അലര്‍ജി എന്ന വാക്കിനര്‍ഥം.

sankar-edakurussi

അലര്‍ജി-കാരണവും പരിഹാരവും
ജനജീവിതവുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്ന ഒരു രോഗമാണ് അലര്‍ജി. നിങ്ങള്‍ക്ക് ഏതുവസ്തുവിനോടാണ് അലര്‍ജി എന്ന് അനുഭവിച്ചറിയേണ്ടിവരും. 'അസ്വാഭാവികമായ പ്രവര്‍ത്തനം' എന്നാണ് അലര്‍ജി എന്ന വാക്കിനര്‍ഥം. ഏതെങ്കിലും ഒരന്യപദാര്‍ഥം ശരീരത്തില്‍ പ്രവേശിച്ചാല്‍ അതിന്റെ പ്രഭാവത്തെ നശിപ്പിക്കാനായി ഒരു രാസവസ്തു-ആന്റിബോഡി- ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നു.

ആന്റിബോഡിയുടെ ഉത്പാദന പ്രക്രിയയില്‍ എന്തെങ്കിലും തകരാറുണ്ടായാല്‍ ബാഹ്യവസ്തുവിന് യാതൊരു എതിര്‍പ്പുകളെയും നേരിടാതെതന്നെ ശരീരകോശങ്ങളില്‍ പ്രവേശിക്കാന്‍ കഴിയും. ഈ പ്രവര്‍ത്തനത്തില്‍ 'ഹിസ്റ്റാമിന്‍' എന്ന രാസവസ്തു രൂപംകൊള്ളുകയും ഇത് അലര്‍ജി സംബന്ധമായ ലക്ഷണങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.

രോഗബാധയില്‍, ശരീരപ്രകൃതിയുമായി യോജിക്കാത്ത അസാത്മ്യ വസ്തുക്കളുമായുള്ള സമ്പര്‍ക്കത്തിന്റെ നിര്‍ണായക പങ്കിനെക്കുറിച്ച് ആയുര്‍വേദാചാര്യന്മാര്‍ പ്രത്യേകമായി പരാമര്‍ശിച്ചിട്ടുണ്ട്. പഞ്ചേന്ദ്രിയങ്ങള്‍ക്കോരോന്നിനും ഉണ്ടാകുന്ന അസാത്മ്യ സമ്പര്‍ക്കം, രോഗഹേതുവായി അവര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു.

കൃത്രിമവസ്തുക്കളുടെയും രാസപദാര്‍ഥങ്ങളുടെയും പ്ലാസ്റ്റിക്കിന്റെയും മറ്റും ഉപഭോഗം വര്‍ധിച്ചതോടെ അലര്‍ജി സമൂഹത്തില്‍ വര്‍ധിച്ച തോതില്‍ കാണപ്പെടാന്‍ തുടങ്ങി. ഇത്തരം പദാര്‍ഥങ്ങളോട് പ്രതിപ്രവര്‍ത്തന സ്വഭാവം ഉള്ള വ്യക്തി ഇവയുമായി സമ്പര്‍ക്കം ഉണ്ടായി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ത്വക്കില്‍ ചൊറിച്ചിലും ചുവന്നു തടിക്കലും നീരും പോളനും മറ്റും പ്രത്യക്ഷപ്പെടുന്നതാണ്. ഇതിന് ശീതപിത്തം എന്നു പറയുന്നു. തുടക്കം വളരെ പെട്ടെന്നായിരിക്കും. നല്ല ചൊറിച്ചിലുണ്ടാകുകയും ചൊറിഞ്ഞ ഭാഗം തിണര്‍ത്തു വരികയും ചെയ്യും.

തണുപ്പേല്‍ക്കുക, തണുത്ത വെള്ളത്തില്‍ കുളിക്കുക, മഞ്ഞുകൊള്ളുക എന്നിവയും കൊതുക്, കടന്നല്‍ തുടങ്ങിയ ക്ഷുദ്രജന്തുക്കളുടെ ദംശനവും ഫെയ്‌സ് ക്രീം, നെയില്‍ പോളിഷ്, കൃത്രിമ നൂലുകൊണ്ടുണ്ടാക്കുന്ന വസ്ത്രങ്ങള്‍, ഹെയര്‍ ഡൈ, തൊഴില്‍പരമായി ബന്ധപ്പെടേണ്ടിവരുന്ന രാസദ്രവ്യങ്ങള്‍ എന്നിവയും അലര്‍ജി സംബന്ധമായ അസ്വസ്ഥതകള്‍ക്ക് കാരണമാകാം.

മേല്‍ സൂചിപ്പിച്ച കാരണങ്ങളാല്‍ കഫവും വാതവും ദുഷിച്ച് പിത്തത്തോടു ചേര്‍ന്ന് രക്തത്തിലൂടെ ത്വക്കിലെത്തി ചൊറിഞ്ഞു തടിപ്പുണ്ടാക്കുമെന്ന് ആയുര്‍വേദാചാര്യന്മാര്‍ പറയുന്നു. അതിയായ ദാഹം, അരുചി, നെഞ്ചെരിച്ചില്‍, കണ്ണും മൂക്കും ചൊറിയുക, ദേഹത്തിനു കനം തോന്നുക എന്നിവ ശീതപിത്തം ബാധിക്കുന്നതിന് പ്രാരംഭമായി രോഗിക്കനുഭവപ്പെടാം. പുകച്ചില്‍, ചൊറിച്ചില്‍, ചുവപ്പുനിറം, തിണര്‍പ്പ് എന്നിവയാണ് മുഖ്യ ലക്ഷണങ്ങള്‍.

അലര്‍ജി നിമിത്തം ഉണ്ടാകുന്ന മറ്റൊരു രോഗമാണ് പ്രതിശ്യായം. നാസാനാളത്തിനു വീക്കം സംഭവിക്കുക കാരണം മൂക്കിലൂടെ ജലസ്രവണവും തുമ്മലും തുടങ്ങുന്നു. തണുത്ത കാറ്റ്, മഞ്ഞ്, നെല്ല്, ഗോതമ്പ്, പഞ്ഞി ഇവകളുടെ പൊടി തുടങ്ങിയ കാരണങ്ങള്‍ ഇവിടെയും ബാധകമാണ്.

പഴകിയതും ദുഷിച്ചതും ശുചിത്വമില്ലാത്ത സാഹചര്യത്തില്‍ പാകംചെയ്തതുമായ ആഹാര പാനീയങ്ങള്‍, കേടുകൂടാതിരിക്കാനും നിറവും മണവും രുചിയും വര്‍ധിക്കാനുപയോഗപ്പെടുത്തുന്ന ചില രാസവസ്തുക്കള്‍, എരിവും മസാലയും, കൊഞ്ച്, ഞണ്ട്, കൂണ്‍, കക്കയിറച്ചി, അമിത മദ്യപാനം എന്നിവയും വിരുദ്ധാഹാരങ്ങളും അലര്‍ജിക്ക് കാരണമാകും.

അലര്‍ജിയുടെ കാരണമെന്തായാലും ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥ പരിഹരിക്കുകയാണ് രോഗം പൂര്‍ണമായി ശമിക്കാനുള്ള ആയുര്‍വേദത്തിന്റെ മാര്‍ഗം. രോഗാണുക്കളെ നശിപ്പിക്കലല്ല, രോഗാണുക്കള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ സാഹചര്യമൊരുക്കുന്ന ദോഷവൈഷമ്യവും ധാതുവൈകൃതവും പരിഹരിക്കുകയാണ് ആയുര്‍വേദ ചികിത്സയുടെ കാതലായ അംശം.

ശീതപിത്തത്തിന്റെ ആരംഭത്തില്‍ത്തന്നെ ചിറ്റമൃത്, മഞ്ഞള്‍, വേപ്പിന്‍തൊലി, കൊടിത്തൂവ വേര്, കടുക്കാത്തോട്, മുത്തങ്ങാക്കിഴങ്ങ് തുടങ്ങിയ മരുന്നുകള്‍ ഉള്‍ക്കൊള്ളുന്ന അമൃതാദി കഷായം വളരെ പ്രയോജനം ചെയ്യുന്നതായി കണ്ടിട്ടുണ്ട്. ചൊറിച്ചിലിന്റെ ശക്തി കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. ദേഹത്ത് ശക്തമായ ചൊറിച്ചിലും നല്ല ചുവപ്പുനിറവും വ്യാപകമായ നീരുമുണ്ടെങ്കില്‍ നാല്പാമരമൊട്ട്, രാമച്ചം, ചിറ്റമൃത്, ഇരട്ടിമധുരം, മുത്തങ്ങാക്കിഴങ്ങ്, മഞ്ഞള്‍, ചന്ദനം, നറുനീണ്ടിക്കിഴങ്ങ് ഇവ പാലില്‍ പുഴുങ്ങിയരച്ച് ദേഹത്ത് ലേപനം ചെയ്യണം. വേപ്പിലയും മഞ്ഞളും നെല്ലിക്കയും പൊടിച്ച് നെയ്യില്‍ കുഴച്ചു കഴിക്കുകയും ചെയ്യാം. ദൂഷീവിഷാരിഗുളിക, ഹരിദ്രാഖണ്ഡം, രജ്ഞിഷ്ഠാദികഷായം എന്നിവ വിദഗ്ധ നിര്‍ദേശത്തില്‍ ഉപയോഗപ്പെടുത്തുന്നതും നല്ലതാണ്.

ശക്തമായ തുമ്മലും മൂക്കടപ്പും മൂക്കില്‍നിന്ന് വെള്ളമൊലിക്കലും ഉണ്ടെങ്കില്‍ ചെറുവഴുതിനയരി, മുരിങ്ങക്കുരു, നാഗദന്തിക്കുരു, ത്രികട്ടാവിഴാലരി പരിപ്പ് ഇവ ആട്ടിന്‍പാലിലരച്ച് കലക്കി എണ്ണചേര്‍ത്തു കാച്ചിയരച്ച് നസ്യംചെയ്യുന്നത് നല്ല ഫലം നല്കും. ത്രിഭുവനകീര്‍ത്തിരസം, വ്യോഷാദിവടകം, ലക്ഷ്മീവിലാസരസം എന്നിവയും പ്രയോജനപ്രദംതന്നെ. ജീരകം, മുത്തങ്ങാക്കിഴങ്ങ്, ചിറ്റരത്ത ഇവ പൊടിച്ച് എണ്ണയും ആവണക്കെണ്ണയും സമം ചേര്‍ത്ത് അതില്‍ ശതകുപ്പ പൊടിച്ചുചേര്‍ത്തു ശിരസ്സില്‍ തളംവെക്കുന്നതും നല്ലതാണ്.

ച്യവനപ്രാശവും അഗസ്ത്യരസായനവും ശ്വാസംമുട്ടല്‍ ശമിപ്പിക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും നല്ലതാണ്. മഞ്ഞള്‍, കുരുമുളക്, മുന്തിരിങ്ങ, ചിറ്റരത്ത, ചെറുതിപ്പലി, കച്ചോലം ഇവ പൊടിച്ച് നല്ലെണ്ണയും ചേര്‍ത്തുപയോഗപ്പെടുത്തിയാല്‍ ശക്തിയേറിയ ശ്വാസംമുട്ടലും ശമിക്കുന്നു.

അലര്‍ജി ഉണ്ടാക്കുന്ന അലര്‍ജനുകളെ ഒഴിവാക്കുകയാണ് അലര്‍ജി ചികിത്സയില്‍ പ്രധാനം. നിത്യജീവിതത്തിലുപയോഗപ്പെടുത്തുന്ന ഇവകളെ കണ്ടെത്താന്‍ രോഗികള്‍ക്കാണ് എളുപ്പം. മുറികള്‍ പൊടിപടലങ്ങളില്ലാതെ സൂക്ഷിക്കുക, അലര്‍ജിയുള്ള ആഹാര സാധനങ്ങളെ ഒഴിവാക്കുക, അലര്‍ജിക്ക് സാധ്യതയുള്ള വളര്‍ത്തുമൃഗങ്ങളെ അകറ്റിനിര്‍ത്തുക. പുകവലി, മദ്യപാനം ഇവ ഒഴിവാക്കണം.
അലര്‍ജി ഉണ്ടാക്കുന്ന ഗുല്‍ഗുലു, കൊടുവേലി, എരുക്ക്, ഉമ്മം തുടങ്ങിയവ ചേരുന്ന മരുന്നുകള്‍ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം കഴിക്കുക.
by net

No comments:

Post a Comment

എഴുതുക എനിക്കായി....