിലാവുന്നതാണ് കാരണം. മങ്ങിയകാഴ്ച/രണ്ടായി കാണല്‍, വളയങ്ങളോ കറുത്ത കുത്തുകളോ കാണുന്നതായി തോന്നുക, ഒഴുകുന്ന കറുത്ത കുത്തുകള്‍ ദൃശ്യമാവുക, കണ്ണുകള്‍ക്ക് വേദനയോ മര്‍ദമോ അനുഭവപ്പെടുക ഇവയാണ് രോഗലക്ഷണങ്ങള്‍.

പ്രമേഹം നിയന്ത്രണാതീതമാകുമ്പോള്‍ വൃക്കകളെ ബാധിക്കും. ഇതിനെ ഡയബെറ്റിക് നെഫ്രോപ്പതി എന്ന് വിളിക്കുന്നു. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനുമുമ്പുതന്നെ രോഗബാധയുണ്ടായിട്ടുണ്ടാവാം എന്നതാണ് ഇതിന്റെ അപകടം. ഇത് ഗുരുതരമായാല്‍ വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കും. ഡയാലിസിസോ വൃക്ക മാറ്റിവെക്കലോ മാത്രമാണ് പിന്നീടുള്ള പരിഹാരം.

നാഡികളുടെ സംവേദനത്വത്തെ ബാധിക്കുന്നതാണ് പ്രമേഹത്തിന്റെ മറ്റൊരു രോഗാവസ്ഥ. അത് തലച്ചോറില്‍ നിന്ന് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് സന്ദേശങ്ങളെത്തുന്നത് മന്ദീഭവിപ്പിക്കും. ലൈംഗികശേഷിയെയും ഇത് ബാധിച്ചേക്കാം. കൈകളില്‍ തരിപ്പ്, മനംപിരട്ടല്‍, ഇടയ്ക്കിടെ തുളച്ചുകയറുന്നതുപോലുള്ള വേദന, മൂത്രം പോകുന്നതിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ലക്ഷണങ്ങളില്‍ പെടുന്നു.നാഡികളുടെ സംവേദനത്തകരാറുകാരണം കാലിലുണ്ടാകുന്ന മുറിവ് പഴുത്ത്, ഒടുവില്‍ കാല് മുറിച്ച് മാറ്റുന്ന അവസ്ഥ പ്രമേഹ രോഗികളില്‍ കൂടുതലായി കണ്ടുവരുന്നു. പാദസംരക്ഷണവും രോഗനിയന്ത്രണവുമാണ് പരിഹാരം. പ്രമേഹബാധിതരില്‍ ഹൃദ്രോഗ സാധ്യതയും ഏറെയാണ്. ഒരു തവണ ഹൃദയാഘാതം വന്നവരുടേതിനു സമാനമാണ് ടൈപ്പ് ടു പ്രമേഹബാധിതര്‍ക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത. 

പ്രതിരോധം

ഭക്ഷണത്തിനു മുമ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് 100 വരെയാകുന്നതാണ് സുരക്ഷിതം. ഇത് 100 മുതല്‍ 126 വരെയാണെങ്കില്‍ രോഗത്തിന് തൊട്ടുമുമ്പുള്ള അവസ്ഥയായും 126ന് മുകളിലാണെങ്കില്‍ പ്രമേഹാവസ്ഥയായും കണക്കാക്കാം. ഭക്ഷണനിയന്ത്രണവും വ്യായാമവുമാണ് രോഗം വരാതിരിക്കാനുള്ള കരുതല്‍. വേഗത്തിലുള്ള നടത്തം, ഓട്ടം, നീന്തല്‍, സൈക്കിള്‍ സവാരി എന്നിവ ചെലവുകുറഞ്ഞ വ്യായാമങ്ങളാണ്. രോഗാവസ്ഥയെത്തിയാല്‍ വ്യായാമത്തിനും ഭക്ഷണനിയന്ത്രണത്തിനുമൊപ്പം മരുന്നും പ്രധാനമാണ്. ഒരിക്കല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവുകുറയുന്നു എന്നതുകൊണ്ട് രോഗം മാറി എന്നപേരില്‍ ഭക്ഷണനിയന്ത്രണം ഒഴിവാക്കുന്നത് അപകടമാണ്.

ഇന്ത്യയിലെ ശരാശരി കുടുംബങ്ങളില്‍ പ്രമേഹരോഗിയുണ്ടെങ്കില്‍ കുടുംബ ബജറ്റിന്റെ 25 ശതമാനം വരെ ചികിത്സച്ചെലവുവരുമെന്നാണ് കണക്ക്. ഇക്കാരണത്താല്‍ പ്രമേഹം രോഗിയെ മാത്രമല്ല കുടുംബത്തിന്റെയും സമൂഹത്തിന്റെയും സാമ്പത്തികാടിത്തറ തകര്‍ക്കുന്ന രോഗം കൂടിയാണ്.


(അവലംബം:കാലിക്കറ്റ് ഫോറം ഫോര്‍ ഡയബെറ്റിക്‌സ്, മെഡിലൈന്‍ പ്ലസ്)

No comments:

Post a Comment

എഴുതുക എനിക്കായി....