സ്‌ത്രീകളിലെ പ്രമേഹവും ഗര്‍ഭകാല സംരക്ഷണവും

sankar-edakurussi

പ്രമേഹമുള്ളവര്‍ വിവാഹം കഴിക്കുന്നതിനെ കുറിച്ചുള്ള ആശങ്കകള്‍ പണ്ടുകാലം മുതലേ നിലനില്‍ക്കുന്നു. വിവാഹത്തിനു ജാതകപൊരുത്തം നോക്കുന്നതുപോലെ . രോഗങ്ങളുടെ ചരിത്രവും മാറിക്കഴിഞ്ഞു.
പ്രമേഹമുള്ളവര്‍ വിവാഹത്തിനു മുമ്പു പരസ്‌പരം രോഗത്തെക്കുറിച്ചു തുറന്നു പറയുന്നതാകും നല്ലത്‌. മക്കളുടെ വിവാഹം നടക്കാന്‍ അസുഖ വിവരങ്ങള്‍ മറച്ചുവയ്‌ക്കുന്ന മാതാപിതാക്കള്‍ നിരവധിയാണ്‌.
പ്രമേഹ രോഗത്തിനു പാരമ്പര്യവുമായി ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്‌. മാതാപിതാക്കള്‍ രണ്ടുപേരും പ്രമേഹരോഗികളാണെങ്കില്‍ മക്കള്‍ക്കു രോഗം വരാന്‍ സാധ്യത കൂടുതലാണ്‌. എന്നാല്‍, എല്ലാ മാതാപിതാക്കളുടെ കാര്യത്തിലും ഇങ്ങനെ ആയിക്കൊള്ളണമെന്നില്ല. ആര്‍ക്കെങ്കിലും ഒരാള്‍ക്കു മാത്രം പ്രമേഹമുണ്ടെങ്കിലും മക്കള്‍ക്കു പ്രമേഹ സാധ്യതയുണ്ട്‌. അടുത്ത ബന്ധുക്കള്‍ തമ്മില്‍ വിവാഹിതരാകുമ്പോള്‍ ജനിക്കുന്ന കുട്ടികള്‍ക്കും രോഗ സാധ്യത കൂടുതലാണ്‌.
പാരമ്പര്യത്തിന്റെ പ്രധാന ഘടകമായ ജീനുകളാണു പ്രമേഹത്തിന്റെ വാഹകര്‍. പാമ്പര്യമായ രോഗസാധ്യതയോടൊപ്പം മറ്റുചില അനുകൂല ഘടകങ്ങളും കൂടിച്ചേരുമ്പോഴാണു രോഗം സങ്കീര്‍ണമാകുന്നത്‌. പ്രമേഹമുണ്ടെന്നതു മറച്ചുവച്ചു വിവാഹം കഴിക്കുന്നവര്‍ പങ്കാളിയുടെ മുന്നില്‍ ഇന്‍സുലിന്‍ എടുക്കുന്നതും ഗുളികകള്‍ കഴിക്കുന്നതും ചിലപ്പോള്‍ ചികിത്സ ചെയ്യാതിരിക്കാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്യും. ഇതു ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കു നയിക്കും. കൂടാതെ വിവാഹത്തെ തുടര്‍ന്നുള്ള സല്‍ക്കാരങ്ങളും കൂടിയാകുമ്പോള്‍ ഭക്ഷണനിയന്ത്രണം താളം തെറ്റി രോഗം മൂര്‍ഛിച്ച്‌ ആശുപത്രിയിലാകുന്നു. തുടര്‍ന്ന്‌ ഇതു വിവാഹമോചനത്തിലോ തീരാത്ത ദാമ്പത്യ വഴക്കിലോ എത്തിനില്‍ക്കുന്നു. അതുകൊണ്ടുതന്നെ പരസ്‌പരം രോഗവിവരങ്ങള്‍ ധരിപ്പിച്ചുകൊണ്ടുള്ള വിവാഹമായിരിക്കും ഉത്തമം. പരസ്‌പരം രോഗവിവരമറിയുന്നതുകൊണ്ടു തന്നെ ഭക്ഷണകാര്യത്തിലും മരുന്നു കഴിക്കുന്നതിലും പങ്കാളിയുടെ ശ്രദ്ധ പതിയുന്നു. ഇതു സാധാരണ ജീവിതം നയിക്കാന്‍ സഹായിക്കുകയും ഭാവി തലമുറയെ പ്രമേഹത്തിന്റെ പിടിയില്‍ നിന്നു രക്ഷിക്കുന്നതിനും ഒരു പരിധിവരെ സഹായിക്കുന്നു.
കുടുംബജീവിതത്തില്‍ ശ്രദ്ധിക്കാന്‍
വിവാഹിതരാകുന്നതിനു മുമ്പു രോഗത്തെ കുറിച്ചു തുറന്നുപറയുന്നതു പരസ്‌പരം പൊരുത്തപ്പെട്ടു ജീവിക്കാന്‍ സഹായിക്കും. പ്രമേഹം ഒരു ശാരീരിക അവസ്‌ഥയാണെന്ന്‌ ആദ്യം തന്നെ ദമ്പതികള്‍ മനസിലാക്കുക. അതനുസരിച്ചു ജീവിതം ക്രമപ്പെടുത്താം. കൃത്യസമയത്തു മരുന്നു കഴിക്കുന്നതിലും ചെക്കപ്പ്‌ നടത്തുന്നതിനും പങ്കാളിതന്നെ മുന്‍കൈയെടുക്കണം. ഇതു രോഗിയുടെ ആത്മവിശ്വാസം കൂട്ടുകയും തന്നെ ശ്രദ്ധിക്കാന്‍ ഒരാളുണ്ടെന്ന തോന്നലുണ്ടാക്കുകയും ചെയ്യും. ഈ തോന്നല്‍ പുറത്തു പോയാലും ഭക്ഷണ ചിട്ടകള്‍ പാലിക്കാന്‍ നിര്‍ബന്ധിതരാക്കും. സാധാരണ വ്യക്‌തിയുടെ ജീവിതത്തില്‍ നിന്ന്‌ ഒട്ടും വ്യത്യസ്‌തമല്ല പ്രമേഹ രോഗികളുടെ ജീവിതമെന്നറിയുക. ക്രമമായ ഭക്ഷണവും വ്യായാമവും കൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്കും ജീവിതം പ്രശ്‌നങ്ങളിതെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും.
സ്‌ത്രീകളിലെ പ്രമേഹവും ഗര്‍ഭകാല സംരക്ഷണവും
പ്രമേഹരോഗി ഗര്‍ഭിണിയാകുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധിയാണ്‌. ഗര്‍ഭകാലത്തുണ്ടാകുന്ന പ്രമേഹം കുഞ്ഞിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചെന്നിരിക്കും. അതിനാല്‍ കൃത്യമായ പരിചരണം ആവശ്യമാണ്‌. ഗര്‍ഭിണിയായിരിക്കുന്ന സമയത്തു രക്‌തത്തില്‍ പഞ്ചസാരയുടെ അളവു കൂടുതലായിരിക്കുന്ന സ്‌ത്രീകളില്‍ പ്രസവസമയത്തു സങ്കീര്‍ണതകളുണ്ടാകും. ഇത്തരക്കാരില്‍ ശസ്‌ത്രക്രിയ വേണ്ടിവരുന്നു. ഗര്‍ഭകാലത്തു മാത്രം കണ്ടുവരുന്ന പ്രമേഹം. തുടര്‍ന്നുള്ള കാലങ്ങളില്‍ നിലനില്‍ക്കുന്നതല്ല. ഗര്‍ഭകാലത്ത്‌ ഇന്‍സുലിന്‍ കൂടുതല്‍ വേണ്ടിവരുന്നു. ഇത്‌ ഉല്‍പാദിപ്പിക്കാന്‍ പാന്‍ക്രിയാസ്‌ ഗ്രന്ഥിക്കു കഴിയാതെ വരുമ്പോഴാണു ഗര്‍ഭാവസ്‌ഥയില്‍ പ്രമേഹം ഉണ്ടാകുന്നത്‌. ഇവര്‍ വളരെ നാളുകള്‍ക്കു ശേഷം പ്രമേഹം വരാനുള്ള സാധ്യതയുണ്ട്‌. അതുകൊണ്ട്‌ ഇടയ്‌ക്കിടയ്‌ക്കു പരിശോധന നടത്തുന്നതു നല്ലതാണ്‌. പ്രമേഹമില്ലാത്തവരും ഗര്‍ഭധാരണത്തിനു മുമ്പു രക്‌തം പരിശോധിച്ചു പ്രമേഹം ഇല്ലെന്ന്‌ ഉറപ്പുവരുത്തേണ്ടതാണ്‌. ആദ്യ ആറ്‌ ആഴ്‌ചകളില്‍ ഗര്‍ഭസ്‌ഥശിശുവില്‍ പ്രധാന അവയവങ്ങളുടെ രൂപീകരണം നടക്കുന്നു. ഈ സമയം പ്രമേഹം അധികരിക്കുന്നതു കുഞ്ഞിനു ദോഷം ചെയ്യും.
ഗര്‍ഭസമയത്ത്‌ ആവശ്യത്തിന്‌ ഇന്‍സുലിന്‍ ലഭിക്കാതെ വരുമ്പോള്‍ ശരീരം ശേഖരിച്ചു വച്ചിരിക്കുന്ന കൊഴുപ്പിലൂടെ ഊര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ ശ്രമിക്കും. ഇതു ഗര്‍ഭിണിക്കും ശിശുവിനും അപകടകരമായ കിറ്റോ അസിഡോസിനു കാരണമാകുന്നു. ഇതുമൂലം ബോധക്കേടും മരണവും വരെ സംഭവിക്കാം. പ്രമേഹരോഗികളായ സ്‌ത്രീകള്‍ ഗര്‍ഭിണികളാകുമ്പോള്‍ ഗുളികകള്‍ക്കു പകരം ഇന്‍സുലിനാണ്‌ ഉപയോഗിക്കേണ്ടത്‌. കുത്തിവയ്‌ക്കേണ്ട ഇസുലിന്റെ അളവു വര്‍ധിപ്പിക്കേണ്ടതായും വരുന്നു. പ്രസവത്തിനു ശേഷം ഇവര്‍ക്കു ഗുളികയിലേക്കു തന്നെ തിരിച്ചുവരാം. പ്രമേഹമുള്ള സ്‌ത്രീകള്‍ക്കു മൂത്രാശയ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്‌. പനി, മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ കണ്ടാല്‍ ഉടനെ ഡോക്‌ടറെ കാണേണ്ടതാണ്‌.
ഗര്‍ഭാവസ്‌ഥയിലെ ഭക്ഷണക്രമീകരണം
മറ്റു ഗര്‍ഭിണികളെപ്പോലെ തന്നെ പ്രമേഹരോഗികള്‍ക്കും ശരിയായ അളവില്‍ പോഷകഘടകങ്ങള്‍ അടങ്ങിയ ഭക്ഷണം ആവശ്യമാണ്‌. ഗര്‍ഭകാലത്തു തൂക്കത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ രക്‌തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകളെ കാണിക്കുന്നു. ഗര്‍ഭിണികള്‍ പോഷക സമൃദ്ധമായ ആഹാരം കഴിക്കുന്നതു കുട്ടിയുടെ ശാരീരിക മാനസിക വളര്‍ച്ചയെ ക്രമപ്പെടുത്താന്‍ സഹായിക്കും. ശരിയായ ഭക്ഷണക്രമം പാലിക്കാത്തവര്‍ക്കുണ്ടാകുന്ന കുട്ടികളില്‍ തൂക്കക്കുറവു കണ്ടുവരുന്നു. ആഴ്‌ചയിലൊരിക്കല്‍ തൂക്കം നോക്കുന്നതും നന്നായിരിക്കും.
മധുരാംശം അധികം അടങ്ങിയതും ധാരാളം കൊഴുപ്പടങ്ങിയതും എണ്ണയില്‍ വറുത്തതുമായ ഭക്ഷണം ഒഴിവാക്കുക. പച്ചക്കറികളും തവിടു കളയാത്ത ധാന്യങ്ങളും ധാരാളം ഉപയോഗിക്കുക, മൂത്രം ധാരാളം ശ്രവിപ്പിക്കുന്നതും മേദസ്‌ വര്‍ധിപ്പിക്കാത്തതുമായ ആഹാരപദാര്‍ഥങ്ങള്‍ ഉപയോഗിക്കുക. ഇന്‍സുലിന്‍ ഡോക്‌ടര്‍ നിര്‍ദേശിച്ച അളവില്‍ എടുക്കുക. തൊലി കളയാത്ത പയറിനങ്ങള്‍, പാല്‍, മത്സ്യം, മുട്ട, കോഴിയിറച്ചി തുടങ്ങിയവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ജീവകങ്ങളും ധാതുലവണങ്ങളും പ്രത്യേകിച്ച്‌ കാല്‍സ്യം, ഇരുമ്പ്‌ തുടങ്ങിയവ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. നാരുകള്‍ അടങ്ങിയ ഭക്ഷണം രക്‌തത്തില്‍ പഞ്ചസാരയുടെ അളവു ദീര്‍ഘിപ്പിക്കാന്‍ സഹായിക്കും. പച്ചക്കറികളും പഴവര്‍ഗങ്ങളും മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും. 
 
thanks mathrubhumi

No comments:

Post a Comment

എഴുതുക എനിക്കായി....