ഫ്ത്തലേറ്റ്‌സ് ഗുരുതരരോഗങ്ങള്‍

sankar-edakurussi
കുട്ടികളെ മാത്രമല്ല രക്ഷിതാക്കളെയും ആകര്‍ഷിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന 'അത്ഭുത കളിപ്പാട്ട'ങ്ങള്‍ വിപണിയില്‍ സുലഭമാണ്. എന്നാല്‍ ഇവ വാങ്ങി കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കുമ്പോള്‍ രണ്ടുവട്ടം ആലോചിക്കണം. കാരണം ഇവ ചിലപ്പോള്‍ കുട്ടികളുടെ തലച്ചോറിനെ തകര്‍ക്കുന്ന കാഡ്മിയത്തിന്റെ അതിപ്രസരമുള്ളവയാവാം.

ചൈനീസ് കളിപ്പാട്ടങ്ങള്‍ക്കെതിരെ ഇന്ത്യ വിലക്കേര്‍പ്പെടുത്തിയതും അതിനെ ചൈന അന്താരാഷ്ട്രവേദികളില്‍ ചോദ്യം ചെയ്യുന്നതും തുടര്‍ന്നു കൊണ്ടിരിക്കുകയാണെങ്കിലും ചൈനീസ് കളിപ്പാട്ടങ്ങള്‍ കേരളത്തില്‍ സുലഭമാണ്. ഇവയില്‍ അനുവദനീയമായതിലും പതിന്മടങ്ങ് ഇരട്ടിയിലാണ് ലെഡും കാഡ്മിയവും അടങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളുടെ ബുദ്ധിവികാസത്തെയും തലച്ചോറിന്റെ വളര്‍ച്ചയെയും തടയുന്ന രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്ന ലെഡും കാഡ്മിയവുമടങ്ങുന്ന കളിപ്പാട്ടങ്ങളാണ് ചൈനയില്‍ നിന്നെത്തുന്നത് എന്ന പഠനറിപ്പോര്‍ട്ടാണ് കളിപ്പാട്ടങ്ങള്‍ ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്താന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്.

എന്നാല്‍ സംസ്ഥാനത്ത് ഉത്സവപ്പറമ്പുകളിലും, കടകളിലുമൊക്കെ ഇവ സുലഭമായി ലഭിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇത്തരം കളിപ്പാട്ടങ്ങള്‍ക്കായുള്ള ഗോഡൗണുകളുള്ളത് എറണാകുളം, കോഴിക്കോട് ജില്ലകളിലാണ്.കളിപ്പാട്ടങ്ങളില് ‍ മാത്രമല്ല ചൈനയില്‍ നിന്നിറക്കുമതി ചെയ്യുന്ന ആഭരണങ്ങളിലും മാരകമായ വിഷവസ്തുക്കളാണുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. ഇത്തരം ആഭരണങ്ങള്‍ അമേരിക്ക നിരോധിച്ചിട്ടുണ്ട്. 'വൈറ്റ് ഗോള്‍ഡ്' എന്ന പേരിലൊക്കെ ധാരാളമായി ലഭിക്കുന്ന വിലകുറഞ്ഞ ആഭരണങ്ങള്‍ വന്‍ അപകടങ്ങളാണ് വരുത്തിവയ്ക്കുന്നത്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എണ്‍വയണ്‍മെന്റിന്റെ പഠനം വ്യക്തമാക്കുന്നത് ചൈനീസ് കളിപ്പാട്ടങ്ങളിലും ആഭരണങ്ങളിലും ആസ്ത്മയും മറ്റു ശ്വാസകോശ രോഗങ്ങളും ലൈംഗികരോഗങ്ങളുമുണ്ടാക്കാന്‍ സാധിക്കുന്ന വിഷാംശമുണ്ടെന്നാണ്.

പ്ലാസ്റ്റിക്കിനെ മാര്‍ദ്ദവമുള്ളതാക്കാന്‍ ഉപയോഗിക്കുന്ന ഫ്ത്തലേറ്റ്‌സ് ചൈനീസ് കളിപ്പാട്ടങ്ങളില്‍ അപകടകരമാംവിധം കൂടുതലാണെന്നാണ് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലുള്ളത്. ചെലവു കുറച്ച് വിവിധ ഉല്‍ പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന ഫ്ത്തലേറ്റ്‌സ് ആണ് ഗുരുതരരോഗങ്ങള്‍ ഉണ്ടാക്കുന്നതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്ന് സി.എസ്.ഇ ഡയറക്ടര്‍ സുനിതാ നാരായണന്‍ വ്യക്തമാക്കുന്നു.

No comments:

Post a Comment

എഴുതുക എനിക്കായി....