ഇങ്ങനയും ഒരു മൊബൈലോ

തനിയെ ചാര്‍ജാകുന്ന മൊബൈല്‍ഫോണ്‍. വര്‍ഷങ്ങളായി മൊബൈല്‍ ഫോണ്‍ കമ്പനികള്‍ ഇത്തരമൊരു സൗകര്യം സൃഷ്ടിക്കാനായി പഠനങ്ങള്‍ നടത്തുകയാണ്. ലോകമെങ്ങുമുള്ള ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ സ്വപ്‌നം കണ്ടിരുന്ന ആ നിര്‍ണായക കണ്ടുപിടിത്തത്തിലേക്ക് ആദ്യമടുക്കുന്നത് 'നോക്കിയ' കമ്പനി തന്നെ. തനിയെ ചാര്‍ജാകുന്ന മൊബൈല്‍ഫോണുകളുടെ സാങ്കേതികവിദ്യ സ്വായത്തമാക്കിയ നോക്കിയ ഇതിന്റെ പേറ്റന്റിനായി യു.എസ്. സര്‍ക്കാറിന് അപേക്ഷ നല്‍കിക്കഴിഞ്ഞു. നോക്കിയയുടെ ഫിന്‍ലന്‍ഡിലെ ഗവേഷകവിഭാഗമാണ് ഇതുസംബന്ധിച്ചുള്ള പഠനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.

ഹാന്‍ഡ്‌സെറ്റ് ഇളകുമ്പോഴുണ്ടാകുന്ന ഘര്‍ഷണം വൈദ്യുതോര്‍ജ്ജമാക്കിമാറ്റുകയെന്ന സങ്കീര്‍ണപ്രക്രിയ വഴിയാകും മൈാബൈല്‍ ഫോണുകള്‍ തനിയെ ചാര്‍ജാകുകയെന്ന് നോക്കിയ കമ്പനി വക്താക്കള്‍ സൂചിപ്പിക്കുന്നു. ഹാന്‍ഡ്‌സെറ്റിനുള്ളിലെ ഭാരം കൂടിയ ഭാഗങ്ങളായ റേഡിയോ ട്രാന്‍സ്മിറ്റര്‍ സര്‍ക്യൂട്ടും ബാറ്ററിയും പ്രത്യേക ഫ്രെയിമില്‍ ഘടിപ്പിച്ചുകൊണ്ടാണിതു സാധ്യമാക്കുക.

മുന്നോട്ടും പുറകോട്ടും പിന്നെ വശങ്ങളിലേക്കും നീങ്ങുന്ന റെയിലുകളിലാകും ഈ ഫ്രെയിം സ്ഥാപിക്കുക. ഓരോ റെയിലുകളുടെ അറ്റത്ത് പിസോ ഇലക്ട്രിക് ക്രിസ്റ്റലുകളുമുണ്ടാകും. ഫോണ്‍ പോക്കറ്റിലിട്ട് നടക്കുമ്പോഴോ ഫോണ്‍ ഇളക്കുമ്പോഴോ റെയിലില്‍ സ്ഥാപിച്ച ഫ്രെയിം നേെര ചെന്ന് പിസോ ഇലക്ട്രിക് ക്രിസ്റ്റലുകളുമായി കൂട്ടിയിടിക്കും. ഈ കൂട്ടിയിടിയിലുണ്ടാകുന്ന വൈദ്യുതോര്‍ജ്ജം കപ്പാസിറ്റര്‍ വഴി ശേഖരിച്ച് അത് മൊബൈലിന്റെ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുകയെന്നതാണ് പദ്ധതി.

പുതിയ സാങ്കേതികവിദ്യ പ്രകാരം മൊബൈല്‍ ഫോണ്‍ പോക്കറ്റിലിട്ട് അല്പദൂരം നടന്നുവന്നാല്‍ ഫോണ്‍ ഫുള്‍ചാര്‍ജാകുമെന്നര്‍ഥം. ഇത് പ്രാവര്‍ത്തികമായാല്‍ മൊബൈല്‍ഫോണ്‍ മേഖലയില്‍ വിപഌവകരമായ മാറ്റങ്ങള്‍ സംഭവിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ മറന്നുപോയെന്ന വേവലാതിക്കും ഇനി അടിസ്ഥാനമില്ലാതാകും. ഇത്തരെമാരു സംവിധാനം നടപ്പാക്കുന്നതോടെ മൊബൈല്‍ഫോണ്‍ വിപണിയിലെ തങ്ങളുടെ മേധാവിത്വം തുടരാന്‍ നോക്കിയയ്ക്ക് നിഷ്പ്രയാസം സാധിക്കുകയും ചെയ്യും.

നോക്കിയയുടെ കണ്ടുപിടുത്തം പുതിയതാണെങ്കിലും പിസോഇലക്ട്രിക്കല്‍ ക്രിസ്റ്റലുകളെക്കുറിച്ചറിയുന്ന ശാസ്ത്രലോകത്തിന് ഇതൊരു പുതുമയല്ല. യാന്ത്രികസമ്മര്‍ദ്ധം (Mechanical Stress) നല്‍കിയാല്‍ തനിയെ വൈദ്യുതവലയം സൃഷ്ടിക്കാന്‍ കഴിവുള്ള പിസോഇലക്ട്രിക്കല്‍ ക്രിസ്റ്റലുകളെക്കുറിച്ചുള്ള പഠനങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കുന്നുണ്ട്.

ഇത്തരം ക്രിസ്റ്റലുകളുടെ ചെറിയൊരു പ്രായോഗിക ഉപയോഗം മാത്രമാണ് മൊബൈല്‍ഫോണുകളില്‍ നോക്കിയ അവതരിപ്പിക്കുന്നതെന്നും ശാസ്ത്രഞ്ജന്‍മാര്‍ പറയുന്നു. വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ റോഡിലുണ്ടാകുന്ന സമ്മര്‍ദം പിസോക്രിസ്റ്റലുകളുപയോഗിച്ച് വൈദ്യുതിയാക്കിമാറ്റാനുള്ള പഠനങ്ങള്‍ ഇപ്പോള്‍ നടന്നുവരികയാണ്


No comments:

Post a Comment

എഴുതുക എനിക്കായി....