കണ്ണിന് വ്യായാമം

sankar-edakurussi
ആരോഗ്യ സംരക്ഷണത്തില്‍ മറ്റേതൊരു അവയവത്തെക്കാളും സുപ്രധാനമാണ് നേത്രപരിചരണം. കമ്പ്യൂട്ടറും മറ്റും വ്യാപകമായതോടെ ഏറ്റവുമധികം പേര്‍ അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ്'ഡ്രൈ ഐ'.
കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ ഒന്നാണ് കണ്ണുനീര്‍. കണ്ണിന് ഈര്‍പ്പവും രോഗങ്ങളില്‍ നിന്ന് പ്രതിരോധവും നല്‍കുന്നതിനൊപ്പം കണ്‍പോളകള്‍ക്കിടയില്‍ ലൂബ്രിക്കന്റായും ഇത് പ്രവര്‍ത്തിക്കുന്നു. കാഴ്ച ആയാസരഹിതമാക്കുന്നതിനൊപ്പം കണ്ണുകള്‍ക്ക് ആരോഗ്യം പ്രദാനം ചെയ്യുന്ന ഘടകവും കണ്ണുനീരാണ്. ചിലരുടെ കണ്ണുകളില്‍ ആവശ്യത്തിന് കണ്ണുനീര്‍ ഉത്പാദിപ്പിക്കുന്നില്ല. ചിലര്‍ക്കാകട്ടെ കണ്ണുനീര്‍ പെട്ടെന്ന് ബാഷ്പീകരിച്ചു പോകുന്നു. ഇത്തരം അവസ്ഥയെയാണ് 'ഡ്രൈ ഐ' എന്നു പറയുന്നത്.
കാരണങ്ങള്‍
പ്രായം കൂടുന്നതിനനുസരിച്ച് സ്വാഭാവികമായി ഉണ്ടാകാം.
ചില ഔഷധങ്ങളുടെ പാര്‍ശ്വഫലങ്ങള്‍ ആകാം.
വരണ്ടതും പൊടിപിടിച്ചതും ശക്തമായ കാറ്റടിക്കുന്നതുമായ അന്തരീക്ഷം അല്ലെങ്കില്‍, എയര്‍കണ്ടീഷന്‍, കണ്ണുനീര്‍ത്തുള്ളിയുടെ അമിതമായ ബാഷ്പീകരണം എന്നിവയെല്ലാം ഡ്രൈ ഐക്ക് കാരണമാകാം.
ദീര്‍ഘനാളത്തെ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗം.
കമ്പ്യൂട്ടറിലേക്ക് അല്ലെങ്കില്‍, വീഡിയോ സ്‌ക്രീനിലേക്ക് തുടര്‍ച്ചയായി ഇമവെട്ടാതെ നോക്കിയിരിക്കുക.
കണ്‍പോളകള്‍ക്ക് മുകളില്‍ അല്ലെങ്കില്‍ ചുറ്റുമുള്ള ത്വക്‌രോഗങ്ങള്‍.
കണ്‍പോളകളിലുള്ള ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങള്‍.
പ്രതിരോധശക്തിക്ക് വരുന്ന വ്യതിയാനം.
കണ്‍ജക്ടീവ സ്ഥിരമായി നീര് വന്ന്‌വീര്‍ക്കുക, കണ്‍പോളകള്‍ മുതല്‍ കണ്ണിന്റെ മുന്‍ഭാഗം വരെ കാണുന്ന കണ്ണിന്റെ പാളിക്ക് വരുന്ന രോഗങ്ങള്‍ അല്ലെങ്കില്‍ കണ്ണുനീര്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിക്ക് വരുന്ന രോഗങ്ങള്‍.
കണ്ണില്‍ ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടുക.
കണ്ണില്‍ സദാ കരട് ഉള്ളതുപോലെ തോന്നുക.
വേദനയും കണ്ണുചുവക്കലും.
മ്യൂക്കസ് എന്ന ദ്രാവകം പുറന്തള്ളുക.
മങ്ങിയ കാഴ്ച.
എങ്ങനെ മനസ്സിലാക്കാം
കണ്‍പോളകളെ 20 സെക്കന്‍ഡ് നേരത്തേക്ക് പൂര്‍ണമായി വിടര്‍ത്തുക, കണ്ണില്‍ പുകച്ചില്‍ അല്ലെങ്കില്‍ വരണ്ട അവസ്ഥ അനുഭവപ്പെടുകയാണെങ്കില്‍ ഡ്രൈ ഐ ഉണ്ടെന്ന് മനസ്സിലാക്കാം. ഡ്രൈ ഐ കണ്ടുപിടിക്കാന്‍ വിവിധതരം ടെസ്റ്റുകള്‍ ഉണ്ട്. ഇത് ഡോക്ടറെ കണ്ട് ഡോക്ടറുടെ നിര്‍ദേശാനുസരണം ചെയ്യണം.
ശ്രദ്ധിക്കേണ്ടവ
കണ്ണ് ചിമ്മുന്ന വ്യായാമങ്ങള്‍ ചെയ്യുക.
കണ്‍പോളകള്‍ ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകുക.
വശങ്ങളില്‍ കവറുള്ള ഗ്ലാസുകള്‍ ധരിക്കുക വഴി കണ്ണിലെ അമിതമായ ബാഷ്പീകരണം തടയാം.
പുക, പൊടി എന്നിവ ഒഴിവാക്കുക.
ധാരാളം വെള്ളം കുടിക്കുക.
പുകവലി, മദ്യപാനം ഉപേക്ഷിക്കുക.
കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ കണ്‍നിരപ്പിനേക്കാള്‍ താഴ്ത്തിവെക്കുക.
ദീര്‍ഘസമയം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഇടയ്ക്ക് കണ്ണ് ചിമ്മുകയും കണ്ണിന് വ്യായാമം നല്‍കുകയും വേണം. ഇടയ്ക്കിടയ്ക്ക് സ്‌ക്രീനില്‍ നിന്ന് കണ്ണെടുത്ത് ദൂരേക്ക് നോക്കുന്നതും നന്നായിരിക്കും. എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കാതിരിക്കുക.

No comments:

Post a Comment

എഴുതുക എനിക്കായി....