sankar-edakkurussi
അമ്മേ ഞാനിറങ്ങുന്നു...


ബാഗ് തോളിലിട്ട് ഞാൻ പുറത്തേക്കിറങ്ങാൻ തുടങ്ങി..


കട്ടിലിൽ പുതച്ചു മൂടിക്കിടക്കുന്ന അമ്മ വിളിച്ചു ചോദിച്ചു..

കുട എടുത്തില്ല മോനെ.. മഴ നനയല്ലേ..


ഇല്ലമ്മേ...കുട എടുത്തിട്ടുണ്ട്....


മോനെ നീ എന്താ കഴിക്ക്യാ ഉച്ചക്കു...


അത് സാരമില്ല ഒരു ദിവസം കഴിച്ചില്ല എന്ന് വെച്ചു ചത്തു പോവോന്നൂല്ല...

ഇത് പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോ അമ്മേടെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു..

വിശക്കുന്നുണ്ട്.. ഒന്നും കഴിച്ചിട്ടില്ല... പക്ഷെ സാരമില്ല... അത് പുറത്തുകാണിച്ചാൽ അമ്മക്ക് സങ്കടാവും...


അമ്മയുടെ കൂലിപണിയാണ് ഞങ്ങടെ ആശ്രയം... അച്ഛൻ എന്‍റെ ചെറുപ്പത്തിലേ മരിച്ചു... ഞാൻ പഠിത്തം നിർത്തി ജോലിക്കു പോവാന്നു പറഞ്ഞാൽ അമ്മ സമ്മതിക്കില്ല... ഇത് എസ് എസ് എൽ സി ആണ്.. എങ്കിലും അമ്മയറിയാതെ ഇടയ്ക്കു ചെറിയ പണികൾക്കൊക്കെ പോവാറുണ്ട് ഞാൻ.. ഒരാഴ്ചയായി അമ്മ പനിപിടിച്ചു കിടപ്പിലാണ്.. ഈ നശിച്ച മഴ കാരണം എനിക്കും പണിയില്ല.. കയ്യിൽ 10 പൈസ ഇല്ല.. ഉണ്ടായിരുന്ന അരി എടുത്തു കഞ്ഞി വെച്ചു അമ്മേടെ കട്ടിലിന്റെ അടിയിൽ വെച്ചിട്ടാ ഇറങ്ങിയേ... അതും അമ്മ കാണാതെ.. കണ്ടാൽ സമ്മതിക്കില്ല.. എന്നോട് കൊണ്ടൊക്കോളാൻ പറയും..


15 മിനിറ്റു നടന്നാൽ സ്കൂളെത്തും... ഒരുപാടു കാര്യങ്ങൾ ചിന്തിച്ചു നടന്നുകൊണ്ടാവും അന്ന് സ്കൂൾ എത്തിയതറിഞ്ഞില്ല..

ഉച്ചയാകുംതോറും ഉള്ളിലെ വിശപ് കൂടി കൂടി വന്നു.. ഉച്ചക് ചോറുണ്ണാനുള്ള ബെൽ അടിച്ചപ്പോ കഴിക്കാൻ വിളിച്ച കൂട്ടുകാരോട് ഇപ്പൊ വരാം എന്നും പറഞ് ഞാൻ പുറത്തേക്കിറങ്ങി.. എത്രയാന്നുവെച്ച അവരുടേതിൽ നിന്നും പങ്കു മേടിക്കുന്നെ..

പൈപ്പിലെ വെള്ളം ആർത്തിയോടെ കുടിച്ചു ഗ്രൗണ്ടിലെ മരച്ചുവട്ടിൽ പോയിരുന്നു.. നല്ല മഴക്കാറുണ്ട്.. പെയ്യാൻ വിങ്ങി നിൽക്കുന്ന മഴകാറിനെപോലെ എന്‍റെ മനസും വിങ്ങി..


മനസിലെ സങ്കടങ്ങൾ ഒരു മഴയായി പെയ്തു തോർന്നിരുന്നെങ്കിൽ...


എന്താടാ ഇവിടിരിക്കണേ...


പുറകിൽ നിന്നു ചോദ്യം കേട്ടു തിരിഞ്ഞു നോക്കിയപ്പോ ശാരദ ടീച്ചർ...


ഒന്നുല്ല ടീച്ചറെ..


അതല്ല രണ്ടുമൂന്നു ദിവസായി.. ലഞ്ച് ടൈമിൽ ഇവിടെ വന്നുള്ള നിന്‍റെ ഇരിപ്പു..കാര്യം പറയടാ...


ടീച്ചർ എന്‍റെ അടുത്തിരുന്നു...


എനിക്ക് പിടിച്ചു നില്ക്കാൻ കഴിയാതെ ആയിരുന്നു... കണ്ണിൽ നിന്നു അറിയാതെ വെള്ളം വന്നു..


മോനെന്തിനാ കരയുന്നെ...
എന്റെ മുടിയിൽ തലോടി ടീച്ചർ ചോദിച്ചു..


ആ വാത്സല്യത്തിന് മുമ്പിൽ ഞാനെല്ലാം മറന്നു...


കാര്യങ്ങൾ കെട്ടുകഴിഞ്ഞപ്പോ ടീച്ചർ എന്നെയും കൊണ്ട് സ്റ്റാഫ്‌റൂമിലേക്ക് പോയി.. ടീച്ചറുടെ ബാഗിൽ നിന്നും പൊതിച്ചോറെടുത്തു എനിക്ക് നീട്ടി...

ഇത് നീ കഴിച്ചോ..

മറിച്ചൊന്നും പറയാൻ എന്നെ എന്‍റെ വിശപ്പു അനുവദിച്ചില്ല...


ആർത്തിയോടെ ഭക്ഷണം വാരിത്തിന്നുന്ന എന്നെ ടീച്ചർ നോക്കിയിരുന്നു..

പകുതി കഴിച്ചിട്ടു ബാക്കി പൊതിഞ്ഞ എന്നോട് ടീച്ചർ ചോദിച്ചു..

എന്തെ ബാക്കി കഴിക്കാതെ..


'അമ്മ.. വൈകിട്ടു അമ്മക്ക് കൊടുക്കാനാ...വയ്യാണ്ടിരികുവല്ലേ..

ടീച്ചറുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു..

പിറ്റേദിവസം മുതൽ ടീച്ചറുടെ ബാഗിൽ രണ്ടു പൊതിയുണ്ടാവും.. ഒരെണ്ണം എനിക്കും... ഒരെണ്ണം ടീച്ചർക്കും..

****

സർ...


വിളികേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്... മുൻപിൽ പി എ എലിസബത്ത്..

എന്തുപറ്റി സർ.. എന്തോ ആലോചിക്കുകയാരുന്നല്ലോ...


ഏയ്...ഒന്നുല്ല...പത്രത്തിലെ ഈ പ്രവേശനോത്സവത്തിന്റെ ഫോട്ടോ കണ്ടപ്പോ പഴേ കുട്ടികാലം ഓർത്തതാ.. അതുപോട്ടെ.. താനെന്തിനാ വിളിച്ചേ..

ഒരാൾ കാണാൻ വന്നിരിക്കുന്നു.. നമ്മുടെ അക്കൗണ്ടന്റ് ശരത്തിന്റെ ഫ്രണ്ട് ആണ്..

വരാൻ പറയൂ...

ശെരി സർ..

അവൾ ക്യാബിനു പുറത്തേക്കു പോയി... പിന്നാലെ ശരത്തും കൂടെ ഒരു ചെറുപ്പക്കാരനും കയറി വന്നു..

എന്താ ശരത്തെ...ആരാ ഇത്..

സർ ഇത് നാട്ടിൽ എന്‍റെ കൂടെ പഠിച്ചയാളാണ്.. അഭിജിത്.. ഒരു ജോലിയുടെ അന്യോഷണത്തിലാണ്.. ഞാനാണ് സാറിനെ ഒന്നു കാണാൻ പറഞ്ഞത്..

അഭിജിത് ഇരിക്ക്...സി വി തരു...

അയാളുടെ സി വി വിശദമായി വായിച്ചു.. ഒന്നുകൂടെ ആ മുഖത്തേക്കു നോക്കി..

തിരുവനന്തപുരം ആണല്ലേ താമസം...

അതെ...

അമ്മ മാത്രേ ഉള്ളു.. അപ്പോ അമ്മ ഇപ്പോ വീട്ടിൽ ഒറ്റക്കാണോ...


അല്ല ഒറ്റക്ക് വിട്ടിട് പോരാൻ പറ്റാത്തതുകൊണ്ട് ഞാനിങ്ങുപോന്നപ്പോ കൊണ്ടുവന്നു... ലോഡ്ജിലുണ്ട്..

'അമ്മ റിട്ടയേർഡ് ആയി അല്ലേ..

അതേ..

ഞാനെന്റെ കാർഡ് എടുത്തു നീട്ടി..

ഇതാണെന്റെ വീടിന്റെ അഡ്രെസ്സ്... വൈകിട്ടു വീട്ടിലേക്കു വരൂ.. അമ്മയെയും കൂട്ടി..

അല്ല സർ ജോലിയുടെ കാര്യം..

അതിനല്ലേ വൈകിട്ടു വീട്ടിലേക്കു വരാൻ പറഞ്ഞത്.. അവിടെ വെച്ചു പറയാം..

ശെരി സർ..

അവരിറങ്ങിയപ്പോൾ ഞാൻ അഭിയെ വിളിച്ചു.. അഭി എന്‍റെ ഭാര്യ ആണ്...

അഭി വൈകിട്ടു രണ്ട് ഗസ്റ്റ് ഉണ്ടാവും.. ഫുഡ് വേണം ട്ടോ..

രാത്രിയിൽ അവരെത്തി...

നല്ല മഴ പെയ്യുന്നുണ്ടിയിരുന്നു പുറത്തു..

അവരെ അകത്തേക്കിരുത്തി..

അഭീ... അമ്മയേം വിളിച്ചു ഇങ് വന്നേ...

അമ്മയോടൊപ്പം അഭിയും ഹാളിലേക്ക് വന്നു..

അമ്മയോട് ഞാൻ ചോദിച്ചു.. അമ്മക്ക് ആ ഇരിക്കുന്ന ആളെ മനസ്സിലായോ..


'അമ്മ സൂക്ഷിച്ചു നോക്കി.. ഇതൊക്കെ കണ്ടു വന്നു കയറിയ സ്ത്രീ അന്തംവിട്ടിരിപ്പുണ്ടാരുന്നു..

ഇല്ലടാ..ആരാ...

പണ്ടിതുപോലൊരു മഴക്കാലത്ത് വയ്യാതെ കിടന്ന അമ്മയ്ക്കും വിശപ്പടക്കാനാവാതെ കരഞ്ഞ എനിക്കും ആശ്വാസമായത് ആ കൈ കൊണ്ടുണ്ടാക്കിയ ചോറായിരുന്നു...

ശാരദ ടീച്ചർ..

അപ്പോ അമ്മ മറന്നിട്ടില്ല അല്ലേ..

ഇരുന്നിടത്തു നിന്നും ടീച്ചർ എഴുനേറ്റു.. ആ കൈകൾ വിറക്കുന്നുണ്ടാരുന്നു...

ശ്രീ...


അതെ ടീച്ചറെ.. ടീച്ചറുടെ പഴയ ശ്രീ തന്നെ.... ഒരുപാട് അന്യോഷിച്ചു ടീച്ചറെ ഞാൻ.. പക്ഷെ വിരമിച്ച ശേഷം താമസം മാറിപ്പോയ ടീച്ചറെ പറ്റി ആർക്കും ഒരു വിവരവുമുണ്ടായിരുന്നില്ല... ദൈവമായിട്ട ഇപ്പോ ഇവനെ എന്‍റെ മുമ്പിൽ കൊണ്ടുവന്നു നിർത്തിയത്.. അഭിജിത് നാളെ മുതൽ ജോയിൻ ചെയ്തോളു... വാടകക്ക് ഒരു വീട് റെഡി ആകുന്നവരെ ഇവിടെ താമസിക്കാം..

നിറഞ്ഞ കണ്ണുകളോടെ എന്‍റെ മുമ്പിൽ നിന്നു ടീച്ചർ പറഞ്ഞു..

നന്ദിയുണ്ട് മോനെ..

ആ കയ്യിൽ പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു...

അന്ന് ടീച്ചർ തന്ന ഒരുപിടി ചോറിനു ഞങ്ങളുടെ ജീവന്‍റെ വിലയുണ്ടാരുന്നു.. അതിനു നിഷ്കളങ്കമായ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും മാധുര്യമുണ്ടായിരുന്നു.. അതിനുള്ള പ്രത്യുപകാരമായിട്ടൊന്നും കൂട്ടണ്ട.. ഇത് ടീച്ചേർക്കുള്ള എന്‍റെ ഗുരുദക്ഷിണ...

രാത്രിയിൽ മഴയെ നോക്കി ബാൽക്കണിയിൽ നികുമ്പോ അഭി അടുത്ത് വന്നു ചോദിച്ചു...

എന്തേ പതിവില്ലാതെ..

അവളെ ചേർത്തുപിടിച്ചു ഞാൻ പറഞ്ഞു..


ചില ദിവസങ്ങൾ...ചില സംഭവങ്ങൾ...അവയാണ് നമ്മുടെ ജീവിതത്തിനു അർഥം ഉണ്ടെന്നു മനസിലാക്കിത്തരുന്നവ.. ഇന്നങ്ങനെ ഒരു ദിവസമായിരുന്നു... കൃതാർത്ഥമായ മനസോടെ ഇന്നെനിക്കുറങ്ങാം... ഏറ്റവും സന്തോഷവാനായ മനുഷ്യനായി..


 by net

No comments:

Post a Comment

എഴുതുക എനിക്കായി....