3ജിക്ക് പിന്നാലെ 4ജി വരുന്നു

മുംബൈ: രാജ്യത്ത് 3ജി (മൂന്നാം തലമുറ) ടെലികോം സേവനം പ്രാരംഭഘട്ടത്തില്‍ മാത്രം നില്‍ക്കുമ്പോഴും 4ജി സേവനം ലഭ്യമാക്കാനുള്ള നടപടികള്‍ തുടങ്ങി. അടുത്ത വര്‍ഷം തന്നെ ഇന്ത്യയില്‍ 4ജി (നാലാം തലമുറ) ടെലികോം സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

3ജിയെക്കാള്‍ സാമ്പത്തികമായും സാങ്കേതികമായും മുന്നിലായിരിക്കും 4ജി. ചെലവ് കുറവാണെന്നതും വേഗത്തില്‍ അപ്‌ഗ്രേഡ് ചെയ്യാനാകുമെന്നതുമാണ് 4ജിയുടെ സവിശേഷത. അതിവേഗ ഇന്റര്‍നെറ്റ് സൗകര്യവും വീഡിയോ കോണ്‍ഫറന്‍സിങ്ങുമാവും 4ജിയെ 2ജി, 3ജി എന്നിവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

നിലവിലെ അടിസ്ഥാനസൗകര്യങ്ങള്‍ തന്നെ വിപുലപ്പെടുത്തി 4ജി സേവനം അവതരിപ്പിക്കാനാകുമെന്നും അതിനാല്‍ ഇത് വേഗത്തില്‍ നടപ്പാക്കാനാകുമെന്നും ജെഡിഎസ്ഇ ഇന്ത്യയുടെ നിഖില്‍ സദരംഗാനി പറഞ്ഞു.

ഇന്റര്‍നെറ്റ് ഡാറ്റ സര്‍വീസുകള്‍ക്കായിരിക്കും 4ജി സേവനം തുടക്കത്തില്‍ ഉപയോഗിക്കുക. രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ മൊബൈല്‍ ഫോണിലും 4ജി ലഭ്യമാകും. നിലവില്‍ 4ജി സപ്പോര്‍ട്ട് ചെയ്യുന്ന മൊബൈല്‍ ഫോണുകള്‍ ഇന്ത്യയില്‍ ഇല്ലാത്തതാണ് കാരണം.

No comments:

Post a Comment

എഴുതുക എനിക്കായി....