പുരുഷവന്ധ്യതയുടെ മുഖ്യകാരണങ്ങളിലൊന്നാണ് വൃഷണങ്ങളിലെ വെരിക്കോസില്‍.
വന്ധ്യതാ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്ന 30-40 ശതമാനം
പുരുഷന്മാരിലും വൃഷണത്തിലെ വെരിക്കോസില്‍ കാണാറുണ്ട്. 15-25
വയസ്സിനിടയ്ക്കാണ് സാധാരണയായി വെരിക്കോസില്‍ ഉണ്ടാകുന്നത്. ആകെ
പുരുഷന്മാരുടെ കണക്കെടുത്താല്‍ 12-15 ശതമാനം പേര്‍ക്കും വെരിക്കോസില്‍
ഉണ്ടാകുന്നുവെന്നാണ് കണക്ക്. വൃഷണത്തില്‍ വെരിക്കോസില്‍ ഉള്ളതുകൊണ്ട്
വന്ധ്യത ഉണ്ടാവണമെന്നില്ല. ചുരുക്കം ചിലരില്‍ ഇത് വന്ധ്യതയ്ക്ക് ഒരു
കാരണമാകാം എന്നുമാത്രമേ ഉള്ളൂ.
എന്താണ് വെരിക്കോസില്‍
വൃഷണത്തിന്റെ മുകളിലും വശങ്ങളിലും ഞരമ്പുകള്‍ തടിച്ചുവീര്‍ത്ത്
പിണഞ്ഞുകിടക്കുന്നതിനെയാണ് വെരിക്കോസില്‍ എന്നു പറയുന്നത്.
പ്രശ്‌നത്തിന്റെ ഗൗരവം അനുസരിച്ച് വെരിക്കോസിലിനെ മൂന്നായി ഗ്രേഡ്
തിരിക്കാറുണ്ട്. ഗ്രേഡ് ഒന്ന് അല്ലെങ്കില്‍ ലഘുവായ വെരിക്കോസില്‍ ,
ഗ്രേഡ് രണ്ട് അല്ലെങ്കില്‍ ഇടത്തരം വെരിക്കോസില്‍ , ഗ്രേഡ് മൂന്ന് അഥവാ
ഗുരുതരമായ വെരിക്കോസില്‍ .
വൃഷണത്തിനു മുകളില്‍ വളരെ നേരിയ തോതില്‍ മാത്രം ഞരമ്പു
പിണഞ്ഞുകിടക്കുന്നതാണ് ലഘുവായ വെരിക്കോസില്‍. പലപ്പോഴും ഇതു
തിരിച്ചറിയാന്‍ പോലും കഴിയാറില്ല.
ഇടത്തരം വെരിക്കോസില്‍ ചിലരില്‍ നേരിട്ടുതന്നെ കണ്ടെത്താന്‍ കഴിയാറുണ്ട്.
തൊട്ടുനോക്കിയാല്‍ വൃഷണത്തിനുമേല്‍ ഞരമ്പുകള്‍ പിണഞ്ഞുകിടക്കുന്നത്
അറിയാം. തടി കൂടുതലുള്ളവരിലും മറ്റുമാണ് ഇത് നേരിട്ടു കണ്ടുപിടിക്കാന്‍
വിഷമം അനുഭവപ്പെടാറുള്ളത്.
ഗുരുതരമായ വെരിക്കോസില്‍ ഒറ്റനോട്ടത്തില്‍തന്നെ കണ്ടെത്താനാവും. ആളെ
എഴുന്നേല്‍പിച്ച് നിര്‍ത്തിയാല്‍തന്നെ ഞരമ്പുകള്‍ പിണഞ്ഞ്
ഇരുണ്ടനീലനിറത്തില്‍ കാണാം. വൃഷണത്തിനുമേല്‍ വിരകളെപ്പോലെ ഞരമ്പുകള്‍
കെട്ടുപിണഞ്ഞ് തിണര്‍ത്ത് കിടക്കുന്നുണ്ടാവും. ഗൗരവമായ വെരിക്കോസില്‍
ഉള്ളവര്‍ക്ക് വൃഷണസഞ്ചിയില്‍ വലിച്ചിലും വേദനയും അനുഭവപ്പെടാനിടയുണ്ട്.
ഇടതുവശത്ത് രണ്ടു വൃഷണങ്ങളില്‍ ഇടതു ഭാഗത്തേതിലാണ് സാധാരണയായി
വെരിക്കോസില്‍ ബാധിക്കാറുള്ളത്. 80-85 ശതമാനം പേരിലും അങ്ങനെതന്നെ. 20
ശതമാനത്തോളം പേര്‍ക്ക് രണ്ടു വൃഷണങ്ങളിലും വെരിക്കോസില്‍ കാണാറുണ്ട്.
ഇടതുഭാഗത്തെ സിര വലത്തേതിനെ അപേക്ഷിച്ച് വളരെ നീളം കൂടിയതാണ്. അതിനാലാവാം
ഇടതുഭാഗത്ത് വെരിക്കോസില്‍ കൂടതലായിരിക്കുന്നത്.
വെരിക്കോസിലിനു കാരണമെന്ത്?
വൃഷണങ്ങളിലേക്കും വൃഷണസഞ്ചിയിലേക്കും രക്തം എത്തിക്കുന്നത് നേരിയ
ഞരമ്പുകളിലൂടെയാണ്. വൃഷണങ്ങളില്‍ നിന്നുള്ള അശുദ്ധരക്തം തിരിച്ചു
ഹൃദയത്തിലേക്കുപോകുന്നതും ഇത്തരം നേരിയസിരകളിലൂടെതന്നെ. ഈ ചെറുസിരകളില്‍
രക്തമൊഴുകുന്നത് വൃഷണങ്ങളില്‍നിന്ന് മുകളിലേക്കാണല്ലോ. ഇങ്ങനെ
മുകളിലേക്കു രക്തം ഒഴുകാന്‍ സഹായിക്കുന്നത് സിരകളിലെ ചില വാല്‍വുകളാണ്.
ചിലര്‍ക്ക് ജന്മനാ ഈ വാല്‍വുകള്‍ ഉണ്ടായിരിക്കില്ല. ചിലര്‍ക്ക് കൗമാര
പ്രായമെത്തുന്നതോടെ വാല്‍വുകള്‍ക്ക് പ്രവര്‍ത്തനത്തകരാറുകള്‍ വരും.
അങ്ങനെ സിരകളിലെ വാല്‍വുകളുടെ പ്രവര്‍ത്തനം അവതാളത്തിലാകുമ്പോള്‍ രക്തം
വേണ്ടുംവണ്ണം മുകളിലേക്കൊഴുകാതെ കെട്ടിക്കിടക്കാന്‍ തുടങ്ങും.
എഴുന്നേറ്റുനില്‍ക്കുമ്പോഴും മറ്റും രക്തം താഴേക്കൊഴുകി സിരകള്‍
നിറഞ്ഞുവീര്‍ക്കും. വൃഷണത്തിലെ ചെറുസിരകളെല്ലാം ഇങ്ങനെ തടിച്ചുവീര്‍ത്തു
വലുതാകുന്നു. അങ്ങനെയാണ് അവ വലുതായി വിരകളുടെയൊരു കൂട്ടംപോലെ
വൃഷണത്തിനുമേല്‍ വെരിക്കോസിലായി രൂപാന്തരപ്പെടുന്നത്.
കൗമാരമാകുന്നതോടെ ലൈംഗിക ഹോര്‍മോണുകള്‍ കൂടുതലുണ്ടായിത്തുടങ്ങും.
ലൈംഗികാവയവങ്ങള്‍ വളര്‍ച്ചയെത്തുകയും ചെയ്യും. ഈ സമയത്ത് വൃഷണങ്ങളുടെ
വളര്‍ച്ച വേഗത്തിലാവും. വൃഷണങ്ങളിലേക്കു കൂടുതല്‍ രക്തപ്രവാഹം
വേണ്ടിവരികയും ചെയ്യും. ഇങ്ങനെ കൂടുതല്‍ രക്തം ഒഴുകാന്‍ തുടങ്ങുമ്പോഴാണ്
സിരകളിലെ വാല്‍വുകള്‍ക്കു തകരാറുണ്ടായി വെരിക്കോസില്‍ വരുന്നത്.
പ്രശ്‌നമാകുന്നതെങ്ങനെ?
വെരിക്കോസില്‍ ഉള്ളവര്‍ക്കെല്ലാം വന്ധ്യതയോ മറ്റു പ്രശ്‌നങ്ങളോ
ഉണ്ടായിക്കൊള്ളണമെന്നില്ല. പലപ്പോഴും ഇതുകൊണ്ട് കാര്യമായ
ഉപദ്രവങ്ങളൊന്നും ഉണ്ടാകാറില്ലതാനും. വെരിക്കോസില്‍ എങ്ങനെയാണ്
വൃഷണപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത് എന്നതിനെക്കുറിച്ച് പല
അഭിപ്രായങ്ങളുണ്ട്.
വൃഷണങ്ങള്‍ക്കു മീതെ ഞരമ്പുകള്‍ തടിച്ചുപിണഞ്ഞുകിടക്കുന്നതിനാല്
വളരെക്കൂടുതല്‍ രക്തപ്രവാഹം ഉണ്ടാകുന്നു. ഇങ്ങനെ കൂടുതല്‍ രക്തം
പ്രവഹിക്കുന്നതിനാല്‍ വൃഷണങ്ങളുടെ ചൂടു കൂടും. വര്‍ധിച്ച ചൂടില്‍
വൃഷണത്തിലെ ബീജോല്‍പാദകകോശങ്ങള്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാനാവില്ല.
അങ്ങനെ ബീജോല്‍പാദനം അവതാളത്തിലാകുന്നു. ബീജസംഖ്യയും ചലനശേഷിയും കുറയാന്‍
ഇത് കാരണമാകും. വെരിക്കോസില്‍ കൊണ്ടുള്ള ഏറ്റവും പ്രധാന പ്രശ്‌നം ഈ ചൂടു
കൂടല്‍ തന്നെ.
അധിവൃക്കാഗ്രന്ഥിയിലും വൃക്കയിലും നിന്നുള്ള പദാര്‍ഥങ്ങള്‍
വെരിക്കോസിലില്‍ കൂടുതലായി അടിഞ്ഞ് വൃഷണ പ്രവര്‍ത്തനങ്ങളെ ബാധിക്കാം. ഇത്
ബീജങ്ങളുടെ ശരിയായ വളര്‍ച്ചയും വികാസവും അവതാളത്തിലാക്കും.
വൃഷണങ്ങള്‍ക്കു ചുറ്റും അശുദ്ധരക്തം നിറഞ്ഞ സിരകള്‍
തടിച്ചുവീര്ത്തുകിടക്കുന്നതിനാ
കൂടുതലായി തങ്ങിനില്‍ക്കും. ഇതുമൂലം വൃഷണപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര
ഓക്‌സിജനും മറ്റു പോഷകങ്ങളും വേണ്ടത്ര കിട്ടാതെ വരുന്നു. അതിനാല്‍
ബീജോല്‍പാദനം കുറയും. ഉണ്ടാകുന്ന ബീജങ്ങളുടെ ഗുണനിലവാരവും
കുറവായിരിക്കും.
രക്തപ്രവാഹത്തിലെ വ്യത്യാസങ്ങള്‍മൂലം വൃഷണങ്ങളില്‍ പുരുഷഹോര്‍മോണായ
ആന്‍ഡ്രജന്റെ നിലയില്‍ വ്യത്യാസം വരും. ഈ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍
മൂലവും ബീജോല്‍പാദനത്തില്‍ പ്രശ്‌നങ്ങളുണ്ടാകാം.
പരിശോധനകള്‍
വൃഷണത്തില്‍ അസ്വസ്ഥതകളോ ഞരമ്പു തടിപ്പുകളോ കണ്ടാല്‍ വിദഗ്ദ്ധ നായൊരു
യൂറോളജിസ്റ്റിന്‍ സമീപിക്കുക. മിക്കപ്പോഴും നേരിട്ടുള്ള പരിശോധനയില്‍
വെരിക്കോസിലുകള്‍ തൊട്ടുനോക്കി അറിയാനാവും. വന്ധ്യതാ പ്രശ്‌നങ്ങളില്‍,
ബീജസംഖ്യ കുറവുള്ളവര്‍ക്ക് വൃഷണപരിശോധന നടത്തിയിരിക്കും.
തൊട്ടുനോക്കിയാലും തിരിച്ചറിയാന്‍ കഴിയാത്തവ ഡോപ്ലര്‍ പരിശോധനയില്‍
മനസ്സിലാക്കാനാവും. അള്‍ട്രാ സൗണ്ട് സ്‌കാനിങ് പോലുള്ള ഒന്നാണ് ഡോപ്ലര്‍
പരിശോധന. അത്യാവശ്യം വേണ്ടവര്‍ക്കു മാത്രമേ ഇത് നടത്തേണ്ടിവരാറുള്ളൂ.
500-600 രുപയില്‍ താഴെ ചെലവു വരും.
എഴുന്നേറ്റു നില്‍ക്കുമ്പോഴാണ് വൃഷണങ്ങളിലെ വെരിക്കോസിലുകള്‍ കൃത്യമായി
തിരിച്ചറിയാന്‍ കഴിയുക. കിടക്കുമ്പോള്‍ ഈ ഞരമ്പു തടിപ്പുകള്‍
പ്രകടമാവാറില്ല. വെരിക്കോസില്‍ ബാധിച്ച ഭാഗത്തെ വൃഷണം അല്‍പം ചെറുതായി
കാണപ്പെടുന്നതും സാധാരണയാണ്.
ശസ്ത്രക്രിയ തന്നെ ചികിത്സ
ബീജസംഖ്യ കുറവുള്ളവര്‍ക്ക് വെരിക്കോസില്‍ ഉണ്ടെന്നു കണ്ടെത്തിയാല്‍
ശസ്ത്രക്രിയ നടത്തി അത് നീക്കേണ്ടതാണ്. വെരിക്കോസില്‍ ഭേദമാക്കിയ ശേഷം
പരിശോധിക്കുമ്പോള്‍ ബീജസംഖ്യയില്‍ പ്രകടമായ വര്‍ധന കാണാറുണ്ട്.
ബിജക്കുറവുമൂലം വന്ധ്യത അനുഭവിക്കുന്നവര്‍ക്ക് ഇത് തീര്‍ച്ചയായും ഫലം
ചെയ്യും.മെഡിക്കല്‍ കോളേജില്‍ സഹപാഠിയായിരുന്ന ഒരു ഡോക്ടര്‍ക്ക്
വെരിക്കോസില്‍ ശസ്ത്രക്രിയ ചെയ്ത അനുഭവമുണ്ട്. അദ്ദേഹം ഒരു
പതോളജിസ്റ്റായിരുന്നു. കല്യാണം കഴിഞ്ഞ് മൂന്നു കൊല്ലത്തോളമായിട്ടും
കുട്ടികളില്ല. ബീജസംഖ്യ കുറവായിരുന്നു. ഒരു സൗഹൃദസന്ദര്‍ശനത്തിനിടെ
വെറുതെയൊന്നു പരിശോധിച്ചു. ഗുരുതരമല്ലാത്ത ഇടത്തരം വെരിക്കോസില്‍
ഉണ്ടെന്നു കണ്ടു. ഒട്ടും വൈകാതെ ശസ്ത്രക്രിയ നടത്തി. അദ്ദേഹം
പതോളജിസ്റ്റ് ആയതിനാല്‍ മൂന്നാഴ്ചത്തെ ഇടവേളയില്‍ കൃത്യമായി ശുക്ലപരിശോധന
നടത്തിക്കൊണ്ടിരുന്നു. ബീജസംഖ്യയില്‍ ക്രമാനുഗതമായ വളര്‍ച്ചയുണ്ടാകുന്നതു
നേരിട്ടുതന്നെ മനസ്സിലാക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. ആറു
മാസത്തിനകം ആ ദമ്പതികള്‍ക്ക് ഗര്‍ഭധാരണം സാധിക്കുകയും ചെയ്തു.
വെരിക്കോസില്‍ ഒരു ഘടനാപ്രശ്‌നമായതിനാല്‍ അതിന് ഔഷധചികിത്സകളൊന്നും
ഫലപ്രദമാവില്ല. ശസ്ത്രക്രിയ തന്നെ വേണം.ആര്‍ക്കൊക്കെയാണ് ശസ്ത്രക്രിയ
വേണ്ടത് എന്നു തീരുമാനിക്കണം. വെരിക്കോസില്‍ നീക്കിയാല്‍ ബീജസംഖ്യ
കൂടാന്‍ സാധ്യതയുള്ളവര്‍ക്ക് മാത്രമേ ശസ്ത്രക്രിയ നടത്തിയിട്ടു
കാര്യമുള്ളൂ. അസൂസ്‌പേമിയ പോലുള്ള പ്രശ്‌നങ്ങളുള്ളവരില്‍
വെരിക്കോസിലുണ്ടെങ്കിലും അത് നീക്കിയാലും വലിയപ്രയോജനമുണ്ടാകണമെന്നില്ല.
ഗുരുതരമായ വെരിക്കോസിലുള്ള പലര്‍ക്കും വന്ധ്യതാ പ്രശ്‌നം
അനുഭവപ്പടണമെന്നില്ല. വളരെ നേരിയ വെരിക്കോസില്‍ മൂലം ബീജസംഖ്യ കുറഞ്ഞ്
ഗര്‍ഭധാരണത്തിനു കഴിയാതെ വന്നെന്നും വരാം. അതിനാല്‍ ആര്‍ക്കൊക്കെയാണ്
വെരിക്കോസില്‍ ശസ്ത്രക്രിയ വേണ്ടത് എന്നു തീരുമാനിക്കുന്നത് വളരെ
പ്രധാനമാണ്. വിദഗ്ദ്ധ നായൊരു വന്ധ്യതാ ചികിത്സകന് ഇത് എളുപ്പം സാധിക്കും.
മുമ്പ് ഇടുപ്പില്‍ വലിയ സര്‍ജറി നടത്തിയാണ് വെരിക്കോസില്‍
നീക്കിയിരുന്നത്. ഇപ്പോള്‍ താക്കോല്ദ്വാരശസ്ത്രക്രിയയിലൂ
സാധ്യമാണ്.
താക്കോല്‍ദ്വാരശസ്ത്രക്രിയ
രണ്ടു വശത്തും വെരിക്കോസില്‍ ഉള്ളവര്‍ക്ക് ഇടുപ്പില്‍ രണ്ടു ഭാഗത്തുമായി
തുറന്ന് ശസ്ത്രക്രിയ നടത്തുന്നത് ഏറെ ദുഷ്‌കരമായിരുന്നു. കൂടുതല്‍ ദിവസം
ആശുപത്രിയില്‍ കഴിയണം, വലിയ ശസ്ത്രക്രിയാവിഷമതകള്‍ വരും എന്നിങ്ങനെ പല
പ്രശ്‌നങ്ങള്‍. താക്കോല്‍ദ്വാരശസ്ത്രക്രിയ വന്നതോടെ ഇത്തരം വിഷമതകള്‍
ഒഴിവായിട്ടുണ്ട്. മൂന്നു ചെറിയ സുഷിരങ്ങള്‍ ഇട്ട് അതിലൂടെ
ലാപ്രോസേ്കാപ്പ് കടത്തിയാണ് താക്കോല്‍ ദ്വാരശസ്ത്രക്രിയ നടത്തുന്നത്.
പൊക്കിളിനുതാഴേയും അതിനു ചുവടെ ഇടത്തും വലത്തും ഓരോന്നുമായി മൂന്നു ചെറു
സുഷിരങ്ങള്‍ ഇടുന്നു. ലാപ്രോസേ്കാപ്പിലൂടെ വെരിക്കോസ് സിരകളില്‍
ക്ലിപ്പ് ഇട്ട് സിരകള്‍ അടച്ചുകളയുകയാണ് ചെയ്യുന്നത്.
ഇരുവശത്തും ഒരേസമയം ശസ്ത്രക്രിയ ചെയ്യാം എന്നത് ലാപ്രോസേ്കാപ്പിക്
രീതിയുടെ വലിയൊരു സൗകര്യമാണ്. രണ്ടു ദിവസത്തെ ആശുപത്രിവാസം കൊണ്ടുതന്നെ
ചികിത്സ പൂര്‍ത്തിയാക്കാനാവും. രണ്ടോ മൂന്നോ ദിവസം വീട്ടില്‍ വിശ്രമിച്ച്
ശസ്ത്രക്രിയാനന്തര ആലസ്യങ്ങളും അകറ്റാം. പിന്നീട് ഒരാഴ്ചയോളം അല്‍പമൊരു
കരുതല്‍ കൂടി വേണം. അനസേ്തഷ്യ നല്‍കുന്നതിനും ലഘുശസ്ത്രക്രിയകള്‍ക്കും
വേണ്ട പ്രാഥമിക പരിശോധനകള്‍ മാത്രമേ ഇതിന് ആവശ്യമുള്ളൂ.
വെരിക്കോസിലാണ് വന്ധ്യതാ കാരണം എന്നു കൃത്യമായി നിര്‍ണയിച്ചവരില്‍ 75
ശതമാനം പേര്‍ക്കുവരെ ഈ ശസ്ത്രക്രിയ തികച്ചും ഫലപ്രദമായി കണ്ടിട്ടുണ്ട്.
ഡോ. ജോര്‍ജ് പി. എബ്രഹാം
കണ്‍സള്‍ട്ടന്‍റ് യൂറോളജിസ്റ്റ്
പി.വി.എസ്., ലേക്ഷോര്‍ ഹോസ്പിറ്റല്‍സ്,
എറണാകുളം
No comments:
Post a Comment
എഴുതുക എനിക്കായി....