Kindle Wireless Reading Device, Wi-Fi, 6" Display, Graphite - Latest Generation
'അയ്യോ മൊബൈല്‍ എടുക്കാന്‍ മറന്നു' -പലപ്പോഴും നമ്മുടെ ചെവിയിലെത്താറുള്ള പല്ലവിയാണിത്. ഇക്കാലത്ത് ശരീരത്തിന്റെ ഒരവയവം പോലെ തന്നെ മൊബൈല്‍ ഫോണ്‍ മാറിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും, മൊബൈല്‍ ഫോണ്‍ സുരക്ഷിതമായി കൊണ്ടു നടക്കുകയെന്നത് പ്രശ്‌നം നന്നെയാണ്. പ്രത്യേകിച്ചും സ്ത്രീകളുടെ കാര്യത്തില്‍. സ്ത്രീകളുടെ വസ്ത്രങ്ങളുടെ പ്രത്യേകതയാണ് അതിന് കാരണം. പുരുഷന്‍മാരുടെ വസ്ത്രങ്ങള്‍ പോലെ പോക്കറ്റുകള്‍ സ്ത്രീകളുടെ വേഷവിധാനത്തില്‍ കാണാറില്ല. അതിനാല്‍ ബാഗ് കൈയില്‍ വേണം. ഈ തൊന്തരവ് ഒഴിവാക്കാന്‍ ലണ്ടന്‍ ആസ്ഥാനമായുള്ള ക്യൂട്ട്‌സര്‍ക്കീട്ട്എന്ന ഫാഷന്‍ ഡിസൈന്‍ കമ്പനി ഒരു പുതിയ ഉടുപ്പ് രംഗത്തെത്തിക്കുകയാണ്.
'എം-ഡ്രസ്' (മൊബൈല്‍ഫോണ്‍ ഡ്രസ്) എന്നു പേരിട്ടിട്ടുള്ള സ്‌റ്റൈലന്‍ സില്‍ക്ക് ഉടുപ്പാണ് കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. വെറുതെ ഒരു മൊബൈല്‍ ഫോണ്‍ ഉടുപ്പില്‍ തുന്നിച്ചേര്‍ത്തിരിക്കുകയാണെന്നു കരുതണ്ട. പ്രത്യേകം ഡിസൈന്‍ ചെയ്തിട്ടൂള്ള ഒരു സ്മാര്‍ട്ട് ഫോണ്‍ തന്നെയാണ് ഈ ഡ്രസ്സ്! വളരെ മൃദുവായ പ്രിന്റഡ് സര്‍ക്കീട്ട് ബോര്‍ഡുകളും അനുബന്ധ ഭാഗങ്ങളുമാണത്രേ എം-ഡ്രസ്സില്‍ ഉപയോഗിച്ചിരിക്കുന്നത്.
സാധാരണ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയും ഇതില്‍. ലേബലിനു താഴെയുള്ള ഒരു പഴുതിലാണ് സിം കാര്‍ഡ് നിക്ഷേപിക്കേണ്ടത്. ഫോണ്‍ എടുക്കുന്നതിനു പ്രത്യേക ബട്ടന്റെ ആവശ്യം ഇല്ല. വെറുതെ കൈ ചെവിയുടെ അടുത്തു കൊണ്ടുപോയാല്‍ മതി ഓട്ടൊമാറ്റിക് ആയിത്തന്നെ കണക്റ്റ് ആകും. കൈ താഴ്ത്തിയാല്‍ ഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്യും.
വളരെ എളുപ്പത്തില്‍ പ്രോഗ്രാം ചെയ്യാവുന്ന, ചലനങ്ങള്‍ക്കും ആംഗ്യങ്ങള്‍ക്കുമനുസരിച്ച് നിയന്ത്രിക്കാന്‍ കഴിയുന്ന പ്രത്യേക സോഫ്ട്‌വേറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഇതൊക്കെയാണെങ്കിലും എം-ഡ്രസ്സിനു ചില പോരായ്മകള്‍ ഉണ്ട്. കീപാഡും ഡിസ്‌പ്ലേയും ഇല്ല. അതിനാല്‍ ഇഷ്ടമുള്ള നമ്പര്‍ ഡയല്‍ ചെയ്യാനാകില്ല. പക്ഷേ മുന്‍പേ സംഭരിച്ചു വെച്ചിട്ടുള്ള ചുരുക്കം നമ്പരുകളില്‍ വിളിക്കാന്‍ സാധിക്കും. ഇന്‍കമിംഗ് കോളുകള്‍ സ്വീകരിക്കുന്നതിനു തടസ്സമൊന്നുമില്ല. ഡിസ്ല്‌പേ ഇല്ലെങ്കിലും നമ്പറുകള്‍ക്കനുസരിച്ച് റിംഗ്‌ടോണ്‍ സെറ്റു ചെയ്യാന്‍ കഴിയുന്നതു വഴി ആരാണു വിളിക്കുന്നതെന്നു മനസിലാക്കാും സാധിക്കും.
സാധാരണ ഫോണുകളുടെ തുടര്‍ച്ചയായ ഉപയോഗം തലയില്‍ റേഡിയേഷന്‍ ഏല്‍പ്പിക്കുക മൂലം ആരോഗ്യത്തിനു ഹാനികരമായേക്കാം എന്നു പറയപ്പെടുന്നില്ലേ. അതിനൊരു പ്രതിവിധിയായി എം-ഡ്രസ്സ് പറയപ്പെടുന്നു. അതിലെ വളരെ ചെറിയ ആന്റിന ഉടുപ്പിന്റെ താഴത്തെ അറ്റത്താണ് ഘടിപ്പിച്ചിരിക്കുന്നത്.
ക്യൂട്ട് സര്‍ക്കീട്ട് കമ്പനി ആദ്യമായല്ല ഇത്തരം വസ്ത്രങ്ങള്‍ പുറത്തിറക്കുന്നത്. 2006 ല്‍ അവതരിപ്പിച്ച 'ഹഗ് ഷര്‍ട്ടുകള്‍' ടൈം മാഗസിന്റെ ആ വര്‍ഷത്തെ ഏറ്റവും നല്ല കണ്ടുപിടുത്തത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു.
എം-ഡ്രസ് ആടുത്ത വര്‍ഷം വിപണിയില്‍ ലഭ്യമാകും എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ വിലയെപ്പറ്റി ഒരു സൂചനയും ലഭ്യമല്ല. എന്തായാലും ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വരും കാലങ്ങളില്‍ സാരി, ചുരിദാര്‍, ടീഷര്‍ട്ട് മൊബൈലുകള്‍ ഒക്കെ നമ്മുടെ നാട്ടിലും പ്രചാരത്തിലെത്തുമെന്ന് പ്രതീക്ഷിക്കാം.
No comments:
Post a Comment
എഴുതുക എനിക്കായി....