കടമാണ് വാങ്ങുന്നതെന്ന ഉത്തമബോധ്യമില്ലെങ്കില്‍

കാര്‍വായ്പ എടുക്കുമ്പോള്‍
വായ്പയെടുക്കുമ്പോള്‍ കടമാണ് വാങ്ങുന്നതെന്ന ഉത്തമബോധ്യമില്ലെങ്കില്‍ നട്ടം തിരിഞ്ഞത് തന്നെ. ഒരുപക്ഷെ തിരിച്ചു കയറാനാകാത്ത പ്രതിസന്ധിയിലേക്കാവും അത് കൊണ്ടുചെന്നെത്തിക്കുക. അതിനാല്‍ കാര്‍ വാങ്ങാന്‍ വായ്പയെടുക്കുമ്പോള്‍ അത്യാവശ്യം ശ്രദ്ധിച്ചിരിക്കേണ്ട വസ്തുതകള്‍ മറക്കാതിരിക്കുക.

പൊതുമേഖലാ ബാങ്കുകളും ഒട്ടേറെ സ്വകാര്യ ബാങ്കുകളും ഇന്ന് കാര്‍ വായ്പ നല്‍കുന്നുണ്ട്. വായ്പാ രംഗത്തെ കടുത്ത മത്സരം നേരിടാന്‍ ഒട്ടനവധി വായ്പാ പദ്ധതികളാണ് ഇവര്‍ അവതരിപ്പിച്ചിട്ടുള്ളത്. ഏറ്റവും കുറഞ്ഞ പലിശ നിരക്ക് തേടിയെത്തുന്ന ഉപഭോക്താവിനെ ആകര്‍ഷിക്കും വിധമാണ് പല പദ്ധതികളും. എന്നാല്‍, വായ്പയെടുക്കുമ്പോള്‍ കുറഞ്ഞ മാസത്തവണ(ഇം.എം.ഐ) തുക മാത്രമല്ല പരിഗണിക്കേണ്ടത്. മറിച്ച് ദീര്‍ഘകാല അടിസ്ഥാനത്തില്‍ വായ്പയ്ക്ക് മേല്‍ മൊത്തം എത്ര തുക തിരിച്ചടയ്‌ക്കേണ്ടി വരും എന്നത് കൂടിയാണ്.

കാര്‍ വിലയുടെ തൊണ്ണൂറു ശതമാനം വരെ വായ്പ ലഭ്യമാണ്. പൊതുമേഖലാ ബാങ്കുകളാണ് കുറഞ്ഞ നിരക്കില്‍ പലിശ നല്‍കുകയെന്നതില്‍ സംശയിക്കേണ്ടതില്ല. എന്നാല്‍, സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് പൊതുമേഖലാ ബാങ്കുകളില്‍ നിന്നുള്ള വായ്പയ്ക്ക് സങ്കീര്‍ണമായ നടപടി ക്രമങ്ങളും കാലതാമസവുമുണ്ടായേക്കാം. മറ്റൊരു വ്യക്തിയുടെ ജാമ്യവും ചിലപ്പോള്‍ ആവശ്യമായി വരുന്ന അവസരത്തിലാണ് ഉപഭോക്താക്കള്‍ സൗകാര്യ ബങ്കുകളിലെത്തുന്നത്.

വായ്പയെടുക്കുന്നതിന് മുന്‍പായി അവരവരുടെ ക്രെഡിറ്റ് റേറ്റിങ് എത്രയെന്ന് മനസ്സിലാക്കണം. ക്രെഡിറ്റ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ ഇന്ത്യ ലിമിറ്റഡ് ഓരോ വ്യക്തിയുടെയും കടബാധ്യത സംബന്ധിച്ചുള്ള വിവരങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. മറ്റേതെങ്കിലും വായ്പയ്ക്കുമേലുള്ള തിരിച്ചടവില്‍ പിഴവ് വരുത്തിയിട്ടുണ്ടെങ്കില്‍ ഉപഭോക്താവിന്റെ ക്രെഡിറ്റ് റേറ്റിങിനെ മോശമായി ബാധിക്കും. ഉപഭോക്താക്കളുടെ വിശ്വാസ്യത കണക്കാക്കാന്‍ ബാങ്കുകള്‍ ഇന്ന് ആശ്രയിക്കുന്നത് ക്രെഡിറ്റ് റേറ്റിങിനെയാണ്. അതായത് ക്രെഡിറ്റ് റേറ്റിങ്ങില്‍ പ്രശ്‌നങ്ങളില്ലെങ്കില്‍ ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍, എളുപ്പത്തില്‍ വായ്പ ലഭിക്കുമെന്നര്‍ത്ഥം.

കാലാവധിക്ക് മുമ്പ് തിരിച്ചടച്ചാല്‍ പിഴ?

നെറ്റി ചുളിക്കാന്‍ വരട്ടെ. പല ബാങ്കുകളും വായ്പാ കാലാവധിക്കു മുന്‍പുള്ള തിരിച്ചടവിന് പിഴ ഈടാക്കുന്നുണ്ട്. അതുകൊണ്ട് വായ്പയെടുത്തതിന് ശേഷം നിനച്ചിരിക്കാതെ ഏതെങ്കിലും തരത്തില്‍ വരുമാനമുണ്ടായാല്‍ ഉടന്‍ തന്നെ വായപ അടച്ചു തീര്‍ക്കാമെന്ന് വിചാരിക്കുമ്പോള്‍ മാത്രമായിരിക്കും ഇതിന് പിഴയൊടുക്കേണ്ടതുണ്ടെന്ന വസ്തുത മനസ്സിലാവുക. അതുകൊണ്ട് വായ്പയെടുക്കും മുന്‍പ് ഇതെല്ലാം വ്യക്തമാക്കുന്ന രേഖകള്‍ ശ്രദ്ധയോടെ വായിച്ചിരിക്കണം. ഇത്തരം കാര്യങ്ങള്‍ ബാങ്കുകളുടെ വെബ്‌സൈറ്റിലൂടെയും വായിച്ചറിയാം.

ഇം.എം.ഐ എത്ര നല്‍കേണ്ടി വരുമെന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. വായ്പാ തുകയുടെയും തിരിച്ചടവ് കാലാവധിയുടെയും അടിസ്ഥാനത്തില്‍ ഇ.എം.ഐ വ്യത്യാസപ്പെടാം.

ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍

കാര്‍ വാങ്ങിക്കഴിഞ്ഞാല്‍ ഇന്‍ഷുറന്‍സ് എടുക്കുകയാണ് അടുത്ത പടി. അതിനെന്താ ഒരുപാട് കമ്പനികള്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍ അവതരിപ്പിട്ടുണ്ടല്ലോ. അതിലേതെങ്കിലുമൊന്നെടുത്താല്‍ പോരെ എന്നു കരുതിയാല്‍ തെറ്റി. മിക്ക കാര്‍ ഡീലര്‍മാരുമായി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ടൈ അപ്പ് ഉണ്ടെങ്കിലും ഏറ്റവും ആദായകരമായ പദ്ധതികള്‍ അവതരിപ്പിച്ച കമ്പനികളുടെ പോളിസിയെടുക്കുകയാവും അഭികാമ്യം. ചില കമ്പനികള്‍ തുടക്കത്തില്‍ തുകയൊന്നും ഈടാക്കാതെ ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ട്. പ്രീമിയം തുക സംബന്ധിച്ചും മറ്റും വിശദമായി അന്വേഷിച്ചതിന് ശേഷമേ ഇന്‍ഷുറന്‍സ് ഏത് കമ്പനിയുടേത് വേണമെന്ന് തീരുമാനിക്കാവൂ.


വിലപേശാന്‍ മടിക്കേണ്ട

ചില്ലറ സാധനങ്ങള്‍ വാങ്ങുമ്പോള്‍ വില പേശാത്ത മലയാളികള്‍ വിരളമാണ്. ബാഗ് ആവട്ടെ, ചെരുപ്പാവട്ടെ ഏത് ഉത്പന്നങ്ങളും വാങ്ങിക്കഴിഞ്ഞാല്‍ പത്തോ ഇരുപതോ ശതമാനം വിലക്കുറച്ച് കിട്ടാന്‍ ശ്രമിക്കുന്നവരാണ് ഏറെയും. എന്നാല്‍, ഒരു കാര്‍ വാങ്ങുമ്പോള്‍ ഹോണ്ടയേയും ടയോട്ടയേയും പോലുള്ള വലിയ കമ്പനികളോട് എങ്ങനെ വിലപേശും? പലരും ഇങ്ങനെയാണ് ചിന്തിക്കാറ്. എന്നാല്‍, പല കാര്‍ കമ്പനികളും ഒരോ ബ്രാന്‍ഡുകളുടെ മേല്‍ പല ഓഫറുകളും നല്‍കാറുണ്ട്. ഇത് മനസ്സിലാക്കാന്‍ ഇന്റര്‍നെറ്റില്‍ അരമണിക്കൂര്‍ ചിലവാക്കിയാല്‍ മതിയാകും. ഈ ഓഫറുകള്‍ ഡീലര്‍മാരില്‍ നിന്നും ഈടാക്കാന്‍ മറക്കരുത്.

കാറിനോടൊപ്പം വാങ്ങുന്ന അക്‌സസറികളുടെ വില കുറച്ച് ലഭിക്കുന്നതിനും വാറന്റി കാലാവധി കൂടുതല്‍ ലഭിക്കുന്നതിനും ഇന്‍ഷുറന്‍സ് തുക സംബന്ധിച്ചും ഡീലര്‍മാരില്‍ നിന്നും ഇളവ് നേടിയെടുക്കാന്‍ ശ്രമിക്കണം.
by mathrubhoomi

No comments:

Post a Comment

എഴുതുക എനിക്കായി....