താരനു മരുന്നുകള്‍ പറയാറുണ്ട്. എന്നാല്‍,

sankar-edakurussi
താരന്‍ എന്ന തീരാശല്യത്തിനെതിരെ
എല്ലാ ചികില്‍സാ ശാഖകളും താരനു
മരുന്നുകള്‍ പറയാറുണ്ട്. എന്നാല്‍, എല്ലാ
ആളുകള്‍ക്കും ഒന്നു പോലെ പ്രയോജനപ്പെടുന്ന മരുന്നുകളൊന്നും തന്നെയില്ല എന്നതാണു വസ്തുത.


കഷണ്ടി ഉത്തമ പുരുഷന്റെ ലക്ഷണമായിരുന്നു മുമ്പ്. മധ്യവയസ്സിലെത്തി എന്നതിന്റെ മുഖ്യലക്ഷണമായിരുന്നു മുമ്പ് കഷണ്ടി. എന്നാലിപ്പോള്‍ 25 വയസ്സു കഴിയുന്നതോടെ കഷണ്ടി കയറാന്‍ തുടങ്ങും. ആഗോളതാപനവും അന്തരീക്ഷമലിനീകരണവും മുതല്‍ നൂറുനൂറു കാരണങ്ങളുണ്ട് ഈ കഷണ്ടിക്കും അകാല നരയ്ക്കും പിന്നില്‍. എങ്കിലും അക്കൂട്ടത്തില്‍ ഏറ്റവും പ്രധാന വില്ലന്റെ റോളിലുള്ളത് താരന്‍ എന്ന നേരിയഇനം പൂപ്പലു(ഫംഗസു)കളാണ്. കൗമാരയൗവനകാലങ്ങലിലുണ്ടാകുന്ന മുടികൊഴിച്ചിലിന്റെ മുഖ്യ കാരണങ്ങളിലൊന്ന് താരന്‍ തന്നെ.

തലയോട്ടിയിലെ ചര്‍മത്തില്‍ വെളുത്ത പൊടി പോലെ പറ്റിപ്പിടിച്ചു കാണുന്ന ഒരിനം പൂപ്പലാണ് താരന്‍ അഥവാ ഡാന്‍ഡ്രഫ്. താരന്റെ ശല്യമില്ലാത്തയാളുകള്‍ കുറവാണെന്നു പറയാം. അത്രയ്ക്കു വ്യാപകമാണത്. താരന്റെ ശാസ്ത്രീയ നാമം പിറ്റിറിയാസിസ് കാപ്പിറ്റിസ് എന്നാണ്. മലസ്സീസ്സിയ ഫര്‍ഫര്‍അഥവാ പിറ്റിറോസ്‌പോറം എന്നയിനം ഫംഗസാണ് താരന്റെ മുഖ്യകാരണം. ഏതാണ്ട് 14-15 വയസ്സുമുതലാണ് താരന്റെ ആക്രമണം തുടങ്ങുക. 17-18 വയസ്സാകുമ്പോഴേക്ക് അതു ശക്തി പ്രാപിക്കും. 45- 50 വയസ്സു വരെയാണ് താരന്റെ ഉപദ്രവം രൂക്ഷമായിക്കാണുന്നത്.കുട്ടികളിലും മുതിര്‍ന്നവരിലും താരന്റെ ശല്യം പൊതുവേ കുറവാണ്. അവര്‍ക്കു വരില്ലെന്നല്ല.

യുവാക്കളിലുംമധ്യവയസ്‌കരിലും കാണുന്നത്ര വ്യാപകമല്ല എന്നു മാത്രം. ചുരുക്കമായി നവജാതശിശുക്കളില്‍ ഇതു കാണാറുണ്ട്.
പ്രധാനമായും രണ്ടു തരത്തിലാണ് താരന്‍ കാണുന്നത്. എണ്ണമയമുള്ള താരന്‍ അഥവാ ഗ്രീസി ഡാന്‍ഡ്രഫ്, വരണ്ടതാരന്‍ അഥവാ ഡ്രൈ ഡാന്‍ഡ്രഫ് എന്നിവയാണവ. ചെറിയ തോതിലേ ഉള്ളൂവെങ്കില്‍ താരന്‍ അത്ര വലിയൊരു ശല്യക്കാരനൊന്നുമല്ല. അതിനെ നമുക്ക് മൈന്റു ചെയ്യാതെ വിട്ടുകളയാം എന്നാല്‍ താരന്‍ വളര്‍ന്നു പെരുകുന്നതോടെ പലതരത്തിലുള്ള അസ്വസ്ഥതകള്‍ തലപൊക്കാന്‍ തുടങ്ങും. മുഖ്യമായും ചൊറിച്ചിലാണ് പ്രശ്‌നം. സമയവും സന്ദര്‍ഭവും നോക്കാതെ സദാ തല ചൊറിഞ്ഞു കൊണ്ടേയിരിക്കേണ്ടി വരാറുണ്ട് പലര്‍ക്കും. ചൊറിച്ചില്‍ കൂടുന്നതോടെ മുടികൊഴിച്ചിലും തുടങ്ങും. താരന്റെ ശല്യം പൂര്‍ണമായി ഒഴിവാക്കാന്‍ അത്രയെളുപ്പമല്ല. തികഞ്ഞ ശ്രദ്ധയും ചിട്ടകളും അതിനാവശ്യമാണ്.

താരനുള്ളയാളുമായി അടുത്ത സമ്പര്‍ക്കത്തില്‍ കഴിയുന്നത് ഫംഗസ് പകരാന്‍ കാരണമാകും. താരനുള്ളയാള്‍ ഉപയോഗിച്ച ടവലോ തുവര്‍ത്തോ കൊണ്ട് തല തുവര്‍ത്തുക, താരനുള്ളയാള്‍ മുടി ചീകിയ ചീപ്പ് ഉപയോഗിക്കുക തുടങ്ങിയവയൊക്കെ അതു പകരാന്‍ ഇടയാക്കും. വിറ്റാമിന്‍ ബി കോംപ്ലക്‌സിന്റെ കുറവ്, പൊണ്ണത്തടി, മദ്യപാനം, പാര്‍ക്കിന്‍സണിസം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടും താരന്‍ പെരുകാം. താരനുണ്ടാകുന്നതിനും അതു പെരുകുന്നതിനുമുള്ള മുഖ്യകാരണങ്ങളിലൊന്നാണ് മാനസികസമ്മര്‍ദം. മാനസികപ്രശ്‌നങ്ങള്‍ക്കു കഴിക്കുന്ന ചില മരുന്നുകളും താരനുണ്ടാക്കുന്നവയാണ്. രക്താതിമര്‍ദത്തിനുപയോഗിക്കുന്ന ക്ലോര്‍പ്രോമെസിന്‍, അസിഡിറ്റിക്കു കഴിക്കുന്ന സിമെറ്റിഡിന്‍ തുടങ്ങിയ മരുന്നുകളും താരനുണ്ടാക്കിയെന്നു വരാം.

താരന്‍ കൂടുന്നത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. കുട്ടികളില്‍ താരന്‍ കൂടുതലായി കാണുന്നുവെങ്കില്‍ അവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ശ്വാസ കോശ രോഗങ്ങളുണ്ടോ എന്നു പരിശോധിക്കുന്നതു നന്നായിരിക്കും. താരനും ആസ്ത്മയും തമ്മില്‍ ചില ബന്ധങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

എല്ലാ ചികില്‍സാശാഖകളും താരനു മരുന്നുകള്‍ പറയാറുണ്ട്. എന്നാല്‍, എല്ലാ ആളുകള്‍ക്കും ഒന്നു പോലെ പ്രയോജനപ്പെടുന്ന മരുന്നുകളൊന്നും തന്നെയില്ല എന്നതാണു വസ്തുത.ചിലര്‍ക്ക ഹോമിയോക്കാരുടെ എണ്ണ പുരട്ടിയാല്‍ ദിവസങ്ങള്‍ക്കകം തന്നെ ഫലം കിട്ടിയെന്നു വരും. ചിലര്‍ക്ക് അതു കൊണ്ട് ഒരു പ്രയോജനം കിട്ടിയില്ലെന്നും വരും.

*കുളിക്കുമ്പോള്‍ ആദ്യം തല നനയ്ക്കണമെന്നാണ് ആയുര്‍വേദ വിധി.ആദ്യം ശരീരം കഴുകി പിന്നീട് തല കഴുകുന്നത് മുടി കൊഴിച്ചിലിനും താരനും കാരണമാകാറുണ്ട്.

*കുറുന്തോട്ടിത്താളി,നെന്മേനിവാകപ്പൊടി,ചെമ്പരത്തിത്താളി തുടങ്ങിയവ ഉപയോഗിച്ച് മുടി കഴുകുന്നത് താരന്റെ ശല്യം കുറയ്ക്കും.

*നീലിഭൃംഗാദി,കയ്യുണ്യാദി, ചെമ്പരത്യാദി,ഭൃംഗാമലകാദി തുടങ്ങിയ എണ്ണകള്‍ ഉപയോഗിക്കുന്നത് താരനകറ്റാന്‍ സഹായിക്കും. എന്നാല്‍ ശരീരത്തിന്റെയും ചര്‍ത്തിന്റെയും പ്രകൃതത്തിനനുസരിച്ച് പറ്റിയ എണ്ണ തിരഞ്ഞെടുക്കണം. അതിനാല്‍ എണ്ണയുടെ കാര്യത്തില്‍ തീര്‍ച്ചയായും വൈദ്യനിര്‍ദേശം തേടണം.

*കീറ്റോകൊണസോള്‍, സിങ്ക് പൈറത്തിയോണ്‍ തുടങ്ങിയവ അടങ്ങിയ ഷാമ്പൂ ഉപയോഗിക്കുന്നത് താരന്‍ കുറയാന്‍ സഹായിച്ചേക്കും.

*ആദ്യം ആഴ്ചയില്‍ രണ്ടോ മൂന്നോ തവണഷാമ്പൂ ഉപയോഗിക്കാം. ക്രമേണ ആഴ്ചയിലൊന്ന്, മാസത്തില്‍ രണ്ട് എന്നിങ്ങനെ ഉപയോഗം കുറച്ചു കൊണ്ടു വരാം.

*സെലീനിയം സള്‍ഫൈഡ്, സാലിസിലിക് ആസിഡ്, കോള്‍ടാര്‍,ടെര്‍ബിനഫിന്‍ തുടങ്ങിയ മരുന്നുകള്‍ ത്വഗ്രോഗ വിദഗ്ധരുടെ നിര്‍ദേശാനുസരണം ഉപയോഗിക്കാം.

*കുളിക്കുന്നതിനു മുമ്പ് ഇളംചൂടോടെ അല്പം വെളിച്ചെണ്ണ തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുന്നത് താരന്റെ പൊടിയും പൊറ്റനും ഇളകിപ്പോകാന്‍ സഹായിക്കും.

*മാസത്തിലൊരിക്കല്‍ ഹെന്ന ചെയ്യുന്നത് താരന്‍ തടയാന്‍ നല്ലതാണ്.

*ചെറുനാരങ്ങ നീര് നല്ലൊരു ക്ലെന്‍സിങ് ഏജന്റാണ്. മാസത്തിലൊരിക്കല്‍ മുടിയില്‍ ചെറുനാരങ്ങനീരു തേയ്ക്കുന്നത് താരനൊഴിവാക്കാന്‍ സഹായിക്കും.


കടപ്പാട് : ഡോ.എം.പി.ഈശ്വരശര്‍മ,
ഡോ.നജീബാ റിയാസ്

by net

No comments:

Post a Comment

എഴുതുക എനിക്കായി....