പരിശോധന മാമോഗ്രാമിലൂടെ

എന്താണ് മാമോഗ്രാം സ്തനാര്‍ബുദ പരിശോധനയ്ക്കായി ഉപയോഗിക്കുന്ന സുരക്ഷിതമായ എക്‌സ്‌റേ പരിശോധനയാണ് മാമോഗ്രാം. ഇങ്ങനെ എടുക്കുന്ന എക്‌സ്‌റേ ചിത്രം ഫിലിമിലാക്കിയോ നേരിട്ട് കംപ്യൂട്ടറില്‍ പകര്‍ത്തിയോ വിദഗ്ധ ഡോക്ടറുടെ പരിശോധനയ്ക്ക് ഉപയോഗിക്കുന്നു.

സാധാരണ രീതിയിലുള്ള ബാഹ്യപരിശോധനയില്‍ വ്യക്തമാകാത്ത മാറ്റങ്ങള്‍ സ്തനകോശങ്ങളിലുണ്ടെങ്കില്‍ അത് മാമോഗ്രാം പരിശോധനയിലൂടെ വ്യക്തമാകും. യാതൊരു രോഗലക്ഷണവുമില്ലാത്തവരില്‍ മുന്‍ കരുതല്‍ എന്ന നിലയ്ക്കും രോഗലക്ഷണങ്ങള്‍ കണ്ടവരില്‍ വിദഗ്ധ പരിശോധനയ്ക്കായും മാമോഗ്രാം ചെയ്യും.

പരിശോധന എങ്ങനെ?

അരമണിക്കൂറിനകം ചെയ്യാവുന്ന ഒരു പരിശോധനയാണിത്. സ്തനങ്ങള്‍ ഓരോന്നായി ഒരു പ്ലാസ്റ്റിക് പ്ലേറ്റിനും എക്‌സ്‌റേ പ്ലേറ്റിനും ഇടയില്‍ വെച്ച് അമര്‍ത്തി ആന്തരിക കോശങ്ങളുടെ വ്യക്തമായ ചിത്രം മാമോഗ്രാം യന്ത്രത്തില്‍ പകര്‍ത്തുകയാണ് ചെയ്യുന്നത്.

എല്ലാ വൈദ്യപരിശോധനകളേയും പോലെ ഇതിനും ചില പരിമിതികളുണ്ട്. ചില അര്‍ബുദങ്ങള്‍ മാമോഗ്രാമിലൂടെ കണ്ടെത്താന്‍ കഴിയില്ലെന്നതാണ് ഒരു പരിമിതി. പക്ഷേ, ഒരു ക്ലിനിക്കല്‍ പരിശോധനയിലൂടെ അവ നിര്‍ണയിക്കാവുന്നതാണ്.

ഇതിനൊക്കെ പ്രാഥമികമായി സ്വയം സ്തനപരിശോധന ചെയ്യുന്നത് മുന്‍കൂട്ടി രോഗം നിര്‍ണയിക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഗര്‍ഭാവസ്ഥ, ആര്‍ത്തവ വിരാമം, മാസമുറ, ഗര്‍ഭനിരോധനഗുളികകള്‍ കഴിക്കുന്ന സമയം എന്നീ അവസരങ്ങളില്‍ സ്തനപരിശോധന കൃത്യമാകണമെന്നില്ല എന്നും ഓര്‍ക്കേണ്ടതാണ്.

സ്‌ക്രീനിങ് മാമോഗ്രാം

സ്തനാര്‍ബുദ ലക്ഷണമൊന്നുമില്ലാത്തവരില്‍ മുന്‍കൂര്‍ രോഗനിര്‍ണയത്തിനായി ചെയ്യുന്ന പരിശോധനയാണിത്. ഓരോ സ്തനത്തിന്റെയും രണ്ടുവീതം എക്‌സ്‌റേകള്‍ എടുക്കും. പ്രത്യക്ഷത്തില്‍ കാണപ്പെടാത്തതോ അനുഭവപ്പെടാത്തതോ ആയ മുഴകള്‍ ഇതുവഴി കണ്ടെത്താനാകും. കൂടാതെ കാത്സ്യത്തിന്റെ ചെറുനിക്ഷേപങ്ങളും പരിശോധനയില്‍ കണ്ടെത്താനാകും. ഇത്തരം കാത്സ്യം നിക്ഷേപങ്ങള്‍ കാന്‍സര്‍ സൂചനകളാവാം.

ഡയഗ്‌നോസ്റ്റിക് മാമോഗ്രാം

സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തുന്നതിന്റെവിശദപരിശോധനയുടെ ഭാഗമായി നടത്തുന്ന പരിശോധനയാണിത്. സ്തനത്തില്‍ വേദന, ത്വക്കില്‍ തടിപ്പ്, മുലഞെട്ട് ഉള്‍വലിഞ്ഞിരിക്കുക, ആകൃതിയില്‍ വ്യത്യാസം-ചിലപ്പോള്‍ അര്‍ബുദലക്ഷണങ്ങളാകാം. ഇത്തരം സാഹചര്യങ്ങളില്‍ ഡയഗ്‌നോസ്റ്റിക് മാമോഗ്രം ചെയ്യേണ്ടതാണ്. സ്‌കാനിങ് മാമോഗ്രാമിനേക്കാള്‍ സമയമെടുക്കുന്ന പരിശോധനയാണിത്. സ്തനത്തിന്റെ വ്യത്യസ്ത വശങ്ങളില്‍ നിന്നുള്ള കൂടുതല്‍ എക്‌സ്‌റേ എടുത്താണ് രോഗനിര്‍ണയത്തിനുള്ള ചിത്രങ്ങള്‍ ലഭ്യമക്കുന്നത്. മുഴ കണ്ടെത്തുന്നഭാഗം വലുതാക്കി കാണിച്ച് ഡോക്ടര്‍ക്ക് രോഗനിര്‍ണയം ഏളുപ്പമാക്കാനും ഇതില്‍ സാധിക്കും.

പരിശോധന എപ്പോള്‍ വേണം?

നാല്പതു കഴിഞ്ഞ സ്ത്രീകള്‍ രണ്ടുവര്‍ഷത്തിലൊരിക്കലെങ്കിലും മാമോഗ്രാം പരിശോധന നടത്തണം. സ്തനാര്‍ബുദം വന്നവരുടെ പാരമ്പര്യമുള്ളവര്‍ നാല്പതുവസ്സിനുമുമ്പ് തന്നെ പരിശോധനയ്ക്ക് വിധേയമാകുന്നതാണ് സുരക്ഷിതം. മാമോഗ്രാം പരിശോധനയ്ക്ക് പോകുംമുമ്പ് ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍ ഇനി പറയുന്നു.

മാസമുറയ്ക്കു മുന്‍പുള്ള ഒരാഴ്ച പരിശോധന നടത്തുന്നത് ഒഴിവാക്കണം
മുകള്‍ഭാഗം എളുപ്പത്തില്‍ അഴിച്ചുമാറ്റാവുന്ന വസ്ത്രങ്ങള്‍ ധരിച്ച് പോകുന്നത് നന്നായിരിക്കും.
പെര്‍ഫ്യൂം പൗഡര്‍, മറ്റ് ലേപനങ്ങള്‍ എന്നിവ കഴുത്തിന് കീഴെയുള്ള ഭാഗങ്ങളില്‍ പുരട്ടി മാമോഗ്രാമിന് പോകരുത്. എക്‌സ്‌റേയില്‍

അവ്യക്തതയുണ്ടാകാന്‍ സാധ്യതയുണ്ട്.
Courtesy:Mathurbhumi

No comments:

Post a Comment

എഴുതുക എനിക്കായി....