USE MOBILE PHONE .PLEASE FOLLOW THETIPS

മൊബൈല്‍ഫോണ്‍ ഇന്ന് ഒരാവശ്യമെന്നല്ല, ഒഴിവാക്കാനാവാത്ത ഒന്നായിത്തന്നെ മാറിക്കഴിഞ്ഞു. ഏതു വിദൂരതയിലേക്കു പോകുമ്പോഴും അടുപ്പവും ആശ്വാസവും ആത്മവിശ്വാസവും പകരുന്ന ഒരുപകരണമായി അത് മാറിക്കഴിഞ്ഞു. അതേസമയം തന്നെ ഏതൊരുപകരണത്തിന്റെയും കാര്യത്തിലെന്ന പോലെ മൊബൈല്‍ഫോണിന്റെ കാര്യത്തിലും പല തരത്തിലുള്ള ദുരുപയോഗങ്ങള്‍ നടക്കുന്നുണ്ട്. പ്രത്യേകിച്ച് കുട്ടികളുടെയും യുവാക്കളുടെയും കാര്യത്തില്‍. മൊബൈല്‍ഫോണ്‍മൂലമുള്ള സാംസ്‌കാരിക, സാമൂഹിക പ്രശ്‌നങ്ങള്‍ പോലെ തന്നെ പ്രധാനമാണ് അതു കൊണ്ടുണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങളും.

മൊബൈല്‍ഫോണുകളും മൊബൈല്‍ ടവറുകളും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റി വിവിധ രാജ്യങ്ങളിലായി ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇവ അനാരോഗ്യകരമാണെന്നും അല്ലെന്നുമൊക്കെ പല നിഗമനങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും സമര്‍ഥിക്കാന്‍ വേണ്ട മികച്ച തെളിവുകള്‍ ലഭിച്ചിട്ടില്ലാത്തതിനാല്‍ അവയില്‍നിന്നുള്ള പഠനങ്ങള്‍ ആധികാരികമായി പുറത്തുവന്നിട്ടില്ല. മൊബൈല്‍ഫോണ്‍ ടവറുകള്‍ വീടുകളുടെ മുറ്റത്തും കെട്ടിടങ്ങളുടെ മുകളിലുമൊക്കെ സ്ഥാപിക്കുമ്പോള്‍ അവയില്‍ നിന്നുണ്ടാകാവുന്ന വികിരണങ്ങള്‍ എന്തൊക്കെ പ്രശ്‌നങ്ങളാണുണ്ടാക്കുക എന്നതിനെക്കുറിച്ചും ഇപ്പോള്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പരിധിയിലധികം വികിരണങ്ങളുണ്ടാകുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുമെന്നും അതിനാല്‍ മൊബൈല്‍ഫോണ്‍ കമ്പനികള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത് അടുത്തിടെയാണല്ലോ! വളരെ ചെറിയ തോതിലുള്ള പ്രസരണങ്ങള്‍ പോലും ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. കെ.ആര്‍. രാമന്‍, രാജേഷ് ചോപ്ര എന്നിവര്‍ നടത്തിയ ഒരു പഠനത്തില്‍ വെളിപ്പെട്ട പല വിവരങ്ങളും ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

മൊബൈല്‍ ടവറിന്റെ റേഡിയേഷന്‍ 600 മൈക്രോവാട്ട്/മീറ്റര്‍ സ്‌ക്വയറില്‍ കൂടുതലായിരിക്കരുതെന്ന് ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ് നോണ്‍ അയഡൈസ്ഡ് റേഡിയേഷന്റെ ശുപാര്‍ശയില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഇത് പലപ്പോഴും 7620 മൈക്രോവാട്ടില്‍ കൂടുതലായിരിക്കാറുണ്ടെന്നതാണ് വസ്തുത. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ കവറേജും നല്ല തോതില്‍ സിഗ്‌നല്‍ റിസപ്ഷനും നല്‍കണമെങ്കില്‍ ഇത്തരത്തില്‍ വളരെ കൂടുതല്‍ റേഡിയേഷനുള്ള ടവറുകള്‍ വേണ്ടിവരുമെന്നാണ് മൊബൈല്‍ കമ്പനികള്‍ പറയുന്നത്.

പൊതുജനത്തിന്റെ ആരോഗ്യകാര്യങ്ങള്‍ പരിഗണിക്കുന്നതിനേക്കാള്‍, ഉപയോക്താക്കള്‍ക്ക് നല്ല കവറേജ് നല്‍കാനാണ് മൊബൈല്‍ കമ്പനികള്‍ ശ്രദ്ധിക്കുന്നത്. മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള നിലയിലേക്ക് റേഡിയേഷന്‍ ഒതുക്കിനിര്‍ത്തണമെങ്കില്‍ മൊബൈല്‍ കമ്പനികള്‍ വളരെയധികം ടവറുകള്‍ സ്ഥാപിക്കേണ്ടി വരും. കൂടുതല്‍ പ്രസരണമുള്ള ഒരു ടവര്‍ സ്ഥാപിച്ച് നാലു ടവറില്‍ നിന്നു ലഭിക്കുന്ന കവറേജ് ഉറപ്പാക്കുമ്പോള്‍ കമ്പനി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ കവറേജ് നല്‍കുകയും സ്വയം കൂടുതല്‍ ലാഭമുണ്ടാക്കുകയുമാണ് ചെയ്യുന്നത്.

അടുത്തിടെ പുറത്തുവന്ന ചില കണക്കുകളനുസരിച്ച് ആറു മുതല്‍ ഒന്‍പതു വയസ്സു വരെയുള്ള കുട്ടികളില്‍ 22 ശതമാനത്തോളം പേരും 10-14 പ്രായത്തിലുള്ളവരില്‍ 60 ശതമാനത്തോളം പേരും 15-18 പ്രായത്തിലുള്ള 84 ശതമാനം പേരും മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവരാണ്; സ്വന്തമായി ഫോണ്‍ ഉണ്ടായാലും ഇല്ലെങ്കിലും. മൊബൈല്‍ഫോണുകളും മൊബൈല്‍ ടവറുകളും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ ഇപ്പോഴും ഗവേഷണങ്ങള്‍ നടന്നുവരികയാണ്. ലോകമെമ്പാടും മൊബൈല്‍ഫോണ്‍ ഇത്രകണ്ട് വ്യാപകമായിട്ട് ഏതാനും വര്‍ഷങ്ങള്‍ ആയിട്ടേ ഉള്ളൂ എന്നതിനാല്‍ അതുകൊണ്ടുള്ള ദോഷങ്ങള്‍ പുറത്തുവരാന്‍ കാലമാകുന്നതേയുള്ളൂ.

എട്ടോ പത്തോ വര്‍ഷം ഈ റേഡിയേഷനുകള്‍ ഏല്‍ക്കുമ്പോള്‍ ശരീരാവയവങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളാണുണ്ടായത് എന്നറിയണമെങ്കില്‍ അത്തരം മാരക റേഡിയേഷനുകള്‍ ഏല്‍ക്കേണ്ടി വന്ന ഒരാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് പരിശോധിക്കുക തന്നെ വേണം. എലികളില്‍ ഇത്തരം റേഡിയേഷനുകള്‍ ഏല്പിച്ചു നടത്തിയ പല പഠനങ്ങളും ഗുരുതരമായ പ്രത്യാഘാതങ്ങളും കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ഫോണുകളുടെ ഇലനേക്ട്രാമാഗ്‌നറ്റിക് ഫീല്‍ഡ് മൈക്രോവേവ് പരിധിയിലായിരിക്കണം എന്നാണ് വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ റെഗുലേറ്റിങ് ഏജന്‍സികള്‍ നിഷ്‌കര്‍ഷിക്കുന്നത്. മൊബൈല്‍ഫോണിന്റെ ഔട്ട്പുട്ട് 1.6 വാട്ടിലധികമാകരുതെന്നാണ് ഇപ്പോഴുള്ള നിര്‍ദേശം.

തലച്ചോറിലെ ട്യൂമര്‍, തലവേദന, കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, വന്ധ്യത, ഇടുപ്പെല്ലിന്റെ തേയ്മാനം തുടങ്ങി ഒട്ടേറെ രോഗങ്ങളിലേക്കു നയിക്കാന്‍ ശേഷിയുള്ളതാണ് ഈ റേഡിയേഷനുകള്‍ എന്നാണ് വലിയൊരു വിഭാഗം ഗവേഷകരും വിശ്വസിക്കുന്നത്. മുതിര്‍ന്നവരേക്കാള്‍ ചെറിയ കുട്ടികളെയും വരുംതലമുറയെയുമാണ് ഇത്തരം അപകടങ്ങള്‍ കാത്തിരിക്കുന്നത്. അല്‍ഷൈമേഴ്‌സ് പോലുള്ള രോഗങ്ങളില്‍ മൊബൈല്‍ റേഡിയേഷനുകള്‍ ഒരാശ്വാസ തരംഗമായേക്കാം എന്നും വാര്‍ത്തകളുണ്ട്.

അല്‍ഷൈമേഴ്‌സ് രോഗികള്‍ക്ക് ആശ്വാസം ലഭിക്കണമെങ്കിലും ഈ തരംഗങ്ങള്‍ ശരീരത്തെ കാര്യമായി ബാധിക്കണമല്ലോ! മൊബൈല്‍ഫോണുകളില്‍നിന്നുള്ള തരംഗങ്ങള്‍ തലച്ചോറിലെ നിഷ്‌ക്രിയ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുമെന്നും അത് അല്‍ഷൈമേഴ്‌സ് പോലുള്ള രോഗങ്ങളില്‍നിന്ന് ആശ്വാസമേകുമെന്നുമാണ് നിഗമനം.

മൊബൈല്‍ഫോണുകള്‍ നല്‍കുന്ന വലിയ സൗകര്യങ്ങളും സേവനവും വിസ്മരിക്കാനോ അവ ഒഴിവാക്കാനോ നമുക്കു സാധ്യമല്ല. അതിന്റെ ആവശ്യവുമില്ല. എന്നാല്‍ അത് അനാരോഗ്യകരമായി മാറാതിരിക്കാന്‍ ചില കാര്യങ്ങളിലെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്. നമുക്ക് പ്രത്യേകം ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങള്‍ ഇവയാണ്:

1. അത്യാവശ്യങ്ങള്‍ക്കു മാത്രം മൊബൈല്‍ഫോണ്‍ ഉപയോഗിക്കുക
2. കൂടുതല്‍ സമയം സംസാരിക്കണമെന്നുണ്ടെങ്കില്‍ ലാന്‍ഡ് ഫോണ്‍
ഉപയോഗിക്കുക
3. മൊബൈല്‍ഫോണ്‍ ഷര്‍ട്ടിന്റെയോ പാന്റ്‌സിന്റെയോ പോക്കറ്റില്‍ ഇടുന്നതിനു പകരം ഹാന്‍ഡ് ബാഗിലോ മറ്റോ സൂക്ഷിക്കുക
4. ഗര്‍ഭകാലത്ത് മൊബൈല്‍ഫോണിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക
5. ദുര്‍ബലമായ സിഗ്‌നല്‍ ഉള്ളിടങ്ങളില്‍നിന്ന് സംസാരിക്കരുത്
6. വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ സംസാരം കഴിവതും ഒഴിവാക്കുക. വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ സിഗ്‌നല്‍ കിട്ടണമെങ്കില്‍ വളരെക്കൂടുതല്‍ റേഡിയേഷന്‍ ആവശ്യമായി വരും
7. ഉറങ്ങുമ്പോള്‍ കിടക്കയുടെയോ തലയിണയുടെയോ അടിയില്‍ മൊബൈല്‍ഫോണ്‍ സൂക്ഷിക്കരുത്. വീട്ടില്‍ അലാം വെക്കാനായി മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക
8. കുട്ടികള്‍ ഉറങ്ങുന്ന മുറിയില്‍ മൊബൈല്‍ഫോണ്‍ വെക്കരുത്
9. സ്‌കൂള്‍ കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ നല്‍കരുത്.

No comments:

Post a Comment

എഴുതുക എനിക്കായി....